Connect with us

Kerala

സി ഐ സി; ഹക്കീം ഫൈസിയോട് തുടരാന്‍ നിര്‍ദേശം

ആദൃശ്ശേരിയോടും അദ്ദേഹത്തെ അനുകൂലിച്ച് രാജിവച്ചവരോടും തുടര്‍പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെ നിര്‍ദേശം

Published

|

Last Updated

മലപ്പുറം | ഒടുവില്‍ ഹക്കീം ഫൈസി ആദൃശ്ശേരിയുടെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെയും സമ്മര്‍ദ തന്ത്രം ഫലം കണ്ടതായി സൂചന. കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസ് (സി ഐ സി) ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന രാജിവച്ച ആദൃശ്ശേരിയോടും അദ്ദേഹത്തെ അനുകൂലിച്ച് രാജിവച്ച സി ഐ സി ജീവനക്കാരോടും തുടര്‍പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍ദേശം നല്‍കി.

അക്കാദമിക് വര്‍ഷത്തിന്റെ അവസാനത്തില്‍ നടക്കേണ്ട പരീക്ഷകളെയും പുതിയ അഡ്മിഷന്‍ പ്രവര്‍ത്തനങ്ങളെയും മറ്റും രാജി പ്രതികൂലമായി ബാധിക്കുമെന്ന പരാതിയുമായി വിദ്യാര്‍ഥികളും രക്ഷിതാക്കളും രംഗത്തെത്തിയതോടെയാണ് സാദിഖലി ശിഹാബ് തങ്ങള്‍ രാജിവച്ചവരെ തിരിച്ചുവിളിക്കുന്ന നിലപാട് സ്വീകരിച്ചത്. സി ഐ സിയുടെ നിര്‍വാഹകരുടെ രാജി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യഥോചിതം പരിഹരിക്കപ്പെടുന്നതാണെന്നാണ് തങ്ങള്‍ പറഞ്ഞിരിക്കുന്നത്. രാജി സമര്‍പ്പിച്ച സി ഐസിയുടെ നിര്‍വാഹകര്‍ പതിവുപോലെ ചുമതലകള്‍ നിര്‍വഹിക്കേണ്ടതും മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് ആവശ്യമായ നേതൃത്വം നല്‍കേണ്ടതുമാണെന്നാണ് തങ്ങളുടെ നിര്‍ദേശം. വിഷയത്തില്‍ സാമൂഹിക മാധ്യമങ്ങളിലും മറ്റും ഇടപെടാതിരിക്കാനും നിര്‍ദേശമുണ്ട്.

രാജിവച്ചത് മുതല്‍ സി ഐ സിയെ പ്രതിരോധത്തിലാക്കുന്ന തരത്തിലായിരുന്നു ഹക്കീം ഫൈസിയുടെയും അനുകൂലിക്കുന്നവരുടെയും നിലപാട്. ഇതിന്റെ ഭാഗമായിരുന്നു സി ഐ സിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടരാജി. കൂട്ടരാജിയോടെയാണ് ഇ കെ വിഭാഗം സമ്മര്‍ദത്തിലായത്. ഇതോടെയാണ് അനുനയമെന്ന നിലയില്‍ സി ഐ സി പ്രസിഡന്റ് സാദിഖലി തങ്ങളെ വിഷയത്തില്‍ ഉചിതമായ നിലപാട് സ്വീകരിക്കാന്‍ ചുമതലപ്പെടുത്തിയത്.

Latest