National
മണിപ്പൂരിലെ ബിഷ്ണുപുരില്‍ വീടിനു നേരെ ബോംബാക്രമണം; രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു
അഞ്ച് വയസ്സുള്ള ആണ്‍കുട്ടിയും ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞുമാണ് മരിച്ചത്. ആക്രമണത്തില്‍ ഇവരുടെ മാതാവിന് ഗുരുതര പരുക്കേറ്റു.
ബിഷ്ണുപുര്‍ | മണിപ്പൂരില്‍ ബിഷ്ണുപൂര്‍ ജില്ലയിലെ മോയിറാങ് ത്രോംഗ്ലാബോയി പ്രദേശത്തുണ്ടായ ബോംബാക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. അഞ്ച് വയസ്സുള്ള ആണ്‍കുട്ടിയും ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞുമാണ് മരിച്ചത്. ആക്രമണത്തില്‍ ഇവരുടെ മാതാവിന് ഗുരുതര പരുക്കേറ്റു. ഇവര്‍ താമസിച്ചിരുന്ന വീടിനു നേരെ അജ്ഞാതര്‍ ബോംബെറിയുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. മാതാവും കുട്ടികളും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഇതിന് പിന്നാലെ പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ആക്രമണത്തിന് പിന്നില്‍ കുക്കി വിഘടനവാദികളാണെന്ന് എന്‍ പി പി എം എല്‍ എ ആരോപിച്ചു.
ബോംബാക്രമണത്തോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയ പ്രദേശവാസികള്‍ മോയിറാങ് പോലീസ് സ്റ്റേഷന് സമീപം ടയറുകള്‍ കത്തിക്കുകയും അവിടുത്തെ പെട്രോള്‍ പമ്പിന് സമീപത്തുണ്ടായിരുന്ന രണ്ട് ഓയില്‍ ടാങ്കറുകള്‍ക്കും ഒരു ട്രക്കിനും തീയിടുകയും ചെയ്തു. ഒരു താത്കാലിക പോലീസ് ഔട്ട്പോസ്റ്റിനും തീവച്ചു. സ്ഥിതിഗതികള്‍ വഷളായതോടെ മേഖലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു.




