Connect with us

National

അസമിലെ ശൈശവ വിവാഹം; ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു

മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നവര്‍ക്കും ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ പരാതി നല്‍കാം

Published

|

Last Updated

ഡിസ്പുര്‍| അസമിലെ ശൈശവ വിവാഹ കേസുമായി ബന്ധപ്പെട്ട് 1,000 പേര്‍ കസ്റ്റഡിയില്‍. ശൈശവ വിവാഹ നടപടികളില്‍ ഹെല്‍പ്പ് ലൈനും ആരംഭിച്ചു. 2026 ഓടെ അസമില്‍ ശൈശവ വിവാഹം ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ശൈശവ വിവാഹത്തിനെതിരെ സംസ്ഥാന നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ 4,363 ശൈശവ വിവാഹ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അസമില്‍ ശൈശവ വിവാഹത്തിനെതിരെയുള്ള നടപടികള്‍ ആരംഭിച്ചതിനു ശേഷം പല വിഭാഗം ആളുകളും എന്നെയും എന്റെ സര്‍ക്കാരിനെയും വിമര്‍ശിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ നിയമം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമമനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശൈശവ വിവാഹത്തിന് ഇരയാകുന്നവര്‍ക്ക് ഒരു ഹെല്‍പ്പ് ലൈന്‍ നമ്പര്‍ അവതരിപ്പിക്കും. വിവാഹം കഴിഞ്ഞവര്‍ക്കും മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നവര്‍ക്കും ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ പരാതി നല്‍കാമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ബജറ്റില്‍ ശൈശവ വിവാഹങ്ങള്‍ തടയാന്‍ 200 കോടി രൂപ വകയിരുത്തും. കേസുകള്‍ക്കെതിരെ പോരാടാന്‍ പ്രത്യേക അഭിഭാഷകരെ നിയമിക്കും. ശൈശവ വിവാഹമെന്ന സാമൂഹിക വിപത്തിനെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.