Kerala
ചരക്കുകപ്പലിലെ തീപ്പിടിത്തം: കടലില്‍ ചാടിയവരുമായി കോസ്റ്റ് ഗാർഡിന്റെ കപ്പൽ തീരത്തേക്ക്
കപ്പൽ നിയന്ത്രണമില്ലാതെ ഒഴുകി നടക്കുകയാണെന്നും തീയണക്കാനുള്ള ശ്രമങ്ങൾ തുടരുന്നുവെന്നും നാവികസേന

കോഴിക്കോട് | കേരള തീരത്ത് ബേപ്പൂർ പുറം കടലിൽ തീപിടിച്ച ചരക്കു കപ്പലിൽ നിന്നും കടലിൽ ചാടിയ 18 ജീവനക്കാരും സുരക്ഷിതരെന്ന് വിവരം. ഇവരുമായി കോസ്റ്റ് ഗാർഡിന്റെ കപ്പൽ തീരത്തേക്ക് തിരിച്ചിട്ടുണ്ട്. അഞ്ച് പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ബേപ്പൂരിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കും.
കപ്പലില്‍ കുടുങ്ങിക്കിടന്ന നാല് ജീവനക്കാരെ കണ്ടെത്താനായില്ല. കോസ്റ്റ്ഗാർഡിന്റെ അഞ്ച് കപ്പലുകൾ, മൂന്ന് ഡോണിയർ വിമാനങ്ങൾ തുടങ്ങിയവയാണ് രക്ഷാപ്രവർത്തനത്തിനായി തിരിച്ചിട്ടുണ്ട്. ഐ എൻ എസ് ഗരുഡയും ഐ എൻ എസ് സൂറത്തും ഓപ്പറേഷനിലുണ്ട്. കപ്പൽ നിയന്ത്രണമില്ലാതെ ഒഴുകി നടക്കുകയാണെന്നും തീയണക്കാനുള്ള ശ്രമങ്ങൾ തുടരുന്നുവെന്നും നാവികസേന അറിയിച്ചു. തായ്‌വാൻ, ഇന്തോനേഷ്യ, മ്യാൻമർ എന്നിവടങ്ങളിൽ നിന്നുള്ളവരാണ് കപ്പലിൽ കുടുങ്ങിക്കിടന്നത്.
കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന സിംഗപ്പൂർ പതാക വഹിക്കുന്ന ‘വാൻ ഹായ് 503’ എന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്. ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറ് ഭാഗത്ത് ഏകദേശം 145 കിലോമീറ്ററോളം ഉള്‍ക്കടലിലാണ് സംഭവം. കപ്പലിലുണ്ടായ പൊട്ടിത്തെറിയാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് നിഗമനം.
കപ്പലിൽ ഉണ്ടായിരുന്ന 22 തൊഴിലാളികളില്‍ 18 പേർ കടലിലേക്ക് ചാടി രക്ഷപ്പെടുകയിയിരുന്നു. കോസ്റ്റ് ഗാർഡിൽ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച്, അപകടം നടന്ന കപ്പൽ ബേപ്പൂരിൽ നിന്ന് 72 നോട്ടിക്കൽ മൈൽ അകലെയാണ്. എന്നാൽ അഴീക്കലിന് സമീപമാണ് അപകടം സംഭവിച്ചിരിക്കുന്നത്. കൊളംബോയിൽ നിന്ന് രണ്ട് ദിവസം മുമ്പാണ് കപ്പൽ പുറപ്പെട്ടത്.
ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഐ.സി.ജി.എസ് സാചേത്, അർണവേഷ്, സമുദ്ര പ്രഹരി, അഭിനവ്, രാജ്ദൂത്, സി144 എന്നീ കപ്പലുകൾ രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. രാവിലെ 10 മണിയോടെയാണ് അപകടവിവരം ലഭിച്ചത്. ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിനായി കപ്പൽ അയക്കുകയും ചെയ്തു. ഈ കപ്പൽ ഉടൻ തന്നെ തീപിടിച്ച കപ്പലിന് സമീപമെത്തും. കോസ്റ്റ് ഗാർഡിന്റെ ഡ്രോണിയർ വിമാനം നിരീക്ഷണത്തിനായി സ്ഥലത്ത് എത്തിയിട്ടുണ്ട്.
കപ്പലിലുണ്ടായിരുന്ന 650-ഓളം കണ്ടെയ്‌നറുകളിൽ 50 എണ്ണം വെള്ളത്തിൽ പതിച്ചതായും വിവരമുണ്ട്. കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകാൻ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.