Connect with us

Ramzan

മുതലാളീ, വീട്ടിലേക്കല്ലേ ക്വാളിറ്റിയുള്ളത് വാങ്ങിക്കോ

വീട്ടിൽ പണം വിനിയോഗിക്കുന്നത് പ്രത്യേകം പ്രശംസിക്കപ്പെട്ട പ്രവർത്തനമാണ്. അതിന് രണ്ട് പ്രതിഫലം ലഭിക്കും; ഒന്ന് ധനം ചെലവഴിച്ചതിനും മറ്റൊന്ന് കുടുംബത്തിന് ഗുണം ചെയ്തതിനും.

Published

|

Last Updated

രണ്ട് കിണറുകൾ, വ്യത്യസ്ത ഉടമകളുടേതാണവ. ഒന്നാമത്തെ കിണറിന്റെ ഉടമസ്ഥൻ വിശാല മനസ്‌കനും ഉദാരമതിയുമാണ്. രണ്ടാമത്തെയാൾ സങ്കുചിത ചിന്താഗതിക്കാരനും.
ആദ്യം പറഞ്ഞ കിണറിൽ നിന്ന് ആവശ്യക്കാരെല്ലാം വെള്ളം മുക്കിക്കൊണ്ടുപോകും. വീട്ടാവശ്യങ്ങൾക്കും കൃഷിക്കും ഉപയോഗിക്കും. കാലികളെ കുളിപ്പിക്കുകയും സൂക്ഷിച്ച് വെക്കുകയും ചെയ്യും. ആവശ്യക്കാരെല്ലാം യഥേഷ്ടം ഉപയോഗിക്കുന്നത് കൊണ്ടുതന്നെ വൈകുന്നേരമാകുമ്പോഴേക്കും ആ കിണറിൽ വെള്ളം തീരാറാകും. പക്ഷേ, രാവിലെ നോക്കുമ്പോൾ പഴയതുപോലെ വെള്ളം നിറഞ്ഞ് നിൽക്കുന്നുണ്ടാകും.

രണ്ടാമത്തെ കിണറാകട്ടെ സദാസമയവും ജല നിബിഡമായിരിക്കും. കിണറില്ലാത്തവരാരും അത് ആശ്രയിക്കാറില്ല. ദാഹം മാറ്റാൻ പോലും അൽപ്പം കോരിക്കുടിക്കാൻ ആളുകൾക്ക് പേടിയാണ്.
ഈ കിണറുകൾക്ക് സമാനമാണ് പണവും. വിനിമയം നടത്തുകയും ആവശ്യത്തിന് ഉപയോഗിക്കുകയും ചെയ്യുമ്പോൾ മാത്രമേ പണം ഉപകാരപ്രദമാവുകയുള്ളൂ. അല്ലെങ്കിൽ കറൻസികൾ കടലാസ് കഷ്ണങ്ങൾ മാത്രമാണ്. അത്യാവശ്യത്തിന് പോലും ഉപയോഗിക്കാതെ അടുക്കിവെച്ച നോട്ടുകളുടെ മൂല്യം നഷ്ടപ്പെടുകയോ ഉടമ മരിക്കുകയോ ചെയ്താലുള്ള അവസ്ഥ ഓർത്തു നോക്കൂ.

അതുകൊണ്ട് പണം ചെലവഴിക്കുക. അതുവഴി കിട്ടുന്ന ഗുണങ്ങളും നന്മകളും ആസ്വദിക്കുക. ചെലവഴിക്കുന്നത് നല്ല ആവശ്യങ്ങൾക്കു വേണ്ടിയാകണമെന്ന് മാത്രം. നല്ല മാർഗത്തിൽ പണം ചെലവഴിച്ചാൽ അല്ലാഹു പകരം തരുമെന്ന് ഖുർആനിലൂടെ പഠിപ്പിച്ചിട്ടുണ്ട്.

വീട്ടിൽ പണം വിനിയോഗിക്കുന്നത് പ്രത്യേകം പ്രശംസിക്കപ്പെട്ട പ്രവർത്തനമാണ്. അതിന് രണ്ട് പ്രതിഫലം ലഭിക്കും; ഒന്ന് ധനം ചെലവഴിച്ചതിനും മറ്റൊന്ന് കുടുംബത്തിന് ഗുണം ചെയ്തതിനും.
മാതാപിതാക്കൾക്ക് ആഗ്രഹമുള്ള വസ്ത്രം വാങ്ങിക്കൊടുക്കുക, മക്കൾക്ക് ഇഷ്ടമുള്ള ഉടുപ്പും ചെരുപ്പും എടുത്ത് കൊടുക്കുക, ഭാര്യമാർക്ക് ആവശ്യമുള്ള വസ്തുക്കൾ എത്തിച്ച് കൊടുക്കുക, വീട്ടിൽ അടിപൊളി ഭക്ഷണമുണ്ടാക്കുക, കുട്ടികൾക്ക് ഇഷ്ടമുള്ള പലഹാരങ്ങളും മറ്റും വാങ്ങിക്കൊടുക്കുക എന്നിവയൊക്കെ കുടുംബങ്ങൾക്ക് സന്തോഷം നൽകുന്ന പ്രവർത്തനങ്ങളാണ്. ഇരട്ടി പ്രതിഫലം ലഭിക്കുകയും ചെയ്യും.

മാനസിക ഉന്മേഷവും ആനന്ദവും കിട്ടാനായി കുടുംബത്തെയും കൂട്ടി ഉല്ലാസ യാത്ര പോകലും ബന്ധുവീടുകളിൽ സന്ദർശനം നടത്തലും നല്ലതാണ്. ഇതിന് വേണ്ടി പണം ചെലവഴിക്കുന്നതും ദുർവ്യയമായി കാണാൻ പറ്റില്ല. ഭക്ഷണം, വസ്ത്രം വീട്ടുപകരണങ്ങൾ തുടങ്ങിയവ വാങ്ങുന്പോൾ ഗുണ നിലവാരം കുറക്കാനോ ലുബ്ധത കാണിക്കാനോ പാടില്ല.

അല്ലാഹു അവന്റെ അടിമകൾക്ക് ചെയ്തുകൊടുത്ത അനുഗ്രഹത്തിന്റെ അടയാളങ്ങൾ അവനിൽ പ്രകടമാകൽ അല്ലാഹുവിന് ഇഷ്ടമാണെന്ന് നബി (സ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അതേസമയം, മേത്തരം വസ്തുക്കൾ മാത്രമേ ഉടുക്കൂ. നിശ്ചിത ബ്രാൻഡിന്റെ ഉത്പന്നങ്ങൾ മാത്രമേ ഉപയോഗിക്കൂവെന്ന പിടിവാശി അമിതമായ ഭൗതിക താത്പര്യമാണ്. അത് നിരുത്സാഹപ്പെടുത്തേണ്ടതുമാണ്.

സാന്പത്തിക ശേഷി ഉണ്ടായിരിക്കെ ആഡംബര വസ്ത്രം ഉപേക്ഷിച്ച് ലാളിത്യം സ്വീകരിച്ചവനെ പാരത്രിക ലോകത്ത് അല്ലാഹു പ്രത്യേകം ആദരവ് നൽകുമെന്നും ഇഷ്ടമുള്ള വസ്ത്രം തിരഞ്ഞെടുക്കാനുള്ള അനുമതി നൽകുമെന്നും ഹദീസിൽ വന്നിട്ടുണ്ട്.

Latest