Connect with us

Kerala

മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും തിരിച്ചെത്തി; തൃക്കാക്കരയിലെ ഇടതുമുന്നണി യോഗത്തില്‍ പങ്കെടുക്കും

ഏപ്രില്‍ 24 നാണ് മുഖ്യമന്ത്രി തുടര്‍ ചികിത്സാര്‍ത്ഥം അമേരിക്കയിലേക്ക് പോയത്.

Published

|

Last Updated

തിരുവനന്തപുരം | ചികിത്സാ ആവശ്യാര്‍ഥം അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങിയെത്തി. ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹം സംസ്ഥാനത്തെത്തിയത്. രണ്ടാഴ്ചയിലേറെ നീണ്ട ചികിത്സക്ക് ശേഷമാണ് മടക്കം. അമേരിക്കയിലെ ചികിത്സക്ക് ശേഷം മറ്റു ചില വിദേശ രാജ്യങ്ങളിലേക്ക് യാത്ര നിശ്ചയിച്ചിരുന്നുവെങ്കിലും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങിയത്. തൃക്കാക്കരയിലെ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് യോഗം മറ്റന്നാള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

ഇക്കഴിഞ്ഞ ഏപ്രില്‍ 24 നാണ് മുഖ്യമന്ത്രി തുടര്‍ ചികിത്സാര്‍ത്ഥം അമേരിക്കയിലേക്ക് പോയത്. അമേരിക്കയില്‍ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണു മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്.

യുഡിഎഫിന്റെ സിറ്റിങ് സീറ്റായ തൃക്കാക്കര പിടിച്ചെടുക്കണെമെന്ന് പാര്‍ട്ടി നേതൃത്വത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നു. അമേരിക്കയില്‍ ചികിത്സയിലുള്ള പിണറായിയും കോടിയേരിയും മുതിര്‍ന്ന നേതാക്കളുമായി ഫോണില്‍ ആശയവിനിമയം നടത്തിയാണ് പ്രചാരണം മുന്നോട്ട് കൊണ്ടുപോയിരുന്നത്.