Connect with us

Status

ആ തൊഴിലാളികൾ വിതയ്ക്കുന്ന ആശങ്കകൾ

സംഘടിതമായി ഇത്തരം ഒരാക്രമണം നടത്താൻ എങ്ങനെ കഴിഞ്ഞു എന്നതും എന്താണ് അതിന് അവർക്ക് ധൈര്യം നൽകിയതെന്നതും കൃത്യമായി അന്വേഷണ പരിധിയിൽ വരണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലെ വിവിധ പ്രൊഫൈലു കളിലൂടെ ക്യാമ്പയിൻ സജീവമായി നടക്കുന്നുണ്ട്.

Published

|

Last Updated

എറണാകുളം കഴക്കൂട്ടത്തെ കിറ്റക്‌സ് കമ്പനിയിലെ അന്യസംസ്ഥാന തൊഴിലാളികൾ കഴിഞ്ഞ ദിവസം നടത്തിയ കലാപസമാനമായ ആക്രമണം മലയാളികളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. പോലീസ് ജീപ്പുകൾ ഉൾപ്പെടെ പൊതുമുതൽ തകർക്കുകയും കത്തിക്കുകയും ചെയ്ത ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ഏറെ ഭീതിയോടെയാണ് നാം കണ്ടത്. ഒരു രാത്രി മുഴുവൻ കിഴക്കമ്പലത്തെ മുൾമുനയിൽ നിർത്തിയായിരുന്നു അന്യസംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടിയത്. ക്രിസ്മസ് കരോൾ നടത്തുന്നതിനെച്ചൊല്ലി കിറ്റക്‌സിന്റെ ലേബർ ക്യാമ്പിൽ തൊഴിലാളികൾ തമ്മിൽ തർക്കമായി എന്നും മദ്യലഹരിയിൽ വാക്കേറ്റം തമ്മിൽത്തല്ലിൽ എത്തിയെന്നുമാണ് പ്രാഥമിക റിപ്പോർട്ട്. കൈയാങ്കളി റോഡിലേക്ക് നീണ്ടതോടെയാണ് നാട്ടുകാർ പോലീസിനെ അറിയിച്ചത്. പോലീസെത്തിയതോടെ തൊഴിലാളികൾ അവർക്കെതിരെ തിരിഞ്ഞു. കുന്നത്തുനാട് ഇൻസ്‌പെക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞും മറ്റും ആക്രമിച്ചു. ഒടുവിൽ തങ്ങളുടെ വാഹനം ഉപേക്ഷിച്ച് പോലീസ് ഉദ്യോഗസ്ഥർക്ക് രക്ഷപ്പെടേണ്ടിവന്നു.

കിറ്റക്‌സ് ലേബർ ക്യാമ്പിൽ വെച്ച് പൊലീസിനു നേരെയുണ്ടായ ആക്രമണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുകയും പിന്നീട് നൂറിലധികം തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. സംഘടിതമായി ഇത്തരം ഒരു ആക്രമണം നടത്താൻ എങ്ങനെ ഇവർക്ക് കഴിഞ്ഞു എന്നതും എന്താണ് അതിന് അവർക്ക് ധൈര്യം നൽകിയത് എന്നതും കൃത്യമായി അന്വേഷണ പരിധിയിൽ വരേണ്ടതാണെന്നും സമൂഹ മാധ്യമങ്ങളിലെ വിവിധ പ്രൊഫൈലുകളിലൂടെ ക്യാമ്പയിനും സജീവമായി ഇപ്പോൾ നടക്കുന്നുണ്ട്. ആക്രമണം തുടരുമ്പോൾ ജയ് ശ്രീരാം വിളിച്ചുവെന്നതും ഈ ആക്രമണത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നുണ്ട്.
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തി വിവിധതരം ജോലികൾ ചെയ്തുവരുന്ന തൊഴിലാളികളുടെ ഭാഗത്ത് നിന്ന് ചില കുറ്റകൃത്യങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ, സംഘടിതമായി പോലീസിനെ തന്നെ ആക്രമിക്കുന്ന, പോലീസ് വാഹനങ്ങൾ തകർക്കുന്ന, കത്തിക്കുന്ന അനുഭവം ഇതാദ്യമാണ്. മിക്ക സ്ഥലങ്ങളിലും ഇതരസംസ്ഥാന തൊഴിലാളികൾ സംഘടിതമായാണ് താമസിച്ചുവരുന്നത് എന്നത് കൂടുതൽ ആശങ്കയുണർത്തുന്നുവെന്നാണ് ഈ സംഭവത്തെ തുടർന്ന് നടന്ന സോഷ്യൽ മീഡിയ ചർച്ചകളിലെ പ്രധാന സംസാരം. ഒപ്പം, കേരളം ഇത്രമേൽ ഹൃദ്യമായി ഈ അന്യസംസ്ഥാന തൊഴിലാളികളെ പരിഗണിച്ചിട്ടും ഇവന്മാർ വലിയ കുഴപ്പങ്ങളുണ്ടാക്കാൻ സാധ്യതയുള്ളവരാണെന്ന ചിന്തയും ചർച്ചയിലുയരുന്നുണ്ട്. കേരള സർക്കാറും പൊതുജനങ്ങളും അന്യസംസ്ഥാന തൊഴിലാളികളെ അനുഭാവപൂർവം സമീപിച്ചെങ്കിലും ഒരു അവസരം കിട്ടിയാൽ നാട്ടുകാർക്ക് പണികിട്ടും എന്ന രീതിയിലേക്ക് മലയാളികൾ ചിന്തിച്ചുതുടങ്ങി എന്നതാണ് കിറ്റക്‌സ് സംഭവത്തോടെ സംജാതമായിരിക്കുന്നത്.

പൊതുജനങ്ങളുടെ ഈ ആശങ്കകൾ പരിഹരിക്കാൻ ആഭ്യന്തര വകുപ്പിനും സർക്കാറിനും ബാധ്യതയുണ്ട്. പ്രത്യേകിച്ച് കിറ്റക്‌സ് ലേബർ ക്യാമ്പിൽ നടന്ന ദാരുണസംഭവത്തിൽ കിറ്റക്‌സ് മുതലാളിക്ക് യാതൊരു വെല്ലുവിളിയുമില്ല എന്ന രീതിയിൽ മാനേജ്‌മെന്റ് പ്രതികരിച്ച പശ്ചാത്തലത്തിൽ ഇതൊരു വലിയ ഉത്തരവാദിത്വം തന്നെയാണ്.

Latest