Connect with us

Kerala

ഡി സോണ്‍ കലോത്സവത്തിനിടെ സംഘര്‍ഷം; കെ എസ് യു ജില്ലാ പ്രസിഡന്റ് അടക്കം 14 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

ആംബുലന്‍സ് തടഞ്ഞ സംഭവത്തില്‍ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കൊരട്ടി പോലീസ് കേസെടുത്തു

Published

|

Last Updated

തൃശൂര്‍ |  കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി സോണ്‍ കലോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കെഎസ്യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ അടക്കം കണ്ടാലറിയാവുന്ന 14 പേര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ എസ്എഫ്‌ഐ കേരള വര്‍മ്മ കോളജ് യൂണിറ്റ് സെക്രട്ടറി ആശിഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഉള്‍പ്പെടെയുള്ളവരുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് തടഞ്ഞ സംഭവത്തില്‍ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കൊരട്ടി പോലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ 126 (2), 118 (1), 324 (4), 3 (5) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ആംബുലന്‍സ് ഡ്രൈവര്‍ വൈഭവവിന്റെ പരാതിയിലാണ് കേസെടുത്തത്.

ഇന്ന് പുലര്‍ച്ചെയോടെയാണ് കെഎസ്യു – എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. മത്സരങ്ങള്‍ വൈകുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ആരംഭിച്ചത്. തര്‍ക്കം പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലുമായി 15ഓളം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരെ ചാലക്കുടിയിലെയും മാളയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് ഡി സോണ്‍ കലോത്സവം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ചില വിദ്യാര്‍ഥികള്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്.

---- facebook comment plugin here -----

Latest