Connect with us

International

ബിറ്റ്‌കോയിൻ സുരക്ഷയിൽ ആശങ്ക; ക്രിപ്റ്റോ കറൻസികളുടെ സുരക്ഷാ കവചം ഭേദിക്കൽ പ്രതീക്ഷിച്ചതിനേക്കാൾ എളുപ്പമെന്ന് ഗൂഗിൾ

ഗൂഗിളിന്റെ പുതിയ ക്വാണ്ടം കമ്പ്യൂട്ടിംഗ് പഠന റിപ്പോർട്ടിൽ ക്രിപ്റ്റോ ലോകത്തെ ഞെട്ടിക്കുന്ന വിവരങ്ങൾ

Published

|

Last Updated

കാലിഫോർണിയ | ബിറ്റ്‌കോയിൻ, എഥീരിയം തുടങ്ങിയ പ്രമുഖ ക്രിപ്റ്റോ കറൻസികളുടെ സുരക്ഷാ കവചങ്ങൾ തകർക്കാൻ നിലവിൽ കരുതിയതിനേക്കാൾ കുറഞ്ഞ ശേഷിയുള്ള ക്വാണ്ടം കമ്പ്യൂട്ടറുകൾ മതിയെന്ന് ഗൂഗിളിന്റെ പുതിയ പഠന റിപ്പോർട്ട്. ഗൂഗിൾ പുറത്തിറക്കിയ വൈറ്റ് പേപ്പറിലാണ് ക്രിപ്റ്റോ ലോകത്തെ ആശങ്കയിലാഴ്ത്തുന്ന ഈ വിവരങ്ങളുള്ളത്. 5,00,000 ഫിസിക്കൽ ക്യുബിറ്റുകൾ (Qubits) ഉണ്ടെങ്കിൽ ബിറ്റ്‌കോയിന്റെ സുരക്ഷാ കോഡുകൾ ഭേദിക്കാനാകുമെന്നാണ് ഗൂഗിൾ വ്യക്തമാക്കുന്നത്.

ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കുന്ന ഇ സി ഡി എൽ പി 256 (ECDLP 256) എന്ന എൻക്രിപ്ഷൻ രീതി തകർക്കാൻ മുൻപ് കണക്കാക്കിയതിനേക്കാൾ 20 മടങ്ങ് കുറഞ്ഞ ശേഷിയുള്ള ക്വാണ്ടം കമ്പ്യൂട്ടറുകൾ മതിയെന്നാണ് കണ്ടെത്തൽ. ഈ സാങ്കേതിക വിദ്യ യാഥാർത്ഥ്യമായാൽ വെറും ഒമ്പത് മിനിറ്റിനുള്ളിൽ ഒരു ബിറ്റ്‌കോയിൻ പ്രൈവറ്റ് കീ കണ്ടെത്താൻ ക്വാണ്ടം കമ്പ്യൂട്ടറുകൾക്ക് സാധിക്കും. ബിറ്റ്‌കോയിൻ ഇടപാടുകൾ സ്ഥിരീകരിക്കാൻ എടുക്കുന്ന 10 മിനിറ്റ് ഇടവേളയ്ക്കുള്ളിൽ തന്നെ ഹാക്കർമാർക്ക് പണം കവരാൻ ഇതിലൂടെ സാധിക്കുമെന്നതാണ് പ്രധാന ഭീഷണി. ‘ഓൺ സ്പെൻഡ് അറ്റാക്ക്’ എന്നാണ് ഈ രീതി അറിയപ്പെടുന്നത്.

എഥീരിയം വാലറ്റുകൾക്കും ഈ സാങ്കേതിക വിദ്യ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. എഥീരിയത്തിൽ ഒരിക്കൽ ഇടപാട് നടത്തിയാൽ പബ്ലിക് കീ ബ്ലോക്ക് ചെയിനിൽ ദൃശ്യമാകും. ഇത് ഉപയോഗിച്ച് പ്രൈവറ്റ് കീ കണ്ടെത്തൽ ക്വാണ്ടം കമ്പ്യൂട്ടറുകൾക്ക് എളുപ്പമാകും. ലോകത്തിലെ ഏറ്റവും സമ്പന്നമായ 1000 എഥീരിയം അക്കൗണ്ടുകൾ വെറും ഒമ്പത് ദിവസത്തിനുള്ളിൽ ഹാക്ക് ചെയ്യാൻ ഗൂഗിളിന്റെ പുതിയ സാങ്കേതിക വിദ്യയ്ക്ക് സാധിക്കുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ഏകദേശം 20.5 ദശലക്ഷം ഇ ടി എച്ച് ആണ് ഈ അക്കൗണ്ടുകളിലുള്ളത്.

ക്വാണ്ടം കമ്പ്യൂട്ടിംഗ് ഉയർത്തുന്ന ഭീഷണി നേരിടാൻ പോസ്റ്റ് ക്വാണ്ടം ക്രിപ്റ്റോഗ്രാഫി (പി ക്യു സി) രീതിയിലേക്ക് മാറാൻ ഗൂഗിൾ ക്രിപ്റ്റോ സമൂഹത്തോട് നിർദ്ദേശിച്ചു. 2029 ഓടെ സുരക്ഷാ സംവിധാനങ്ങളിൽ മാറ്റം വരുത്തണമെന്നാണ് ഗൂഗിളിന്റെ സമയപരിധി. 2032 ഓടെ ക്വാണ്ടം കമ്പ്യൂട്ടറുകൾ പബ്ലിക് കീകളിൽ നിന്ന് പ്രൈവറ്റ് കീകൾ കണ്ടെത്താൻ 10 ശതമാനം സാധ്യതയുണ്ടെന്ന് ഗവേഷകനായ ജസ്റ്റിൻ ഡ്രേക്ക് പറഞ്ഞു. എഥീരിയം ഇതിനോടകം തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ബിറ്റ്‌കോയിൻ ഡെവലപ്പർമാർ ഇക്കാര്യത്തിൽ പിന്നിലാണെന്ന് വിമർശനമുയരുന്നുണ്ട്.

 

Summary

Google’s new research suggests that quantum computers with significantly fewer qubits than previously expected could crack the encryption securing major cryptocurrencies like Bitcoin and Ethereum. The study indicates that a quantum computer could derive a private key in under ten minutes, potentially allowing for “on-spend attacks” during transaction intervals. Experts are now urging the crypto community to transition toward post-quantum cryptography to safeguard digital assets by 2029.

Latest