Kerala
മത്സ്യബന്ധന മേഖലയിലെ സമഗ്രവികസനത്തിന് കേന്ദ്ര സഹായം ലഭ്യമാക്കണം; മന്ത്രി ജോര്‍ജ് കുര്യനെ നേരില്‍ കണ്ട് ബെന്നി ബഹനാന്‍
മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഉചിതമായ പദ്ധതികള്‍ ആവിഷ്‌കരിക്കണം.
		
      																					
              
              
            തൃശൂര്‍ | ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ വിവിധ മത്സ്യബന്ധന മേഖലകളുടെ സമഗ്ര വികസനത്തിന് കേന്ദ്രസഹായം ലഭ്യമാക്കണമെന്ന ആവശ്യവുമായി ബെന്നി ബഹനാന്‍ എം പി കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യനെ നേരില്‍ക്കണ്ട് നിവേദനം നല്‍കി. മത്സ്യബന്ധന കേന്ദ്രങ്ങളായ കൊടുങ്ങല്ലൂര്‍, കയ്പമംഗലം എന്നിവിടങ്ങളിലെ വിവിധ പഞ്ചായത്തുകളിലെ വികസനാവശ്യങ്ങള്‍ മന്ത്രിയെ ധരിപ്പിച്ചു.
കയ്പമംഗലം ഫിഷ് ലാന്‍ഡിംഗ് സെന്റര്‍ ഫിഷിങ് ഹാര്‍ബറാക്കി അപ്‌ഗ്രേഡ് ചെയ്യുന്നതിന് കേന്ദ്ര ഫണ്ട് അനുവദിക്കണം. എറിയാട്, ഇടവിലങ്ങ്, എസ് എന്‍ പുരം, മതിലകം ഗ്രാമപഞ്ചായത്തുകളില്‍ കടല്‍ഭിത്തി നിര്‍മ്മിക്കണം, പൊയ്യ ഗ്രാമപഞ്ചായത്തിലെ നിരവധി മത്സ്യത്തൊഴിലാളികള്‍ക്ക് തീരദേശ പരിപാലന നിയമം നിലനില്‍ക്കുന്നതിനാല്‍ ഭവന നിര്‍മ്മാണം നടത്താന്‍ കഴിയുന്നില്ല, കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് പ്രസ്തുത നിയമത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഇളവനുവദിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.
മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഉചിതമായ പദ്ധതികള്‍ ആവിഷ്‌കരിക്കണം. തീരദേശ മേഖലയിലെ സ്‌കൂളുകളുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കായിക മേഖലയിലെയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിക്കണം. പെരിഞ്ഞനം പഞ്ചായത്തിലെ 105 മത്സ്യത്തൊഴിലാളികളുടെ സുനാമി കോളനിയിലുള്ള വീടുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാന മന്ത്രി മത്സ്യ സംപാദ യോജനയില്‍ നിന്നും തുകയനുവദിക്കണമെന്നും എം പി മന്ത്രിയോടാവശ്യപ്പെട്ടു.
കൂടാതെ പ്രധാന മന്ത്രി മത്സ്യ സംപാദ യോജനയില്‍ നിന്നും തടിനിര്‍മ്മിത മത്സ്യബന്ധന വള്ളങ്ങള്‍ സ്റ്റീല്‍ വള്ളങ്ങളാക്കി മാറ്റുന്നതിന് തുകയനുവദിക്കണം, സബ്സിഡി നിരക്കില്‍ മണ്ണെണ്ണ സ്ഥിരമായി ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ സമയോചിത ഇടപെടല്‍ ഉറപ്പാക്കണം, പ്രധാന മന്ത്രി മത്സ്യ സംപാദ യോജനയില്‍ നിന്നും മത്സ്യം വളര്‍ത്തല്‍, സംയോജിത നെല്‍കൃഷി – മത്സ്യം വളര്‍ത്തല്‍ പദ്ധതികള്‍ക്ക് സബ്സിഡിയോടുകൂടി തുകയനുവദിക്കണമെന്നും നിവേദനത്തില്‍ പറയുന്നു.
കൂടിക്കാഴ്ചയില്‍ മണ്ഡലത്തിലെ മത്സ്യ ബന്ധന മേഖലയിലെ വികസനാവശ്യങ്ങള്‍ പരിശോധിച്ച് മുന്‍ഗണനാടിസ്ഥാനത്തില്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി എം പി അറിയിച്ചു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
