Editorial
ക്യാമ്പസ് ആത്മഹത്യകള്‍: നീതിപീഠം ഒച്ചവെക്കുന്നു
ഓരോ വര്‍ഷവും രാജ്യത്തുടനീളമുള്ള വിവിധ ക്യാമ്പസുകളില്‍ നിരവധി വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്യുന്നത്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലും സാമൂഹിക മാനസികാവസ്ഥയിലും അടിസ്ഥാനപരമായി എന്തോ തകരാര്‍ സംഭവിച്ചുവെന്നതിന്റെ ലക്ഷണങ്ങളാണിത്.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോച്ചിംഗ് സെന്ററുകളിലും വര്‍ധിച്ചുവരുന്ന ആത്മഹത്യകള്‍ തടയുന്നതിന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. മാനസികാരോഗ്യത്തിനുള്ള അവകാശം ജീവിക്കാനും അന്തസ്സിനുമുള്ള മൗലികാവകാശത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് വ്യക്തമാക്കി ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബഞ്ചാണ് ഭരണഘടനാ അനുഛേദം 141 പ്രകാരം മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. മാനസിക ക്ഷേമം ജീവിക്കാനുള്ള അവകാശത്തില്‍ നിന്ന് വേര്‍തിരിക്കാനാകാത്തതാണ്. കിടമത്സരത്തോടെയുള്ള റാങ്കിംഗും ഫല സംസ്‌കാരവും വളര്‍ത്തുന്നതിന് കോച്ചിംഗ് സെന്ററുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബഞ്ച് വിമര്‍ശിക്കുകയും ചെയ്തിരുന്നു.
സ്‌കൂളുകള്‍, കോളജുകള്‍, കോച്ചിംഗ് സെന്ററുകള്‍, സര്‍വകലാശാലകള്‍, പരിശീലന അക്കാദമികള്‍, ഹോസ്റ്റലുകള്‍ എന്നിവ ഉള്‍പ്പെടെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കുമായിട്ടാണ് സുപ്രീം കോടതി മാര്‍ഗ നിര്‍ദേശം പുറത്തിറക്കിയത്. അക്കാദമിക് സമ്മര്‍ദം, പരീക്ഷാ സമ്മര്‍ദം, സ്ഥാപനപരമായ പിന്തുണയുടെ അഭാവം എന്നിവ കാരണമാണ് നിരവധി വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്നതെന്ന് കോടതി ചൂണ്ടിക്കാണിച്ചു. നിര്‍ബന്ധിത മാനസികാരോഗ്യ കൗണ്‍സലിംഗ്, പ്രവര്‍ത്തനപരമായ പരാതി പരിഹാര സംവിധാനങ്ങള്‍, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിയന്ത്രണ മേല്‍നോട്ടം തുടങ്ങിയ നടപടികള്‍ മാര്‍ഗ നിര്‍ദേശത്തില്‍ ആവശ്യപ്പെടുന്നു.
പരീക്ഷ, അക്കാദമിക മാറ്റ കാലയളവുകളില്‍ അനൗപചാരികവും രഹസ്യവുമായ പിന്തുണ നല്‍കുന്നതിനായി, വിദ്യാര്‍ഥികളുടെ ചെറിയ ബാച്ചുകളിലേക്ക് കൗണ്‍സലര്‍മാരെ നിയോഗിക്കണം, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ അധ്യാപക- അനധ്യാപക ജീവനക്കാരും വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും നിര്‍ബന്ധിത മാനസികാരോഗ്യ പരിശീലനം നേടണം, ദുര്‍ബലരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ സമൂഹങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുമായി സംവേദനക്ഷമതയോടെയും സമഗ്രമായും ഇടപഴകാന്‍ ജീവനക്കാര്‍ സജ്ജരാണെന്ന് സ്ഥാപനങ്ങള്‍ ഉറപ്പാക്കണം, വിവേചനരഹിതമായ സമീപനം ഉയര്‍ത്തിപ്പിടിക്കണം, ലൈംഗിക പീഡനം, റാഗിംഗ് എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യുന്നതിനും ഇരകളാക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മാനസിക- സാമൂഹിക പിന്തുണ നല്‍കുന്നതിനും സ്ഥാപനങ്ങള്‍ ആഭ്യന്തര സമിതികള്‍ സ്ഥാപിക്കണം, രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ പരിപാടികള്‍ നടത്തണം തുടങ്ങിയ നിര്‍ദേശങ്ങളാണ് സുപ്രീം കോടതി മുന്നോട്ടുവെച്ചിട്ടുള്ളത്.
ഓരോ വര്‍ഷവും രാജ്യത്തുടനീളമുള്ള വിവിധ ക്യാമ്പസുകളില്‍ നിരവധി വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്യുന്നത്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലും സാമൂഹിക മാനസികാവസ്ഥയിലും അടിസ്ഥാനപരമായി എന്തോ തകരാര്‍ സംഭവിച്ചുവെന്നതിന്റെ ലക്ഷണങ്ങളാണിത്. വളര്‍ന്നുവരുന്ന ഈ ദുരന്തം തിരിച്ചറിഞ്ഞുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ രാജ്യത്തെ വിദ്യാര്‍ഥികള്‍ ഉള്‍ക്കൊള്ളുന്ന ഓരോ മേഖലയിലും നടപ്പാക്കേണ്ടതുണ്ട്. വിദ്യാഭ്യാസം വിദ്യാര്‍ഥികളെ ഭയപ്പെടുത്തുന്നതോ ഭാരപ്പെടുത്തുന്നതോ ആകരുത്. അതിന് സിലബസുകളും ക്യാമ്പസുകളും പരിവര്‍ത്തനപ്പെടേണ്ടതുണ്ട്. വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥ ലക്ഷ്യം ഗ്രേഡുകളോ റാങ്കിംഗുകളോ അല്ല മറിച്ച് അന്തസ്സോടെയും ആത്മവിശ്വാസത്തോടെയും ലക്ഷ്യബോധത്തോടെയും ജീവിക്കാന്‍ കഴിവുള്ള ഒരു മനുഷ്യന്റെ സമഗ്രമായ വളര്‍ച്ചയാണെന്ന് സുപ്രീം കോടതി തന്നെ പറയുന്നുണ്ട്.
മത്സര പരീക്ഷാ സംവിധാനങ്ങള്‍ പലപ്പോഴും വിദ്യാര്‍ഥികളെ നിരന്തരമായ മാനസിക സമ്മര്‍ദത്തിന് വിധേയരാക്കുന്നു. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ പലപ്പോഴും ഒരു വലയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് ഇക്കാര്യത്തെ സൂചിപ്പിച്ച് സുപ്രീം കോടതി നിരീക്ഷിച്ചത്. ഇത്തരം പരീക്ഷകളിലൂടെ ജീവിതം പരീക്ഷണങ്ങളുടെ ഒരു പരമ്പരയായി മാറുന്നു. പരാജയത്തെ വളര്‍ച്ചയുടെ ഭാഗമായിട്ടല്ല, മറിച്ച് വിനാശകരമായ അന്ത്യമായിട്ടാണ് ഇവര്‍ കാണുന്നതെന്നും കോടതി നിരീക്ഷിക്കുന്നുണ്ട്.
കേവലം മത്സര പരീക്ഷകളില്‍ ഒതുങ്ങുന്നില്ല വിദ്യാര്‍ഥികളുടെ സമ്മര്‍ദം എന്നതാണ് ഒരു ഇന്ത്യന്‍ യാഥാര്‍ഥ്യം. രാജ്യത്തെ ഉന്നത കലാലയങ്ങളിലെ ജാതിമേല്‍ക്കോയ്മ മുതല്‍ അധ്യാപകരുടെ അനാവശ്യ പിടിവാശികള്‍ വരെ വിദ്യാര്‍ഥികളെ സമ്മര്‍ദപ്പെടുത്തുന്നുണ്ട്. അതിനാല്‍ അക്കാദമിക സംവിധാനത്തില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച സമഗ്രമായ ഒരു പഠനം ആവശ്യമാണ്. വിദ്യാഭ്യാസം എളുപ്പമാക്കുകയെന്നതല്ല ഇതുകൊണ്ടുള്ള ലക്ഷ്യം, മറിച്ച് അത് ആരോഗ്യകരമാക്കുക എന്നതാണ്.
സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ വിജയം കൂട്ടായ ഇച്ഛാശക്തിയെ ആശ്രയിച്ചിരിക്കുന്നു. അധ്യാപകരെയും മാതാപിതാക്കളെയും ബോധവത്കരിക്കുകയും, ഭയമോ അപമാനമോ കൂടാതെ മാനസിക പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയും വേണം. ഏറ്റവും പ്രധാനമായി, സ്‌കൂളുകളും സര്‍വകലാശാലകളും മാനസികാരോഗ്യത്തെ പുറത്തു നിന്നുള്ള പ്രശ്നമായി കണക്കാക്കുന്നത് നിര്‍ത്തണം. വിദ്യാര്‍ഥികളുടെ മാനസിക സമ്മര്‍ദങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിന് അധ്യാപകരെ സ്ഥാപനങ്ങള്‍ പ്രാപ്തമാക്കണം. വിദ്യാര്‍ഥികളുടെ മാനസിക ഉന്മേഷം കൂടി സ്ഥാപനങ്ങളുടെ ദൗത്യത്തിന്റെ കേന്ദ്ര ബിന്ദുവായി മാറണം. സുപ്രീം കോടതിയുടെ ഈ വിധി നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഘടന പുനഃപരിശോധിക്കാനുള്ള നയരൂപവത്കരണത്തിന് ഹേതുവാകുകയും ചെയ്യണം. മാനസികാരോഗ്യത്തെക്കുറിച്ചുള്ള സംഭാഷണങ്ങള്‍ അടച്ചിട്ട മുറികള്‍ക്കപ്പുറത്തേക്ക് നീങ്ങുകയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറുകയും വേണം. വീടുകളിലും ക്ലാസ്സ് മുറികളിലും പൊതുവ്യവഹാരങ്ങളിലും ഇത് ചര്‍ച്ച ചെയ്യപ്പെടണം. ഇക്കാര്യത്തില്‍ നിശബ്ദത തുടര്‍ന്നാല്‍ നമ്മുടെ ക്യാമ്പസുകളിലെ ആത്മഹത്യാ നിരക്കുകള്‍ ഉയരാനേ ഇടവരുത്തുകയുള്ളൂവെന്ന തിരിച്ചറിവുണ്ടായിരിക്കണം.