Kerala
ചേന്ദമംഗലം കൂട്ടക്കൊല കേസ്; പ്രതി ഋതു ജയന് ജാമ്യം
2025 ജനുവരി 16നാണ് ചേന്ദമംഗലത്തെ വീട്ടില്‍ വെച്ച് വേണു, ഭാര്യ ഉഷ, മകളായ വിനിഷ എന്നിവരെ അയല്‍വാസിയായ ഋതു ജയന്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.
കൊച്ചി|എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ പ്രതി ഋതു ജയന് ജാമ്യം. ഹൈക്കോടതിയാണ് ഋതു ജയന് ജാമ്യം അനുവദിച്ചത്. 2025 ജനുവരി 16നാണ് ചേന്ദമംഗലത്തെ വീട്ടില്‍ വെച്ച് വേണു, ഭാര്യ ഉഷ, മകളായ വിനിഷ എന്നിവരെ അയല്‍വാസിയായ ഋതു ജയന്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. വിനിഷയുടെ പതിനൊന്നും ആറും വയസ്സുള്ള മക്കളുടെ മുന്നില്‍ വെച്ചായിരുന്നു കൊലപാതകം.
വിനിഷയെ ആക്രമിച്ചപ്പോള്‍ തടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് ജിതിനെയും ഋതു ഇരുമ്പ് വടികൊണ്ട് അടിച്ചു. രണ്ട് ദിവസം മുന്‍പ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ ജിതിനെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രതിയായ ഋതു വീട്ടിലേക്ക് പാഞ്ഞെത്തിയത്. കണ്‍മുന്നില്‍പെട്ടവരെയെല്ലാം പ്രതി ഇരുമ്പ് വടി കൊണ്ട് അടിച്ചു. ഇതില്‍ ജിതിന്‍ മാത്രമാണ് പരുക്കുകളോടെ രക്ഷപ്പെട്ടത്.
കേസിലെ പ്രതി ഋതു നിരന്തരം ഉപദ്രവിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. പ്രതി കഞ്ചാവ് ഉപയോഗിച്ച് നിരന്തരം ആക്രമണം നടത്തുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. സമീപ വീടുകൾക്കെല്ലാം ഇയാൾ നിരന്തര ശല്യമായിരുന്നു. പകൽ മുഴുവൻ കിടന്നുറങ്ങുക, രാത്രി പുറത്തിറങ്ങി നടക്കുക, ലഹരി ഇടപാടുകൾ, സ്‌ത്രീകളെ ശല്യപ്പെടുത്തൽ ഇതൊക്കെയായിരുന്നു ഇയാളുടെ പതിവുകൾ. രാത്രി വീടുകളിൽ വന്ന് ജനലിൽ അടിച്ചും ഗേറ്റിൽ ചവിട്ടിയും അസഭ്യം പറഞ്ഞും ശല്യപ്പെടുത്തിയിരുന്നു.
ഋതു തങ്ങളെ പെട്രോൾ ഒഴിച്ചു കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി അയൽവാസികളായ കുളങ്ങരകാട്ടുപറമ്പിൽ സുഭാഷും ഭാര്യ ധന്യയും പറഞ്ഞിരുന്നു. ധന്യയെയും മകളെയുമാണ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. ധന്യയെക്കുറിച്ച് നാട്ടിൽ അപവാദം പ്രചരിപ്പിച്ചു. ധന്യയുടെ ഫോൺ നമ്പർ പലർക്കും കൊടുത്തു. കൊല്ലപ്പെട്ട വിനിഷയുടെ നമ്പറും പലർക്കും കൊടുത്തു. മൂന്നുതവണ ഇയാൾക്കെതിരെ വടക്കേക്കര സ്റ്റേഷനിൽ പരാതി നൽകിയിരുന്നുവെന്നും ഇരുവരും പറയുന്നു.





