Connect with us

National

രാമനവമി ഘോഷയാത്രക്കിടെ ബംഗാളില്‍ സംഘര്‍ഷം

പ്രദേശത്ത് കനത്ത പോലീസ് സേനയെ വിന്യസിച്ചിട്ടും സംഘര്‍ഷം ഉണ്ടായതായി പോലീസ് റിപ്പോര്‍ട്ട് ചെയ്തു.

Published

|

Last Updated

ന്യൂഡല്‍ഹി| പശ്ചിമ ബംഗാളിലെ ഹൗറയില്‍ ഇന്നും രാമനവമി ഘോഷയാത്രയ്ക്കിടെ സംഘര്‍ഷം. കനത്ത പോലീസ് സേനയെ വിന്യസിച്ചിട്ടും ഇന്നലെയും സംഘര്‍ഷം ഉണ്ടായതായി പോലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പ്രദേശത്ത് അക്രമാസക്തരായ ജനക്കൂട്ടം കല്ലെറിയുകയും മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തപ്പോള്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. എന്നാല്‍ സംഭവം നടന്നതിന് ശേഷം റോഡ് ഗതാഗതത്തിനായി തുറന്ന് മണിക്കൂറുകള്‍ക്കകം ഷിബ്പൂരില്‍ പുതിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഷിബ്പൂരില്‍ നടന്ന സംഘര്‍ഷത്തെത്തുടര്‍ന്ന് 36 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മതപരമായ ഘോഷയാത്രയ്ക്കിടെ മുദ്രാവാക്യങ്ങളും കല്ലേറും നടന്നു.പോലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ക്ക് തീയിടുകയും കടകള്‍ തകര്‍ക്കുകയും ചെയ്തു.

എന്നാല്‍ ഒരു സമുദായത്തെ ലക്ഷ്യമിട്ട് ആക്രമിക്കാനാണ് ഘോഷയാത്ര അനധികൃതമായ വഴിയിലൂടെ സഞ്ചരിച്ചതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. വര്‍ഗീയ കലാപങ്ങള്‍ സംഘടിപ്പിക്കാന്‍ ബിജെപി സംസ്ഥാനത്തിന് പുറത്ത് നിന്ന് ഗുണ്ടകളെ നിയമിക്കുകയാണെന്നും മമത ആരോപിച്ചു. ആരും അവരുടെ ജാഥകള്‍ തടഞ്ഞിട്ടില്ല, പക്ഷേ വാളുകളും ബുള്‍ഡോസറുകളും ഉപയോഗിച്ച് മാര്‍ച്ച് ചെയ്യാന്‍ അവര്‍ക്ക് അവകാശമില്ലെന്നും മമത വ്യക്തമാക്കി.

തുടര്‍ന്ന്‌ തൃണമൂല്‍ കോണ്‍ഗ്രസ് കള്ളം പറയുകയാണെന്ന് ആരോപിച്ച് ബിജെപിയും തിരിച്ചടിച്ചു. ഹൗറ ഗ്രൗണ്ട് വരെ പോകാന്‍ അനുമതിയുണ്ടായിരുന്നു, അവിടേക്ക് പോകാനുള്ള ഏക വഴി ഇതായിരുന്നെന്നും പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ പറഞ്ഞു.