From the print
കേരളത്തിന് 500 മെഗാവാട്ടിന്റെ കോള്‍ ലിങ്കേജ്
സംസ്ഥാന ചരിത്രത്തിലാദ്യമെന്ന് കെ എസ് ഇ ബി
തിരുവനന്തപുരം | ചരിത്രത്തിലാദ്യമായി സംസ്ഥാനത്തിന് 500 മെഗാവാട്ടിന്റെ കോള്‍ ലിങ്കേജ് ലഭിച്ചെന്ന് കെ എസ് ഇ ബി. 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ കല്‍ക്കരി കേന്ദ്ര കല്‍ക്കരി മന്ത്രാലയം കേരളത്തിന് ലഭ്യമാക്കും. ശക്തി ബി- നാല് പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രം കേരളത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വൈദ്യുതോത്പാദനത്തിനായി കല്‍ക്കരി ലഭ്യമാക്കുന്നതെന്നും കെ എസ് ഇ ബി അറിയിച്ചു.
സംസ്ഥാനം രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുകയാണെന്നും ഇത് പരിഹരിക്കാന്‍ 500 മെഗാവാട്ട് വൈദ്യുതി അടിയന്തരമായി ലഭ്യമാക്കണമെന്നും കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടിരുന്നു.
കുത്തനെ ഉയരുന്ന വൈദ്യുതി ആവശ്യകത നേരിടാന്‍ പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് ഉയര്‍ന്ന വിലക്ക് തത്സമയം വൈദ്യുതി വാങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും കേരളം കേന്ദ്ര ഊര്‍ജ മന്ത്രാലയത്തെ ധരിപ്പിക്കുകയുണ്ടായി. 2031-32 ഓടെ 80 ജിഗാവാട്ട് വൈദ്യുതി കല്‍ക്കരിയില്‍ നിന്ന് ഉത്പാദിപ്പിക്കുകയാണ് കേന്ദ്ര വൈദ്യുതി മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് കെ എസ് ഇ ബി അറിയിച്ചു.
സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി തയ്യാറാക്കിയ റിസോഴ്സ് അഡെക്വസി പ്ലാന്‍ അനുസരിച്ച് കേരളത്തിന് 2031-32 ഓടെ 1473 മെഗാവാട്ടിന്റെ കല്‍ക്കരി അധിഷ്ഠിത വൈദ്യുതി അധികമായി ആവശ്യമായി വരുമെന്നും കെ എസ് ഇ ബി വിശദീകരിച്ചു. നിലവിലെ ലഭ്യത ഏകദേശം 400 മെഗാവാട്ട് മാത്രമാണ്. ശക്തി ബി- നാല് പദ്ധതിയുടെ ഭാഗമായി കേരളത്തിന് കോള്‍ ലിങ്കേജ് അനുവദിക്കാവുന്നതാണെന്ന് സെന്‍ട്രല്‍ ഇലക്ട്രിസിറ്റി ഏജന്‍സിയും നിതി ആയോഗും ശിപാര്‍ശ ചെയ്തിരുന്നു. ഈ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് കേന്ദ്ര കല്‍ക്കരി മന്ത്രാലയം കേരളത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ കോള്‍ ലിങ്കേജ് അനുവദിച്ച് ഉത്തരവായതെന്നും കെ എസ് ഇ ബി അറിയിച്ചു.




