Connect with us

Kerala

മരണപ്പെട്ട പ്രമുഖരെ അധിക്ഷേപിച്ചെന്ന്; നടന്‍ വിനായകനെതിരെ പരാതി

രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, മുന്‍ പ്രധാനമന്ത്രിമാര്‍, മുന്‍ മുഖ്യമന്ത്രിമാര്‍ എന്നിവരെ ചത്തെന്ന രീതിയിലാണ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്

Published

|

Last Updated

കൊച്ചി | അന്തരിച്ച പ്രമുഖരെ അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടെന്നാരോപിച്ച് നടന്‍ വിനായകനെതിരെ പോലീസില്‍ പരാതി. യൂത്ത് കോണ്‍ഗ്രസ്സ് എറണാകുളം ജില്ലാ പ്രസിഡന്റ് സിജോ ജോസഫാണ് പരാതി നല്‍കിയത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, മുന്‍ പ്രധാനമന്ത്രിമാര്‍, മുന്‍ മുഖ്യമന്ത്രിമാര്‍ എന്നിവരെ ചത്തെന്ന രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതാണ് കേസിനാധാരം. വിദ്വേഷം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന് പരാതിയില്‍ പറയുന്നു.

മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ കരുണാകരന്‍, വി എസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, ജോര്‍ജ് ഈഡന്‍ എന്നീ പേരുകള്‍ എടുത്തു പറഞ്ഞുകൊണ്ടായിരുന്നു വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ്. നേരത്തേ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി അന്തരിച്ചപ്പോഴും അധിക്ഷേപവുമായി നടന്‍ രംഗത്തെത്തിയിരുന്നു.

ഇന്നലെ വി എസിന് അന്ത്യാഭിവാദ്യവും വിനായകന്‍ നേര്‍ന്നിരുന്നു. എറണാകുളം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ പ്രദേശത്തെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തായിരുന്നു വിനായകന്‍ വി എസിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചത്. ഇല്ലാ ഇല്ലാ മരിക്കുന്നില്ല, സഖാവ് വി എസ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു വിനായകനും ജനകീയ കൂട്ടായ്മയിലെ മറ്റ് അംഗംങ്ങളും വി എസിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചത്.

കൊമ്രേഡ് വി എസ് അച്യുതാനന്ദന്‍ എന്ന് ഇംഗ്ലീഷിലും കണ്ണേ കരളേ എന്ന് മലയാളത്തിലും എഴുതിയ വി എസിന്റെ ചിത്രമുള്‍പ്പെടെയുള്ള ഫ്‌ളക്‌സില്‍ ഇവര്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തിരുന്നു.

---- facebook comment plugin here -----

Latest