Connect with us

buldozer raj

ബുൾഡോസർ മുരൾച്ച തിരഞ്ഞെടുപ്പ് കാഹളമോ?

അമിതാധികാര പ്രയോഗത്തിന്റെ അടയാളമായി ബുൾഡോസർ ഇന്ത്യയിലെ ന്യൂ നോർമലാകുന്നതിന്റെ ഉദാഹരണങ്ങൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി വിവിധ സംസ്ഥാനങ്ങളിലായി കണ്ടുവരുന്നു. ഒടുവിലിതാ അസമിലും യു പിയിലും മദ്റസകൾക്ക് (അറബിക് കോളജുകൾ) നേരെ കൂടി ബുൾഡോസറുകൾ എത്തുന്നു. സാമ്പത്തിക അസ്ഥിരീകരണത്തിന് പുറമെ, വിജ്ഞാനോത്പാദന കേന്ദ്രങ്ങളെ കൂടി ഇല്ലായ്മ ചെയ്യുകയാണ് ഈ ജെ സി ബിക്കൈകൾ.

Published

|

Last Updated

“ബുൾഡോസർ ബാബ’ എന്നത് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഫാൻസുകാർ വിളിക്കുന്ന പേരാണ്. കഴിഞ്ഞ യു പി നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ചാർത്തിക്കൊടുത്തത്്. ബി ജെ പിയുടെ പ്രധാന പ്രചാരണ ആയുധവും ജെ സി ബിയായിരുന്നു. തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിൽ എൻ ഡി എ സ്ഥാനാർഥി എ എൻ രാധാകൃഷ്ണൻ ജെ സി ബിക്കൈയിൽ കയറിയതും ബി ജെ പിയുടെ ജെ സി ബി രാഷ്ട്രീയത്തെ വരച്ചിടാനായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നാണംകെട്ട് പുറത്തുപോകുന്നതിന് മുമ്പ് ബോറിസ് ജോൺസൺ ഇന്ത്യയിലെത്തിയ സമയത്ത് ഗുജറാത്തിലെ ജെ സി ബി പ്ലാന്റിലെത്തി അതിലൊന്നിൽ കയറിയത് രണ്ടാം യോഗി സർക്കാറിന്റെ ബുൾഡോസർ രാജിനെ സാധൂകരിക്കാൻ കൂടിയായിരുന്നു. അമിതാധികാര പ്രയോഗത്തിന്റെ അടയാളമായി ബുൾഡോസർ ഇന്ത്യയിലെ ന്യൂ നോർമലാകുന്നതിന്റെ ഉദാഹരണങ്ങൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി വിവിധ സംസ്ഥാനങ്ങളിലായി കണ്ടുവരുന്നു. നേരത്തേ, ബലാത്സംഗ കേസിൽ പെടുന്ന പ്രതികളുടെ വീടുകളും സ്വത്തുക്കളുമാണ് ജെ സി ബി ഉപയോഗിച്ച് തകർത്തിരുന്നത് എങ്കിൽ ഇന്ന്, ഭരണകൂടത്തിന് അലോസരമുണ്ടാക്കുന്ന ഏതൊരാളുടെയും സ്വത്തുവകകൾ ബുൾഡോസ് ചെയ്യുന്ന കാഴ്ചയാണുള്ളത്. ബലാത്സംഗ കേസുകളിൽ പോലീസ് പിടികൂന്നവരെ എൻകൗണ്ടർ ചെയ്താലും അവരുടെ വീടുകളും സ്വത്തുക്കളും നശിപ്പിച്ചാലും പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്നതാണെന്നും അതിനെതിരെ ആരും മുരടനക്കില്ലെന്നും അധികൃതർക്ക് അറിയാം. എന്നാൽ, കോടതിക്ക് പുറത്ത് ശിക്ഷ നടപ്പാക്കുകയെന്ന ജനാധിപത്യ, പരിഷ്‌കൃത സംവിധാനത്തിന് ഒട്ടുംയോജ്യമല്ലാത്ത ചെയ്തിയാണ് ഇതിലൂടെയുണ്ടാകുന്നതെന്നും അത് ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും നീതിന്യായ വ്യവസ്ഥിതിയെ തന്നെ അപകടത്തിലാക്കുമെന്നുമുള്ള മുന്നറിയിപ്പ് വിദഗ്ധർ നൽകിയതാണ്. ഹൈദരാബാദിലും ഉത്തർ പ്രദേശിലും മറ്റ് പല സ്ഥലങ്ങളിലും ഇങ്ങനെ പോലീസുകാർ തന്നെ എൻകൗണ്ടർ ചെയ്ത് ബലാത്സംഗ കേസുകളിൽ പിടികൂടിയവരെ വധിച്ചിട്ടുണ്ട്. ധാരാളം പേരുടെ സ്വത്തുവകകൾ നശിപ്പിച്ചിട്ടുണ്ട്. ഇതിന് സമാനമായ രീതിയിലാണ് വർഗീയ സംഘർഷങ്ങളിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്ന ചിലരുടെ മാത്രം വീടുകൾക്കും കടകൾക്കും നേരെ ജെ സി ബിക്കൈകൾ നീളുന്നത്. ഒടുവിലിതാ അസമിലും യു പിയിലും മദ്റസകൾക്ക് (അറബിക് കോളജുകൾ) നേരെ കൂടി ബുൾഡോസറുകൾ എത്തുന്നു. സാമ്പത്തിക അസ്ഥിരീകരണത്തിന് പുറമെ, വിജ്ഞാനോത്പാദന കേന്ദ്രങ്ങളെ കൂടി ഇല്ലായ്മ ചെയ്യുകയാണ് മദ്റസകൾക്ക് (അറബിക് കോളജുകൾ) നേരെ നീളുന്ന ജെ സി ബിക്കൈകൾ.

നാല് ദിവസം മുമ്പാണ് യു പിയിലെ അമേഠിയിലെ ഗുജാർ ടോല ഗ്രാമത്തിൽ മദ്റസ ഭരണകൂടം തകർത്തത്. ടണ്ട- ബണ്ട ദേശീയപാതയോരത്തുള്ള ഒരു ഗ്രാമമാണിത്. രണ്ട് മാസം മുമ്പ് അംറോഹയിലെ ജിബ്ര ഗ്രാമത്തിൽ, നിസ്‌കാരത്തിലെ ശബ്ദം ഉച്ചഭാഷിണിയിൽ പുറത്തേക്ക് വിടുന്നുവെന്ന ഗ്രാമീണരുടെ പരാതിയിൽ, മദ്റസ തകർത്തിരുന്നു. ഏഴ് മാസം മുമ്പ് സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമിച്ചതാണ് മദ്റസ എന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെ ഭാഷ്യം. തനിക്ക് പിതാമഹനിൽ നിന്നാണ് ഭൂമി ലഭിച്ചതെന്നും അദ്ദേഹത്തിന് 1961ൽ ഗ്രാമസഭ മുഖേനയാണ് ഭൂമി ലഭിച്ചതെന്നും അതിന്റെ എല്ലാ രേഖകളും കൈവശമുണ്ടെന്നും ഈ മദ്റസയുടെ മാനേജർ ഇഷ്തിയാഖ് അഹ്മദ് പറയുന്നു. ജനുവരിയിൽ അസംഗഢ് ജില്ലയിൽ ചാന്ദ് പാട്ടീൽ ഗ്രാമത്തിലും 600 വിദ്യാർഥികൾ പഠിക്കുന്ന മദ്റസയുടെ പ്രധാന ഭാഗം തകർത്തിരുന്നു. സംസ്ഥാനത്തെ മുഴുവൻ മദ്റസകളും പരിശോധിച്ച് സർവേ നടത്താനാണ് യോഗി ആദിത്യനാഥ് സർക്കാർ ഒടുവിൽ തീരുമാനിച്ചത്. ഇതുപ്രകാരം ദയൂബന്ദ് ദാറുൽ ഉലൂമിൽ വരെ ഉദ്യോഗസ്ഥരെത്തി എന്നാണ് പുതിയ വാർത്ത.

അസമിലും മദ്റസ പൊളിക്കൽ തകൃതിയാണ്. മാസങ്ങൾക്കിടെ നാലാമത്തെ മദ്റസ തകർത്തത് സെപ്തംബർ ആറിനായിരുന്നു. അധികൃതരല്ല, മറിച്ച് ഒരുകൂട്ടം ജനങ്ങളാണ് മദ്റസ തകർത്തത്. ആൾക്കൂട്ട ആക്രമണത്തിന്റെ മറ്റൊരു വേർഷൻ. മദ്റസ തകർക്കാൻ പോലീസാണ് തങ്ങളോട് നിർദേശിച്ചതെന്ന് പിന്നീട് വാർത്തകൾ വന്നു. യു പിയിൽ നിന്ന് വ്യത്യസ്തമായി, ഭീകരബന്ധമാണ് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ ആരോപിക്കുന്നത്. അൽ ഖാഇദ ഭീകരരെ അടവെച്ച് വിരിയിക്കുന്ന കേന്ദ്രമാണ് ഇത്തരം മദ്റസകളെന്ന് മുൻ കോൺഗ്രസ്സ് നേതാവ് കൂടിയായ ശർമ പറയുന്നു. ഭീകരബന്ധം ആരോപിക്കുന്നതോടെ തങ്ങളുടെ ചെയ്തികൾക്കുള്ള ന്യായം സ്ഥാപിക്കപ്പെടുന്നു. ആരും ചോദ്യം ചെയ്യുകയുമില്ല. ചോദ്യം ചെയ്താലോ ഭീകരരെ ന്യായീകരിക്കുന്നുവെന്ന് മറുവാദം ഉന്നയിക്കുകയോ കൂടുതൽ എതിർശബ്ദങ്ങൾ ഇല്ലാതിരിക്കാൻ ഭീകരബന്ധം ചാർത്തുകയോ ചെയ്യാം. രണ്ടായാലും സ്വസ്ഥം. പ്രധാനമന്ത്രി സ്ഥാനത്തേക്ക് കണ്ണ് വെച്ച ശർമ, സംഘ്പരിവാര നേതൃത്വത്തെ തൃപ്തിപ്പെടുത്താൻ കൂടുതൽ അടവുകൾ പയറ്റുമെന്നത് ഉറപ്പാണ്.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബി ജെ പിയുടെ ഒരുക്കങ്ങളാണ് ഇവയെന്ന് ഏത് ഗോതമ്പാഹാരം കഴിക്കുന്നവർക്കും മനസ്സിലാകും. തുടർഭരണം കിട്ടിയതോടെ കൂടുതൽ സ്ഥൂലമായാണ് സർക്കാർ ചെലവിൽ സംഘ്പരിവാർ അജൻഡകൾ നടപ്പാക്കുന്നത്. പുതിയ എം പിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പാർലിമെന്റിൽ മുഴങ്ങിയ ജയ് ശ്രീറാം വിളികളിൽ തുടങ്ങി ഇപ്പോഴത് പ്രത്യേക വിഭാഗക്കാരുടെ മാത്രം വീടുകളും പഠനകേന്ദ്രങ്ങളും തകർക്കുന്നതിലേക്ക് എത്തിയിരിക്കുന്നു. ഒന്നാം മോദി സർക്കാറിന്റെ സമയത്ത്, പാക്കിസ്ഥാനിലേക്ക് പോകൽ ആഹ്വാനങ്ങളും പശുവിന്റെ പേരിലുള്ള ആക്രമണങ്ങളും മറ്റുമാണ് അരങ്ങേറിയിരുന്നത്. ദളിതർക്ക് നേരെയുള്ള അതിക്രമങ്ങളും വ്യാപകമായിരുന്നു. മോദിക്ക് കൂട്ടായി അമിത് ഷാ കൂടി കേന്ദ്രമന്ത്രിസഭയിലെത്തിയതോടെ ഹിന്ദുത്വ ആശയങ്ങളുടെ പ്രയോഗവത്കരണത്തിന് തിടുക്കമായി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റി വെട്ടിമുറിച്ചത്, അസം എൻ ആർ സി, പൗരത്വ ഭേദഗതി നിയമം, അസം മോഡൽ ഇന്ത്യയിലുടനീളം എൻ ആർ സി നടത്തുമെന്ന പ്രഖ്യാപനം, എതിർ ശബ്ദം പുറപ്പെടുവിക്കുന്നവരെ മാത്രമല്ല അപ്രിയ മുരടനക്കം പോലും നടത്തുന്നവരെ സംഭീതരാക്കാനുള്ള കേന്ദ്ര ഏജൻസികളുടെ അഴിഞ്ഞാട്ടം തുടങ്ങി അമിതാധികാര പ്രയോഗത്തിന്റെ എല്ലാ സാധ്യതകളും ആരായുന്നതായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് കേവലം ഒന്നര വർഷത്തിൽ താഴെ മാത്രം നിലനിൽക്കെ, ജെ സി ബികൾ കൂടുതൽ വേഗതയിൽ ഇരച്ചെത്തും. ഫലസ്തീനിൽ ഇസ്്റാഈലിന്റെ അധിനിവേശത്തിൽ പ്രധാന പങ്കുവഹിക്കുന്നത് ബുൾഡോസറുകളാണെന്ന് പറയാറുണ്ട്. ഒരായുസ്സ് നീണ്ട ജീവിതത്തിന്റെ ബാക്കിയിരിപ്പാണ് വീടുകൾ. ജീവിതയാനം ആടിയുലഞ്ഞ് മറിയാതെ മുന്നോട്ടുകൊണ്ടുപോകാനുള്ള ഉപാധിയാണ് കടകൾ. ഇവ രണ്ടുമാണ് വെസ്റ്റ് ബാങ്കിലും മറ്റും ഇസ്റാഈൽ ലക്ഷ്യംവെച്ചിരുന്നത്. തലമുറകളായി ഫലസ്തീനികൾ വസിക്കുന്നയിടങ്ങളിൽ ബുൾഡോസറുകളുമായി എത്തി വീടും കടകളും തകർത്ത് അവിടെ ഇസ്്റാഈലിൽ നിന്നുള്ള ജൂതന്മാർ കുടുംബമായി താമസിക്കുന്നതിന് കോളനികൾ നിർമിച്ചുനൽകുക. ആലോചിച്ചുനോക്കൂ, എത്ര ഭീകരമാണ് അവസ്ഥയെന്ന്. അന്യന്റെ മണ്ണും സ്വത്തും തോക്കിൻമുനയിൽ പിടിച്ചുപറിക്കുന്നത് അവകാശമായി കരുതുന്ന ഇസ്റാഈൽ സ്ട്രാറ്റജിയാണ് അസമും ഉത്തർ പ്രദേശും ഇറക്കുമതി ചെയ്യുന്നത്. ബെഞ്ചമിൻ നെതന്യാഹുവിന്റെ കാലത്ത് ഇസ്റാഈലുമായുണ്ടാക്കിയ പ്രതിരോധ- സുരക്ഷാ കരാറുകളുടെ ഭാഗമാണ് ഈ ആശയ ഇറക്കുമതിയും. ഡൽഹിയിൽ വരെ ജെ സി ബിക്കൈകളുടെ അമിതാധികാര പ്രയോഗം നടത്താൻ മുനിസിപ്പാലിറ്റികൾക്ക് സാധിച്ചു. വരുംനാളുകളിൽ പലയിടങ്ങളിലും ഇതാവർത്തിക്കും.

പതിവുപോലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ ബി ജെ പി മുന്നോട്ടുകൊണ്ടുപോകുക ഇത്തരം ടൂളുകൾ ഉപയോഗിച്ചായിരിക്കും. പത്ത് വർഷത്തോളമായി ഭരിക്കുന്നുണ്ടെങ്കിലും അതിന്റെ നേട്ടങ്ങളോ മേന്മകളോ പുരോഗതിയോ ഒന്നും പറയാനുള്ള ആത്മവിശ്വാസമില്ലാത്തതിനാൽ മതവും ജാതിയും വർഗീയതയും വിദ്വേഷവും പറഞ്ഞ് കുറുക്കുവഴികളിലൂടെ അധികാരത്തിലേക്ക് വീണ്ടുമെത്തുകയെന്ന ഇലക്്ഷൻ സ്ട്രാറ്റജി തന്നെയായിരിക്കും ബി ജെ പി പയറ്റുക. പ്രത്യേകിച്ച്, എൻ ഡി എ മെലിഞ്ഞുമെലിഞ്ഞ് ബി ജെ പി എന്ന ഒറ്റപ്പാർട്ടിയിലേക്ക് എത്തിയ പശ്ചാത്തലത്തിൽ. അതിന് ഗ്യാൻവാപിയും ജെ സി ബിക്കൈകളും എൻ ആർ സിയുമെല്ലാം വരിവരിയായി നിൽക്കുന്നുണ്ട്. മുസ്്ലിം സമുദായത്തിന്റെ വിശേഷ ദിനങ്ങളായ റമസാൻ വ്രതക്കാലത്ത് പോലും മസ്ജിദുകൾക്ക് മുന്നിൽ ഡി ജെ പാർട്ടി നടത്തിയും മൈക്കിലൂടെ ഉച്ചത്തിൽ ജയ് ശ്രീറാം മുഴക്കിയും കലാപസമാന സാഹചര്യം സൃഷ്ടിക്കുന്ന കാഴ്ചകൾ വർധിക്കും. മനഃപൂർവം കലാപമുണ്ടാക്കുന്നവരെ ഒതുക്കാതെ, മറുവിഭാഗക്കാരുടെ മാത്രം വീടുകളും കടകളും കല്ലോട്കല്ല് തകർക്കും. എതിർക്കുന്നവരെ ജീവിതം തുലക്കും. ചാരന്മാരെന്ന് പറഞ്ഞ് ഒതുക്കും.

Latest