Connect with us

Kerala

മുഖ്യമന്ത്രി സ്ഥാനം; കെ സുധാകരന്റെ പ്രസ്താവനക്കുപിന്നാലെ ചേരികള്‍ രംഗത്ത്

ഒത്തുതീര്‍പ്പു മുഖ്യമന്ത്രിയായി ഹൈക്കമാന്‍ഡ് പ്രതിനിധിയായി കെ സി വേണുഗോപാലിനെ എത്തിക്കാന്‍ കരുനീക്കം

Published

|

Last Updated

തിരുവനന്തപുരം | യു ഡി എഫിനു ഭൂരിപക്ഷം കിട്ടിയാല്‍ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് എ ഐ സി സി ജന. സെക്രട്ടറി കെ സി വേണുഗോപാല്‍ കരുനീക്കം ശക്തമാക്കിയതായി സൂചന പുറത്തുവന്നതോടെ കോണ്‍ഗ്രസ്സില്‍ ചേരികള്‍ ശക്തമായി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചുകൊണ്ടു കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിനു പിന്നില്‍ ആസൂത്രിത നീക്കമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

കേരളത്തില്‍ വി ഡി സതീശനും രമേശ് ചെന്നിത്തലക്കും ഇടയില്‍ തര്‍ക്കം രൂക്ഷമാക്കാനും ഒത്തുതീര്‍പ്പു മുഖ്യമന്ത്രിയായി ഹൈക്കമാന്‍ഡ് പ്രതിനിധിയായി കെ സി വേണുഗോപാലിനെ എത്തിക്കാനും നേരത്തെ തന്നെ ആസൂത്രണം നടന്നിരുന്നു എന്നാണ് വിവരം. എം എല്‍ എ മാരില്‍ ഭൂരിപക്ഷം കെ സി വേണുഗോപാലിന് ഉറപ്പായിട്ടുണ്ട്. തൊട്ടുപിന്നില്‍ രമേശ് ചെന്നിത്തലയാണ്. എം എല്‍ എ മാരുടെ പിന്തുണയില്‍ മൂന്നാമതാണെങ്കിലും അണികളുടെ പിന്തുണ വി ഡി സതീശനാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

കെ സിയെ അനുകൂലിച്ചുകൊണ്ടുള്ള കെ സുധാകന്റെ പോസ്റ്റില്‍ എംപിമാരില്‍ പലര്‍ക്കും അതൃപ്തിയുണ്ട്. ഇക്കാര്യം ഹൈക്കമാന്‍ഡ് നേതാക്കളെ എം പിമാര്‍ അറിയിക്കും. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിചര്‍ച്ച കത്തിക്കയറുന്നതിനിടെയാണ് ‘കേരളം കെ സി യിക്കട്ടെ’ എന്ന ആഹ്വാനവുമായി കെ സുധാകരന്‍ ഇന്നലെ പോസ്റ്റ് ഇട്ടത്. കേരളത്തിന് വേണ്ടത് കെ സിയെ പോലെ ദീര്‍ഘദര്‍ശിയായ നേതാവിനെയെന്ന് സുധാകരന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

കെ കരുണാകരനില്‍ തുടങ്ങി കോണ്‍ഗ്രസിന്റെ മഹാ നേതാക്കളുടെ പാത പിന്തുടര്‍ന്ന് കേരള രാഷ്ട്രീയത്തിന്റെ മുടിചൂടാമന്നനായി ഉയരാന്‍ കെ സിക്ക് കഴിയും എന്ന് പോസ്റ്റില്‍ സുധാകരന്‍ വാഴ്ത്തുന്നു. പോസ്റ്റിന് താഴെ വി ഡി സതീശനെ പിന്തുണച്ച് കമന്റുമകള്‍ വന്നതോടെ കമന്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പിന്നാലെ കെ സിയെ പിന്തുണച്ച് കൂടുതല്‍ നേതാക്കള്‍ രംഗത്ത് വന്നു. റോജി എം ജോണ്‍, രമ്യ ഹരിദാസ് അലോഷ്യസ് സേവ്യര്‍, പഴകുളം മധു, ഉള്‍പ്പടെ കെ സിക്ക് പിന്തുണയുമായെത്തി.

കേന്ദ്രനേതൃത്വത്തില്‍ നിര്‍ണായക ചുമതലകള്‍ വഹിക്കുമ്പോഴും കെ സിയുടെ സാന്നിധ്യം എത്ര നിര്‍ണായകമാണ് എന്നത് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വീണ്ടും തെളിയിച്ചെന്നാണ് സുധാകരന്‍ പറയുന്നത്. പ്രവര്‍ത്തകരോട് കാണിക്കുന്ന വിനയവും എല്ലാവര്‍ക്കും ഒപ്പം അവരുടെ സഹയാത്രികനായി നില്‍ക്കാന്‍ കഴിയുന്നതും കെസിയെ വ്യത്യസ്തനാക്കുന്നു എന്നും നാളെയുടെ ഭരണത്തിന് ദിശാബോധം നല്‍കുന്ന നേതാവാകാന്‍ കഴിയട്ടെ എന്നും പോസ്റ്റില്‍ സുധാകരന്‍ ആശംസിക്കുന്നുണ്ട്.

തന്നെ കെ പി സി സി പ്രസിഡന്റ് പദവിയില്‍ നിന്നു പുറന്തള്ളിയത് വി ഡി സതീശനാണെന്ന പക സുധാകരന്‍ ഉള്ളില്‍ സൂക്ഷിക്കുന്നുണ്ട്. കോണ്‍ഗ്രസ്സിനെ അര്‍ധ കേഡര്‍ പാര്‍ട്ടിയാക്കുമെന്നു പ്രഖ്യാപിച്ച് ഇരുവരും നേതൃത്വം ഏറ്റെടുത്ത് ഏറെ വൈകുന്നതിനു മുമ്പെ ഇരുവരെ വഴി പിരിഞ്ഞിരുന്നു. ഒടുവില്‍ സുധാകരന്‍ നിമയസഭയിലേക്കു മത്സരിക്കുന്നതു തടയുന്നതിലും വി ഡി സതീശന്‍ ശക്തമായി ഇടപെട്ടു എന്നാണ് കരുതുന്നത്. എന്നാല്‍ സുധാകരനെ തന്ത്രപരമായി ഉപയോഗിച്ച് മുഖ്യമന്ത്രി പദത്തിലേക്കുള്ള ചരടുവലരിക്കാനാണ് കെ സി വേണുഗോപാല്‍ നീക്കം നടത്തുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

Latest