Connect with us

First Gear

ഡ്രൈവറില്ലാ വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ചൈനയും അമേരിക്കയും ഒന്നിക്കുന്നു

2024-ഓടെ ഓട്ടോണമസ് വാഹനങ്ങള്‍ സ്വയം സുരക്ഷിതമായി ഓടുന്ന സംവിധാനങ്ങള്‍ ഒരുങ്ങുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഓട്ടോണമസ് കാറുകള്‍ വികസിപ്പിക്കുന്നതിനായി ചൈനീസ് വാഹന ഭീമന്‍ ഗീലി ഹോള്‍ഡിംഗും അമേരിക്കന്‍ ടെക്ക് ഭീമന്‍ ആല്‍ഫബെറ്റ് ഇങ്കിന്റെ സെല്‍ഫ് ഡ്രൈവിംഗ് യൂണിറ്റായ വെയ്മോയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഈ ഇലക്ട്രിക് വാഹനങ്ങള്‍ പിന്നീട് യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ഉടനീളം പൂര്‍ണ്ണമായും സ്വയം ഓടുന്ന വാടക ടാക്‌സി വാഹനങ്ങളായി വിന്യസിക്കുമെന്നും പറയുന്നു. ഈ ഇലക്ട്രിക് വാഹനങ്ങള്‍ സ്വീഡനില്‍ സ്ഥിതി ചെയ്യുന്ന സീക്കറിന്റെ സ്ഥാപനത്തില്‍ രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുമെന്നും പിന്നീട് ഇവ വേമോയുടെ സ്വയം ഡ്രൈവിംഗ് സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുമെന്നും ഗീലി വ്യക്തമാക്കി.

വരും വര്‍ഷങ്ങളില്‍ ഈ ഇലക്ട്രിക് വാഹനങ്ങള്‍ യുഎസില്‍ അവതരിപ്പിക്കുമെന്നും വെയ്‌മോ അറിയിച്ചിട്ടുണ്ട്. അഞ്ചോളം റൈഡര്‍മാര്‍ക്കുള്ള ഇരിപ്പിട ക്രമീകരണത്തോടുകൂടിയ വിശാലമായ, താഴ്ന്ന നിലയിലുള്ള മിനി വാന്‍ കാണിക്കുന്ന കുറച്ച് കണ്‍സെപ്റ്റ് ചിത്രങ്ങളും വെയ്‌മോ പുറത്തിറക്കിയിട്ടുണ്ട്.

യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ആദ്യത്തെയും പൂര്‍ണ്ണമായി ഡ്രൈവറില്ലാ ടാക്‌സി സേവനമാണ് വേമോ. ഒരു വര്‍ഷം മുമ്പ് ആരംഭിച്ചതിനുശേഷം ആയിരക്കണക്കിന് ആളുകളിലേക്ക് ഇത് നയിച്ചു. ഓഗസ്റ്റില്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ കമ്പനി പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയതിന് ശേഷം നൂറുകണക്കിന് ആളുകള്‍ സെല്‍ഫ് ഡ്രൈവിംഗ് ടാക്സികളില്‍ സവാരി നടത്തിയിട്ടുണ്ടെന്ന് വെയ്മോയുടെ കോ-ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടെകെദ്ര മവാക്കാന അടുത്തിടെ പറഞ്ഞിരുന്നു. പതിനായിരക്കണക്കിന് പേര്‍ ഇപ്പോള്‍ വെയിറ്റിംഗ് ലിസ്റ്റിലുണ്ടെന്നും മാവകന വ്യക്തമാക്കി.

അതേസമയം വാഹനങ്ങളില്‍ നിന്ന് ഡ്രൈവര്‍മാര്‍ അപ്രത്യക്ഷരാകുന്ന കാലം ഏറെ വിദൂരമല്ലെന്ന് അടുത്തിടെ പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഗവേഷക സ്ഥാപനമായ ഐഡിടെക്എക്സ് 2021 സെപ്തംബറില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2046 ആകുമ്പോഴേക്കും യു.എസില്‍ പ്രതിവര്‍ഷം മൂന്ന് ട്രില്ല്യണ്‍ മൈലുകള്‍ യാത്ര ചെയ്യുന്ന തലത്തിലേക്ക് ഓട്ടോണമസ് കാറുകള്‍ വികസിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2050-ഓടെ ലോകത്തിലെ എല്ലാ ഗതാഗത മേഖലയിലേക്കും ഓട്ടോണമസ് വാഹനങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുമെന്നുമാണ് ഐഡിടെക്എക്സ് വിലയിരുത്തുന്നത്.

2024- ആകുന്നതോടെ മനുഷ്യര്‍ നിയന്ത്രിക്കുന്നതിനെക്കാള്‍ സുരക്ഷിതമായി ഓട്ടോണമസ് വാഹനങ്ങള്‍ ഓടുന്ന സാഹചര്യം ഒരുങ്ങുമെന്നാണ് ഓട്ടോണമസ് കാര്‍സ്, റോബോടാക്സിസ് ആന്‍ഡ് സെല്‍സേഴ്‌സ് 2022-2042 എന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മൊബൈല്‍ ഫോണ്‍, വാഹനത്തിലെ മറ്റ് യാത്രക്കാര്‍ തുടങ്ങി പല ഘടകങ്ങളും ഓട്ടോണമസ് വാഹനങ്ങളുടെ സുരക്ഷയ്ക്ക് തടസമാകില്ലെന്നും 5ജി കണക്ടിവിറ്റി സംവിധാനങ്ങളുടെ സഹായത്തോടെ ആയിരിക്കും ഇത്തരത്തിലുള്ള ഓട്ടോണമസ് കാറുകള്‍ പ്രവര്‍ത്തിക്കുകയെന്നും പഠനം പറയുന്നു.

2024-ഓടെ ഓട്ടോണമസ് വാഹനങ്ങള്‍ സ്വയം സുരക്ഷിതമായി ഓടുന്ന സംവിധാനങ്ങള്‍ ഒരുങ്ങുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 2040-ഓടെ ആഗോളതലത്തില്‍ ഡ്രൈവറില്ലാതെ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ സജീവമാകും. 2050 ആകുന്നതോടെ വാഹനങ്ങളില്‍ ഡ്രൈവര്‍മാര്‍ ഇല്ലാത്ത സ്ഥിതിവിശേഷമുണ്ടാകുമെന്നും ഐഡിടെക്എക്സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

 

Latest