International
കെയ്‌റോ സമാധാന സമ്മേളനം ഇന്ന്
ഗസ്സയില്‍ ഉടനടി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനാണ് ഉച്ചകോടി ലക്ഷ്യമിടുന്നതെന്ന് ഈജിപ്ഷ്യന്‍ അധികൃതര്‍ നേരത്തെ പ്രസ്താവനയില്‍ അറിയിച്ചു.
കെയ്റോ| ഇസ്‌റാഈല്‍ ആക്രമണം തുടരുന്നതിനിടെ ഗസ്സയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫത്ത അല്‍സിസിയുടെ നേതൃത്വത്തില്‍ കെയ്റോയില്‍ ശനിയാഴ്ച സമാധാന സമ്മേളനം നടക്കും. സമ്മേളനത്തില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് പങ്കെടുക്കും.
ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ബഹ്റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, കുവൈത്ത് കിരീടാവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, ഫ്രഞ്ച് വിദേശകാര്യമന്ത്രി കാതറിന്‍ കൊളോണ, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍, യൂറോപ്യന്‍ യൂണിയന്‍ ഉന്നത നയതന്ത്രജ്ഞന്‍ ജോസെപ് ബോറെല്‍, ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ്, ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, സൗത്ത് ആഫ്രിക്കന്‍ പ്രധാനമന്ത്രി സിറില്‍ രാമഫോസ എന്നിവരും പങ്കെടുക്കും.
ഇസ്‌റാഈലിന്റെ ഗസ്സയ്ക്കുനേരെയുള്ള നിരന്തര ബോംബാക്രമണത്തില്‍ 4,000ത്തില്‍ അധികം ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 13,000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഗസ്സയില്‍ ഉടനടി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനാണ് ഉച്ചകോടി ലക്ഷ്യമിടുന്നതെന്ന് ഈജിപ്ഷ്യന്‍ അധികൃതര്‍ നേരത്തെ പ്രസ്താവനയില്‍ അറിയിച്ചു. റഫ അതിര്‍ത്തിയില്‍ സഹായ ട്രക്കുകള്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഉച്ചകോടി വിളിച്ചുകൂട്ടിയത്. ഗസ്സക്ക് സഹായവുമായി 20 ട്രക്കുകളാണ് റഫക്ക് സമീപം കുടുങ്ങിക്കിടക്കുന്നത്.



