National
ഭാര്യയെ സംശയിച്ചാൽ മാത്രം കുട്ടിയുടെ ഡി എൻ എ പരിശോധന നടത്താനാകില്ലെന്ന് ബോംബെ ഹൈക്കോടതി
ഭാര്യക്കെതിരെ വ്യഭിചാര ആരോപണം ഉണ്ടെങ്കിൽ, കുട്ടിയെ പിതൃത്വ പരിശോധനയ്ക്ക് വിധേയനാക്കുന്നതിന് പകരം മറ്റ് തെളിവുകൾ ഉപയോഗിച്ച് അത് തെളിയിക്കാമെന്നും കോടതി

മുംബൈ | ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ഭർത്താവ് സംശയിക്കുന്നതുകൊണ്ട് മാത്രം കുട്ടിയുടെ പിതൃത്വം നിർണ്ണയിക്കാൻ ഡിഎൻഎ പരിശോധന നടത്താനാകില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച്. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ DNA പരിശോധനയ്ക്ക് ഉത്തരവിട്ട കുടുംബകോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് ആർ.എം. ജോഷിയുടെതാണ് നിരീക്ഷണം. ഇത്തരം ജനിതക പരിശോധനകൾക്ക് അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമേ ഉത്തരവിടാൻ പാടുള്ളൂ എന്നും കോടതി വ്യക്തമാക്കി.
ഭാര്യക്ക് അവിഹിത ബന്ധം ഉണ്ടെന്ന സംശയത്തിന്റെ പേരിൽ ഒരു പുരുഷൻ വിവാഹമോചനത്തിന് അർഹനാണെന്ന് അവകാശപ്പെടുന്നു എന്നതുകൊണ്ട് മാത്രം ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിടാൻ സാധിക്കില്ലെന്ന് ജസ്റ്റിസ് ജോഷി പറഞ്ഞു. ഭാര്യക്കെതിരെ വ്യഭിചാര ആരോപണം ഉണ്ടെങ്കിൽ, കുട്ടിയെ പിതൃത്വ പരിശോധനയ്ക്ക് വിധേയനാക്കുന്നതിന് പകരം മറ്റ് തെളിവുകൾ ഉപയോഗിച്ച് അത് തെളിയിക്കാമെന്നും കോടതി പറഞ്ഞു.
2020 ഫെബ്രുവരിയിൽ കുടുംബകോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട്, ഇപ്പോൾ ഭർത്താവിൽ നിന്ന് അകന്ന് കഴിയുന്ന സ്ത്രീയും മകനും സമർപ്പിച്ച ഹർജിയിലാണ് ഈ ഉത്തരവ്. കുട്ടിയുടെ പിതൃത്വം നിർണ്ണയിക്കാൻ DNA പ്രൊഫൈലിംഗ് ടെസ്റ്റിന് വിധേയനാക്കാൻ കുടുംബകോടതി ഉത്തരവിട്ടിരുന്നു. കുടുംബകോടതിയുടെ ഈ ഉത്തരവ് തെറ്റായിരുന്നുവെന്നും അത് റദ്ദാക്കുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുട്ടിയുടെ ഉത്തമ താൽപ്പര്യം പരിഗണിക്കേണ്ടത് കുടുംബകോടതിയുടെ “തികഞ്ഞ ബാധ്യത” ആയിരുന്നുവെന്ന് ജസ്റ്റിസ് ജോഷി ഉത്തരവിൽ പറഞ്ഞു.
ഒരു സുപ്രീം കോടതി ഉത്തരവ് ഉദ്ധരിച്ചുകൊണ്ട്, ആരെയും, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ, രക്തപരിശോധനയ്ക്ക് നിർബന്ധിക്കാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി.