International
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; കോംഗോയില്‍ നഴ്സ് കൊല്ലപ്പെട്ടു
കോംഗോയിലെ ബഫ്വാസെന്ഡെയിലാണ് ആക്രമണം നടന്നതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് എക്സില്‍ കുറിച്ചു
ബ്രസവില്ലെ | ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയില്‍ എബോള രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു നഴ്സ് കൊല്ലപ്പെട്ടു. മറ്റൊരു ആരോഗ്യപ്രവര്ത്തകന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ലോകാരോഗ്യ സംഘടന പുറത്തുവിട്ടതാണ് ഈ വിവരം. വേഗത്തില്‍ പടര്‍ന്നുപിടിക്കുന്ന എബോള വ്യാപനം, ആക്രമണങ്ങള്‍ കാരണം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു.
കോംഗോയിലെ ബഫ്വാസെന്ഡെയിലാണ് ആക്രമണം നടന്നതെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് എക്സില്‍ കുറിച്ചു. മാരകമായ എബോള രോഗത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്ക്കും സുരക്ഷിതമായി ജോലി ചെയ്യാന്‍ കഴിയണമെന്നും ആരോഗ്യരംഗം എപ്പോഴും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോംഗോ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം മെയ് മാസത്തില്‍ എബോള വ്യാപനം ആരംഭിച്ചതു മുതല്‍ 9,800ലധികം കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടുകയും 4,700ലധികം ആളുകള്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. കോംഗോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ എബോള വ്യാപനമാണിത്. രോഗവ്യാപനത്തെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാറിന് വലിയ വീഴ്ച സംഭവിച്ചതായാണ് ആരോപണം.



