Connect with us

Kerala

മുജാഹിദ് വേദിയിൽ ബ്രിട്ടാസിന്റെ പ്രസംഗം; രൂക്ഷ വിമർശവുമായി പി കെ ഫിറോസും യു ഡി എഫ് എം എൽ എമാരും

വർഗീയതയിലേക്കും തീവ്രവാദത്തിലേക്കും ഒരാളെ പോലും നൽകാത്ത പ്രസ്ഥാനമാണ് മുജാഹിദ് എന്നതു കൂടി ഇത്തരം ആളുകൾ മറന്നു പോകരുതെന്നും സിദ്ദീഖ്

Published

|

Last Updated

കോഴിക്കോട് | സംഘ് പരിവാർ ബന്ധം ചൂണ്ടിക്കാട്ടി മുജാഹിദ് സംസ്ഥാന നേതൃത്വത്തെ സമ്മേളന വേദിയിൽ വിമർശിച്ച ജോൺ ബ്രിട്ടാസ് എം പി ക്ക് എതിരെ യു ഡി എഫ് എം എൽ എ മാരും നേതാക്കളും. മുജാഹിദ് സമ്മേളനത്തിൽ ഇന്നലെ നടന്ന രണ്ട് സെഷനുകളിൽ സംസാരിച്ച കെ പി സി സി വർക്കിംഗ് പ്രസിഡന്റ് ടി സിദ്ദീഖും യൂത്ത് ലീഗ് സീനിയർ വൈ. പ്രസിഡന്റ്നജീബ് കാന്തപുരവും ആണ് രൂക്ഷ വിമർശനവുമായി രംഗത്തുവന്നത്. സിദ്ദീഖ് ബ്രിട്ടാസിനെ പേരെടുത്ത് തന്നെ വിമർശിച്ചു.

കഴിഞ്ഞ ദിവസം തന്റെ സ്‌നേഹിതൻ ജോൺ ബ്രിട്ടാസ് ഇവിടെ വന്ന് മുജാഹിദ് നേതൃത്വത്തെ ആക്രമിച്ചു സംസാരിച്ചുവെന്ന് കേട്ടു. എന്നാൽ അങ്ങനെയെങ്കിൽ ബ്രിട്ടാസ് നേതൃത്വം നൽകിയ കൈരളി ചാനലിലെ നൂറു കണക്കിന് ചർച്ചകൾ ആയിരിക്കും ഒരു പക്ഷേ സംഘ്പരിവാർ ആശയങ്ങൾക്ക് ഏറ്റവും കൂടുതൽ വേരോട്ടമുണ്ടാക്കിയിരിക്കുക. അങ്ങനെ നൂറു കണക്കിന് സംഘ്പരിവാർ ആശയങ്ങൾക്ക് വേരോട്ടമുണ്ടാക്കിയ അദ്ദേഹം ഇക്കിളിപ്പെടുത്തുന്ന പ്രസംഗം നടത്തി കൈയ്യടി നേടുകയെന്നതിലേക്ക് ചുരുങ്ങുകയല്ല വേണ്ടതെന്ന് ടി സിദ്ദീഖ് പറഞ്ഞു.

വർഗീയതയിലേക്കും തീവ്രവാദത്തിലേക്കും ഒരാളെ പോലും നൽകാത്ത പ്രസ്ഥാനമാണ് മുജാഹിദ് എന്നതു കൂടി ഇത്തരം ആളുകൾ മറന്നു പോകരുതെന്നും സിദ്ദീഖ് പറഞ്ഞു. ഈ സമുദായത്തിനും പ്രസ്ഥാനത്തിനുമൊന്നും രാഷ്ട്രീയം പഠിപ്പിക്കുവാൻ പുതിയ ഉസ്താദുമാർ വേണ്ടെന്നും അതിന് പ്രാപ്തിയുള്ള പ്രസ്ഥാനമാണ് മുജാഹിദ് പ്രസ്ഥാനമെന്നും നജീബ് കാന്തപുരം ബ്രിട്ടാസിനെ പേരെടുത്ത് പറയാതെ വിമർശിച്ചു.
ഇവിടെ വന്ന് പണ്ഡിതന്മാരോട് പരിഹാസത്തോടു കൂടി സംസാരിച്ച ബ്രിട്ടാസ് 2021-ൽ ആർ എസ് എസ് വേദിയിൽ പങ്കെടുത്ത് സംസാരിച്ചതെന്തെന്ന് എല്ലാവർക്കും ഇപ്പോഴും യൂട്യൂബിൽ ലഭ്യമാണെന്നായിരുനനു പി കെ ഫിറോസിന്റെ പ്രസംഗം. അത്തരമാളുകൾ ഫാഷിസ്റ്റ് വിരുദ്ധ ചാമ്പ്യൻ പട്ടം സ്വയമെടുത്തണിഞ്ഞാൽ അതവർക്ക് ചേരില്ലെന്നു മാത്രം പറയുകയാണെന്നും ഇവർ സ്വയം എടുക്കുന്ന നിലപാടുകൾ എത്രത്തോളം ഇതിനോട് പൊരുത്തപ്പെടുന്നതാണെന്ന് ചിന്തിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

എൻ എസ് യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഭിജിത്തും ബ്രിട്ടാസിന്റെ പ്രസംഗത്തെ വിമർശിച്ചു.
ആട്ടിൻ തോലണിഞ്ഞ കുറുനരികൾ എന്ത് വന്ന് പറഞ്ഞാലും തിരിച്ചറിയുവാൻ തക്ക പ്രാപ്തിയുള്ളവരാണ് മുജാഹിദുകൾ എന്ന് കൈയ്യടിക്കുവേണ്ടി പ്രസംഗം നടത്തുന്നവർ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

ഫാഷിസ്റ്റ് പോരാട്ടത്തെപ്പറ്റി പഠിപ്പിക്കുവാൻ വരുന്നവർ ആദ്യം ചെയ്യേണ്ടത് സി ഏ എ – എൻ ആർ സി പ്രക്ഷോഭത്തിന്റെ പേരിൽ എടുത്ത കള്ളക്കേസുകൾ പിൻവലിക്കുവാൻ ഉപദേശിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. പി എസ് ശ്രീധരൻ പിള്ള അടക്കമുള്ള നേതാക്കളെ സമ്മേളനത്തിലേക്ക് ക്ഷണിച്ചതിനെ വിമർശിച്ചു കൊണ്ടായിരുന്നു ജോൺ ബ്രിട്ടാസ് വെള്ളിയാഴ്ച മുജാഹിദ് വേദിയിൽ പ്രസംഗിച്ചത്.