Connect with us

Travelogue

കെയ്‌റോയിലെ ആഘോഷ വിശേഷങ്ങള്‍

ഉച്ചഭക്ഷണത്തിന് ശേഷം ഈജിപ്തുകാർക്കൊപ്പം മലയാളി വിദ്യാർഥികളും നൈൽ നദിക്കരയിലേക്കും അൽ അസ്ഹർ പാർക്കിലേക്കും ഇറങ്ങും. നൈൽ നദിയിലൂടെ "ഫെലൂക്ക' എന്ന് വിളിക്കപ്പെടുന്ന പരമ്പരാഗത പായ്ക്കപ്പലുകളിലും ബോട്ടുകളിലുമുള്ള യാത്രകളാണ് സായാഹ്നങ്ങളിലെ പ്രധാന ആകർഷണം. കഫേകളിൽ വട്ടത്തിലിരുന്ന് ചായയോ കാപ്പിയോ കുടിച്ച് സുഹൃത്തുക്കളുമായി കഥകൾ പറഞ്ഞിരിക്കുന്ന കാഴ്ചകളും അവിടെ സജീവമായിരിക്കും.

Published

|

Last Updated

രു മാസക്കാലം നീണ്ടുനിന്ന റമസാനിന്റെ ആത്മീയ വസന്തത്തിന് വിടനൽകി ലോക മുസ്്ലിംകളോടൊപ്പം ഈജിപ്തും ചെറിയ പെരുന്നാൾ ഗംഭീരമായി ആഘോഷിച്ചു. ആയിരം മിനാരങ്ങളുടെ നഗരം എന്നറിയപ്പെടുന്ന കെയ്റോയിലെ പെരുന്നാൾ, വീടുകളും തെരുവുകളും പള്ളികളും നൈൽ നദിക്കരയും ഒരുപോലെ ആഹ്ലാദത്താൽ മുഖരിതമാകുന്ന വലിയൊരു സാംസ്‌കാരിക ഉത്സവമാണ്. പെരുന്നാളിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ കെയ്റോ നഗരത്തിന്റെ ആഘോഷ പ്രതീതി മനോഹരമായിരുന്നു. ഹുസൈൻ പള്ളിയുടെ പരിസരവും വിശ്വപ്രസിദ്ധമായ “ഖാൻ അൽ ഖലീലി’ മാർക്കറ്റുമെല്ലാം രാപ്പകൽ വ്യത്യാസമില്ലാതെ ജനനിബിഡമായിരുന്നു. എങ്ങും പുതിയ വസ്ത്രങ്ങൾ വാങ്ങാനും പെരുന്നാൾ വിഭവങ്ങൾ ഒരുക്കാനുമുള്ള തിരക്കുകൾ. അതിൽ പ്രധാനിയാണ് കഹ്ക്.

ഫറവോമാരുടെ കാലം മുതൽ ഈജിപ്തിൽ നിലനിൽക്കുന്ന ഒരുതരം മധുരപലഹാരമാണിത്. നെയ്യും മാവും കുഴച്ച് ഉള്ളിൽ ഈന്തപ്പഴമോ അണ്ടിപ്പരിപ്പുകളോ നിറച്ച് മുകളിൽ പഞ്ചസാരപ്പൊടി വിതറിയാണ് ഇത് തയ്യാറാക്കുന്നത്. റമസാനിന്റെ അവസാന ദിനങ്ങളിൽ കെയ്റോയിലെ ഒട്ടുമിക്ക വീടുകളിൽ നിന്നും ബേക്കറികളിൽ നിന്നും ഇതിന്റെ ഗന്ധം തെരുവുകളിലേക്ക് ഒഴുകിയെത്തും. പെരുന്നാൾ ദിവസം വരുന്ന അതിഥികളെ സത്കരിക്കുന്നത് ഈ പലഹാരം നൽകിക്കൊണ്ടാണ്.

കേരളത്തിലേതുപോലെ ഈജിപ്തിലും പെരുന്നാൾ ദിനം തുടങ്ങുന്നത് പള്ളികളിൽ നിന്നുള്ള തക്ബീർ ധ്വനികളോടെയാണ്. അൽ അസ്ഹർ പള്ളി, ഹുസൈൻ പള്ളി, അംറ് ഇബ്‌നുൽ ആസ് പള്ളി തുടങ്ങിയ ചരിത്രപ്രസിദ്ധമായ പള്ളികളിലേക്ക് ആയിരക്കണക്കിനാളുകൾ ഒഴുകിയെത്തും. പുതു വസ്ത്രങ്ങളണിഞ്ഞ് നിസ്‌കാരത്തിൽ പങ്കെടുക്കും.

പെരുന്നാൾ നിസ്‌കാര ശേഷം ഏറ്റവും ആകർഷകമായ കാഴ്ച “ബലൂൺ മഴ’യാണ്. പള്ളിയുടെ മുകൾത്തട്ടിൽ കെട്ടിവെച്ചിരിക്കുന്ന കൂറ്റൻ വലകൾ അഴിച്ചുവിടുകയും ആയിരക്കണക്കിന് വർണ ബലൂണുകൾ മഴപോലെ പെയ്തിറങ്ങുകയും ചെയ്യും. കുട്ടികളുടെ സന്തോഷവും ചിരിയും അലയടിക്കുന്ന ഈ കാഴ്ച ഈജിപ്തിന് മാത്രം അവകാശപ്പെട്ടതാണ്. പിന്നീട് പരസ്പരം ആശ്ലേഷിച്ചും ആശംസകൾ കൈമാറിയും അവർ സ്‌നേഹം പങ്കിടും. “കുല്ലു ആം വ അൻതും ബി ഖൈർ’ (ഓരോ വർഷവും നിങ്ങൾക്ക് നന്മകളുടേതാകട്ടെ) എന്നാണ് ഇവിടുത്തെ പ്രധാന ആശംസ. ഇതിനൊപ്പം മുതിർന്നവർ കുട്ടികൾക്ക് നൽകുന്ന പെരുന്നാൾ സമ്മാനമാണ് ഈദിയ്യ. പത്തിന്റെയും ഇരുപതിന്റെയും നോട്ടുകൾ കുട്ടികൾക്ക് നൽകുന്ന രീതിയാണിത്. പള്ളികളിൽ നിന്ന് പിരിഞ്ഞതിന് ശേഷം അസ്ഹറിലെ വിവിധ രാജ്യക്കാരായ വിദ്യാർഥികൾ അവരവരുടെ റുവാഖുകളിൽ ഒത്തുചേർന്ന് ആത്മീയ സംഗമങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഞങ്ങൾ മലയാളികളും ഞങ്ങളുടെ റുവാഖിൽ ഒരുമിച്ച് കൂടി.

സദസ്സിന് നേതൃത്വം നൽകിയത് നൈജീരിയക്കാരനായ യുവപണ്ഡിതൻ ശൈഖ് മുഹമ്മദ് അൽ ഖാമിസ് ആണ്. ഇമാം ബുഖാരി(റ)യുടെയും ഇമാം മുസ്്ലിം (റ) ന്റേതടക്കമുള്ള ഒമ്പത് ഹദീസ് സമാഹാരങ്ങൾ ഹൃദിസ്ഥമാക്കിയ പണ്ഡിതനാണദ്ദേഹം! സ്വഹീഹുൽ ബുഖാരി ഉൾപ്പെടെയുള്ള നിരവധി ഗ്രന്ഥങ്ങൾ. പലതവണ ദർസ് നടത്തിയ അദ്ദേഹത്തിന്റെ വിനയവും പാണ്ഡിത്യവും ഞങ്ങളെ അത്ഭുതപ്പെടുത്തി. മുൻഗാമികളായ പണ്ഡിതന്മാർ എത്രത്തോളം കൃത്യതയോടെയും വൈകാരികമായ അടുപ്പത്തോടെയുമാണ് ഓരോ ഹദീസുകളും കാത്തുസൂക്ഷിച്ചിരുന്നത് എന്ന് അദ്ദേഹം പറഞ്ഞു തന്നു. തുടർന്ന് തന്റെ ഗുരുവിലൂടെ ലഭിച്ച പെരുന്നാൾ ദിനവുമായി ബന്ധപ്പെട്ട മുസൽസലായ ഹദീസ് അവയുടെ സനദ് സഹിതം ഞങ്ങൾക്ക് കൈമാറി. പരിപാടിയിൽ പങ്കെടുത്ത ഞങ്ങൾക്കെല്ലാം അദ്ദേഹം ചില ഇജാസത്തുകളും നൽകി.

ഈ ഈജിപ്ഷ്യൻ ആഘോഷങ്ങൾക്കപ്പുറം അൽ അസ്ഹറിലെ വിദേശ വിദ്യാർഥികൾക്കായുള്ള ഹോസ്റ്റൽ സമുച്ചയമായ മദീനത്തുൽ ബുഊസിൽ വ്യത്യസ്തമായ പെരുന്നാൾ ആഘോഷം നടക്കാറുണ്ട്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള നൂറിലധികം രാജ്യങ്ങളിലെ വിദ്യാർഥികളാണ് ഈ ഹോസ്റ്റലിലുള്ളത്. പെരുന്നാൾ ദിനത്തിൽ മദീനത്തുൽ ബുഊസ് ലോക മുസ്്ലിം ഉമ്മത്തിന്റെ ഒരു ചെറിയ പതിപ്പായി മാറും. ആഫ്രിക്കൻ വൻകരയുടെ തനത് വേഷങ്ങളണിഞ്ഞവർ ഇന്തോനേഷ്യൻ – മലേഷ്യൻ വിദ്യാർഥികളുടെ പരമ്പരാഗത വസ്ത്രങ്ങൾ യൂറോപ്പിൽ നിന്നും ഏഷ്യയിൽ നിന്നുമുള്ള വ്യത്യസ്ത സംസ്‌കാരങ്ങൾ എന്നിവയെല്ലാം ഒരൊറ്റ മൈതാനത്ത് സംഗമിക്കുന്ന കാഴ്ച അവർണനീയമാണ്.

ഭാഷയും ദേശവും നിറവും വ്യത്യസ്തമാണെങ്കിലും പരസ്പരം ആലിംഗനം ചെയ്തും അവരവരുടെ നാടുകളിലെ തനത് പെരുന്നാൾ വിഭവങ്ങൾ പരസ്പരം കൈമാറിയും അതിരുകളില്ലാത്ത ഇസ്്്ലാമിക സാഹോദര്യത്തിന്റെ ഏറ്റവും മനോഹരമായ ചിത്രമാണ് മദീനത്തുൽ ബുഊസ് പെരുന്നാൾ ദിനത്തിൽ ലോകത്തിന് കാണിച്ചുതരുന്നത്. ഓരോ രാജ്യക്കാരും അവരുടേതായ രീതിയിൽ പാട്ടുകൾ പാടിയും സന്തോഷങ്ങൾ പങ്കുവെച്ചും ഈ ദിനം അവിസ്മരണീയമാക്കുന്നു.
ഇതിനിടയിൽ ആയിരക്കണക്കിന് മൈലുകൾക്കപ്പുറമുള്ള സ്വന്തം നാടിന്റെ ഓർമകളെ നെഞ്ചോട് ചേർത്ത് അസ്ഹറിലെ മലയാളി വിദ്യാർഥികളും തങ്ങളുടേതായ ഒരു “നാടൻ പെരുന്നാൾ’ കെയ്റോയിൽ സൃഷ്ടിച്ചെടുക്കാറുണ്ട്.

പള്ളിയിലെ നിസ്‌കാരത്തിനും പ്രാർഥനകൾക്കും ശേഷം മലയാളികൾ പല ഗ്രൂപ്പുകളായി വിവിധ റൂമുകളിൽ ഒരുമിച്ചുകൂടിയാണ് പെരുന്നാൾ ഭക്ഷണം കഴിക്കാറുള്ളത്. ഇത്തവണ എന്നെ ഭക്ഷണത്തിനായി ക്ഷണിച്ചത് സുഹൃത്തായ യാസർ അറാഫത്താണ്. പ്രിയ സുഹൃത്ത് നിയാസാണ് ഭക്ഷണം പാകം ചെയ്തത്. കേരള സ്‌റ്റൈൽ ബിരിയാണിയും കോഴി പൊരിച്ചതും തൈരും സലാഡുമൊക്കെയായി നാടിന്റെ രുചിയും മണവും കെയ്റോയിലെ ആ ചെറിയ മുറിയിൽ പുനഃസൃഷ്ടിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു. കെയ്റോയുടെ മണ്ണിലിരുന്ന് സുഹൃത്തുക്കൾക്കൊപ്പം വട്ടത്തിലിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ കുടുംബത്തിൽ നിന്നകന്നു നിൽക്കുന്നതിന്റെ വിരഹം ഒരു പരിധിവരെ ഞങ്ങൾക്ക് മറികടക്കാനായി.

ഉച്ചഭക്ഷണത്തിന് ശേഷം ഈജിപ്തുകാർക്കൊപ്പം മലയാളി വിദ്യാർഥികളും നൈൽ നദിക്കരയിലേക്കും അൽ അസ്ഹർ പാർക്കിലേക്കും ഇറങ്ങും. നൈൽ നദിയിലൂടെ “ഫെലൂക്ക’ എന്ന് വിളിക്കപ്പെടുന്ന പരമ്പരാഗത പായ്ക്കപ്പലുകളിലും ബോട്ടുകളിലുമുള്ള യാത്രകളാണ് സായാഹ്നങ്ങളിലെ പ്രധാന ആകർഷണം. കഫേകളിൽ വട്ടത്തിലിരുന്ന് ചായയോ കാപ്പിയോ കുടിച്ച് സുഹൃത്തുക്കളുമായി കഥകൾ പറഞ്ഞിരിക്കുന്ന കാഴ്ചകളും അവിടെ സജീവമായിരിക്കും.

 

 

---- facebook comment plugin here -----

Latest