Kerala
വടകരയില്‍ രണ്ട് ക്ഷേത്രങ്ങളില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം
അറക്കിലാട് ശിവക്ഷേത്രത്തിലും കൂട്ടങ്ങാരം കുന്നംകുളങ്ങര ദേവി ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്.
കോഴിക്കോട്| വടകരയില്‍ രണ്ട് ക്ഷേത്രങ്ങളില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. അറക്കിലാട് ശിവക്ഷേത്രത്തിലും കൂട്ടങ്ങാരം കുന്നംകുളങ്ങര ദേവി ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. രണ്ട് ക്ഷേത്രത്തിലെയും പുറത്തെ ഭണ്ഡാരം കുത്തിത്തുറന്നാണ് പണം കവര്‍ന്നത്.
അറക്കിലാട് ശിവക്ഷേത്രത്തില്‍ ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് പണം കവര്‍ന്ന നിലയിലാണ്. രണ്ടു പേര്‍ പണം എടുക്കുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സ്ഥലത്തെക്കുറിച്ച് ധാരണയുള്ള ആളുകളാണ് മോഷണം നടത്തിയതെന്നാണ് സൂചന. ഭണ്ഡാരം തുറന്ന് പണം തിട്ടപ്പെടുത്തേണ്ട സമയമായ ഘട്ടത്തിലാണ് മോഷണം നടന്നത്.
കൂട്ടങ്ങാരം കുന്നംകുളങ്ങര ക്ഷേത്രത്തിലെ കാണിക്കയിടുന്ന പ്രധാനപ്പെട്ട ഭണ്ഡാരമാണ് മോഷ്ടാക്കള്‍ കുത്തി തുറന്ന് പണം കവര്‍ന്നത്. ഇന്ന് ഭണ്ഡാരം തുറന്ന് പണം എണ്ണിതിട്ടപ്പെടുത്താന്‍ നിശ്ചയിച്ചിരിക്കെയാണ് സംഭവം. രാവിലെ ക്ഷേത്രത്തില്‍ പാട്ടു വെയ്ക്കാന്‍ വന്നയാളാണ് സംഭവം ആദ്യം കണ്ടത്. ഇയാള്‍ ഉടന്‍ നമ്പൂതിരിയെ വിവരം അറിയിച്ചു. ഓഫീസിന്റെ പൂട്ട് തകര്‍ത്ത നിലയിലാണെങ്കിലും അവിടെ നിന്ന് ഒന്നും നഷ്ടമായിട്ടില്ല. രണ്ടിടങ്ങളിലും പോലീസ് പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.