Connect with us

Kerala

കോഴിക്കോട് നഗരത്തിലെ കോടികളുടെ വഖ്ഫ് കെട്ടിടം പൊളിച്ചു മാറ്റാൻ കലക്ടറുടെ ഉത്തരവ്

അന്യാധീനപ്പെടുന്ന വഖ്ഫ് സ്വത്തുക്കൾക്ക് ഉദാഹരണമായി നിലകൊണ്ട കെട്ടിടത്തിന്റെ ചെറിയ ഭാഗം പൊളിഞ്ഞു വീണു.

Published

|

Last Updated

കോഴിക്കോട് | കോടിക്കണക്കിന് രൂപ വിലമതിക്കുന്ന നഗരത്തിലെ കണ്ണായ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വഖ്ഫ് കെട്ടിടം പൊളിച്ചുമാറ്റാൻ ജില്ലാ കലക്ടറുടെ ഉത്തരവ്. കോർട്ട് റോഡ് സെൻട്രൽ മാർക്കറ്റിന് സമീപം സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടം പൊളിച്ചു മാറ്റാനാണ് നിർദേശം. കെട്ടിടവുമായി ബന്ധപ്പെട്ട് കേസ് നിലനിൽക്കുന്നതിനാൽ അടിയന്തരമായി പൊളിച്ചു മാറ്റി കോടതിയിൽ ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ലാ കലക്ടർ ഡോ. നരസിംഹുഗുരി ഗുഡി കോഴിക്കോട് കോർപറേഷന് നിർദേശം നൽകി.

കെട്ടിടത്തിന്റെ അപകടാവസ്ഥ പരിഗണിച്ചാണ് നടപടി. അന്യാധീനപ്പെടുന്ന വഖ്ഫ് സ്വത്തുക്കൾക്ക് ഉദാഹരണമായി നിലകൊണ്ട കെട്ടിടത്തിന്റെ ചെറിയ ഭാഗം പൊളിഞ്ഞു വീണു. ഇതേ തുടർന്ന് കോഴിക്കോട് കോർപറേഷൻ കെട്ടിടം പൊളിച്ചുമാറ്റാൻ അനുമതി തേടി ജില്ലാ കലക്ടറെ സമീപിച്ചു. തുടർന്നാണ് കലക്ടറുടെ ഉത്തരവ്. കെട്ടിടം അപകടാവസ്ഥയിലായിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും കോർപറേഷന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായില്ലെന്ന ആക്ഷേപമുയർന്നിരുന്നു. എന്നാൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് കെട്ടിടം പൊളിക്കാൻ ഇതുവരെ കഴിയാതിരുന്നതെന്ന് കോർപറേഷൻ അധികൃതർ വ്യക്തമാക്കി.

പുതിയറ മാളിയേക്കൽ മമ്മു ഹാജി വക വഖ്ഫ് കെട്ടിടമാണിത്. കിട്ടുന്ന വരുമാനം കുടുംബത്തിൽപ്പെട്ട അംഗങ്ങൾക്ക് അത്താണിയാകട്ടെ എന്ന ഉദ്ദേശ്യത്തിലാണ് മമ്മു ഹാജി കെട്ടിടം വഖ്ഫ് ചെയ്തത്. ഓടോടുകൂടിയ ഈ കെട്ടിടത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് കെ ടി സി പ്രിന്റിംഗ് പ്രസ്സിന് വാടകക്ക് നൽകിയിരുന്നു. എന്നാൽ ഇവർ ഒഴിയാൻ തയ്യാറാകുന്നില്ലെന്നാണ് മാളിയേക്കൽ തറവാട്ടിലെ ഇന്നത്തെ കുടുംബാംഗങ്ങളുടെ പരാതി. ഒഴിപ്പിക്കുന്നത് സംബന്ധിച്ച് ബോർഡിൽ നിന്ന് അനുകൂല വിധിയുണ്ടായിരുന്നുവെങ്കിലും വാടകക്കാർ ട്രൈബ്യൂണലിനെ സമീപിക്കുകയും തുടർന്ന് കേസ് ഹൈക്കോടതിയിലെത്തുകയുമായിരുന്നു.

കോടതി നടപടികളിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം കെട്ടിടം പൊളിഞ്ഞു വീണത്. പൊളിഞ്ഞുവീണത് ഞായറാഴ്ചയായതിനാൽ വൻ അപകടമാണ് ഒഴിവായത്. കെട്ടിടം പൊളിഞ്ഞുവീണതിന് പിന്നാലെ അടർന്ന ഭാഗങ്ങൾ കഴിഞ്ഞ ദിവസം പൊളിച്ചുമാറ്റുകയായിരുന്നു. ടാർപായ കൊണ്ട് മറച്ച് സൂക്ഷിച്ചിട്ടുണ്ട്. എങ്കിലും അപകടാവസ്ഥയിലാണ് കെട്ടിടം ഇപ്പോഴുമുള്ളത്.

തറവാട് അംഗങ്ങൾ കഴിഞ്ഞ ദിവസം അപകടാവസ്ഥയിലായ കെട്ടിടം പൊളിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് വഖ്ഫ് ബോർഡിന് അപേക്ഷ നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ മാസം 28ന് വഖ്ഫ് ബോർഡ് കോഴിക്കോട് ഡിവിഷനൽ ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥനെത്തി പരിശോധന നടത്തുകയും റിപ്പോർട്ട് തയ്യാറാക്കി തുടർ നടപടി സ്വീകരിക്കുന്നതിനിടെയാണ് കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിഞ്ഞത്. അതേസമയം, വഖ്ഫ് കെട്ടിടം പൊളിച്ചു മാറ്റുമ്പോൾ അതേ രൂപത്തിൽ തന്നെ കെട്ടിടം പണിയേണ്ടതുണ്ട്. ഈ കെട്ടിടം പൊളിക്കുന്നതോടെ പുതിയ വഖ്ഫ് കെട്ടിടം തറവാട് അംഗങ്ങൾ പണിയാനാണ് സാധ്യത.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്