Connect with us

From the print

പൗരത്വ ഭേദഗതി നിയമം: പറ്റില്ലെന്ന് അടിവരയിട്ട് കേരളം

നിയമം നടപ്പാക്കാനുള്ള നീക്കത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ശക്തമായി എതിര്‍പ്പ് ഉന്നയിച്ച കേരളം കേന്ദ്രത്തിന്റെ വര്‍ഗീയ ധ്രൂവീകരണ നയത്തിനെതിരെ ആദ്യമായി നിയമസഭയില്‍ പ്രമേയം പാസ്സാക്കിയ സംസ്ഥാനം കൂടിയാണ്.

Published

|

Last Updated

തിരുവനന്തപുരം | സംഘ്പരിവാറിന്റെ വര്‍ഗീയ ഹിന്ദുത്വ അജന്‍ഡ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ കേരളം ഒറ്റക്കെട്ടായി എതിര്‍ക്കും. നിയമം നടപ്പാക്കാനുള്ള നീക്കത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ശക്തമായി എതിര്‍പ്പ് ഉന്നയിച്ച കേരളം കേന്ദ്രത്തിന്റെ വര്‍ഗീയ ധ്രൂവീകരണ നയത്തിനെതിരെ ആദ്യമായി നിയമസഭയില്‍ പ്രമേയം പാസ്സാക്കിയ സംസ്ഥാനം കൂടിയാണ്. അന്ന് ബി ജെ പിയുടെ ഏക പ്രതിനിധി ഒഴികെ നിയമസഭ ഒറ്റക്കെട്ടായാണ് പ്രമേയം പാസ്സാക്കിയത്.

തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്ന് ഏറെക്കുറെ വ്യക്തമാണ്. അയോധ്യയിലെ പ്രാണപ്രതിഷ്ഠ തിരഞ്ഞെടുപ്പില്‍ കാര്യമായ പ്രതികരണമുണ്ടാക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ പൗരത്വ ഭേദഗതി നിയമത്തിന്റെ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. നിലവില്‍ സി എ എ നടപ്പാക്കില്ലെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ സുപ്രീം കോടതിയെ മറികടന്നാണ് ഇപ്പോഴത്തെ നീക്കമെന്നതും ശ്രദ്ധേയമാണ്.

എന്നാല്‍ കേരളത്തിന്റെ ബി ജെ പിയല്ലാത്ത മുഴുവന്‍ രാഷ്ട്രീയ കക്ഷികളും മുന്നണികളും മത-സാമുദായിക സംഘടനകളും നിയമത്തിനെതിരെ നേരത്തെ തന്നെ പ്രതിഷേധം വ്യക്തമാക്കിയതാണ്. രാഷ്ട്രീയ എതിര്‍പ്പുകളെല്ലാം മാറ്റിവെച്ചാണ് ഇവര്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒന്നിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒരുമിച്ച് പങ്കെടുത്ത പ്രതിഷേധത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ രാഷ്ട്രീയ മത-സാമുദായിക സംഘടനാ പ്രതിനിധികളും പങ്കെടുത്തിരുന്നു. പൗരത്വ ഭേദഗതി നിയമത്തിലെ ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ കേരളം സ്യൂട്ട് ഫയല്‍ ചെയ്യുകയും മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ ദേശീയപാതയില്‍ മനുഷ്യച്ചങ്ങല തീര്‍ക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് എന്‍ പി ആര്‍ നടപ്പിലാക്കില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ജനകീയ പ്രതിഷേധങ്ങളും വിമര്‍ശങ്ങളും കണക്കിലെടുക്കാതെ വര്‍ഗീയ അജന്‍ഡനടപ്പാക്കുമെന്ന വാശിയാണ് കേന്ദ്ര സര്‍ക്കാറിന്റെ ഇപ്പോഴത്തെ നീക്കത്തിന് പിന്നില്‍. മുസ്ലിം ന്യൂനപക്ഷത്തെ രണ്ടാംതരം പൗരന്മാരാക്കി കണക്കാക്കുന്ന നിയമത്തെ അംഗീകരിക്കാനാകില്ലെന്നും നിയമം നടപ്പാക്കില്ലെന്ന് അടിവരയിട്ട് ആവര്‍ത്തിക്കുന്നുവെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാണ്. ഒപ്പം ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുമെന്ന് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യനെ മതത്തിന്റെ പേരില്‍ വിഭജിക്കുന്ന നിയമം അംഗീകരിക്കാനാകില്ലെന്നാണ് കോണ്‍ഗ്രസ്സിന്റെയും നിലപാട്. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബി ജെ പിക്ക് പേടി തുടങ്ങിയെന്നും അതുകൊണ്ടാണ് ഇത്തരം അടവുകള്‍ ഇറക്കുന്നതെന്നുമാണ് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും ലീഗ് നേതാക്കള്‍ അറിയിച്ചു.

 

ബ്യൂറോ ചീഫ്, തിരുവനന്തപുരം