Connect with us

Saudi Arabia

ബോയിങ് 737 മാക്സ് 10 വിമാനങ്ങൾക്ക് യുഎസ് സുരക്ഷാ അംഗീകാരം; എയർ ഇന്ത്യ എക്സ്പ്രസ്സ് നിരയിലേക്ക് പുതിയ കരുത്തൻ എത്തുന്നു

ഇന്ത്യൻ വ്യോമയാന മേഖലയ്ക്ക് വലിയ കുതിച്ചുചാട്ടമേകുന്ന ഈ വികസനം എയർ ഇന്ത്യ എക്സ്പ്രസ്സിനാണ് ഏറ്റവും കൂടുതൽ പ്രയോജനം ചെയ്യുക

Published

|

Last Updated

ദമാം|വർഷങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കും സുരക്ഷാ പരിശോധനകൾക്കും വിരാമമിട്ട് ബോയിങ് 737 മാക്സ് വിമാന കുടുംബത്തിലെ ഏറ്റവും വലിയ മോഡലായ 737 മാക്സ് 10 (737 MAX 10) വിമാനങ്ങൾക്ക് ഔദ്യോഗികമായി പാസഞ്ചർ സർവീസ് നടത്താനുള്ള അനുമതി  ലഭിച്ചു. ആയിരത്തിലധികം മണിക്കൂർ നീണ്ട കഠിനമായ ഗ്രൗണ്ട് ടെസ്റ്റിംഗിനും രണ്ടായിരത്തിലേറെ മണിക്കൂർ നീണ്ട ടെസ്റ്റ് ഫ്ലൈറ്റുകൾക്കും ശേഷമാണ് യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ  ഒക്ടോബർ 20-ന് ഈ സുപ്രധാന സുരക്ഷാ അനുമതി പ്രഖ്യാപിച്ചത്. ഇതോടെ വിമാന നിർമ്മാതാക്കളായ ബോയിങ്ങിന് നേരിട്ടിരുന്ന വലിയൊരു സാങ്കേതിക തടസ്സം ഇതോടെ ഒഴിയുകയാണ്.

ഇന്ത്യൻ വ്യോമയാന മേഖലയ്ക്ക് വലിയ കുതിച്ചുചാട്ടമേകുന്ന ഈ വികസനം എയർ ഇന്ത്യ എക്സ്പ്രസ്സിനാണ് ഏറ്റവും കൂടുതൽ പ്രയോജനം ചെയ്യുക. തങ്ങളുടെ ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി എയർലൈൻ ഓർഡർ നൽകിയ പത്ത് ബോയിങ് 737 മാക്സ് 10 വിമാനങ്ങളുടെ നിർമ്മാണം വാഷിംഗ്ടണിലെ ബോയിങ് പ്ലാന്റിൽ അതിവേഗം പുരോഗമിക്കുകയാണ്.

ഇതിൽ എയർ ഇന്ത്യ എക്സ്പ്രസ്സിനായുള്ള (AIX) അഞ്ച് വിമാനങ്ങൾ ഇതിനകം തന്നെ ആദ്യഘട്ട പരീക്ഷണ പറക്കലുകൾ പൂർത്തിയാക്കി കഴിഞ്ഞു. ഈ നിരയിൽ ആദ്യം പുറത്തിറങ്ങിയ വിമാനം (രജിസ്ട്രേഷൻ: VT-XPR) എയർലൈനിന്റെ പുതിയ ഓറഞ്ച്-പീച്ച് ലിവറിയിൽ പെയിന്റിങ് പൂർത്തിയാക്കി കൈമാറ്റത്തിന് തയ്യാറായി നിൽക്കുകയാണ്.

സിംഗിൾ-ഐൽ (ഒരൊറ്റ വഴിമാത്രമുള്ള) വിമാനങ്ങളിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യയുള്ള ഈ മോഡലിന് സാധാരണ രണ്ട് ക്ലാസ് കോൺഫിഗറേഷനിൽ 185 മുതൽ 210 യാത്രക്കാരെയും, മാക്സിമം കപ്പാസിറ്റിയിൽ 230 യാത്രക്കാരെ വരെയും ഉൾക്കൊള്ളാൻ സാധിക്കും. ഒരേസമയം കൂടുതൽ യാത്രക്കാരെ കൊണ്ടുപോകാൻ സാധിക്കുന്നതിനാൽ ഒരു സീറ്റിന് വരുന്ന പ്രവർത്തനച്ചെലവ് ഗണ്യമായി കുറയ്ക്കാൻ എയർലൈന് സാധിക്കും. ഇത് വരുംദിവസങ്ങളിൽ യാത്രക്കാർക്ക് കൂടുതൽ ലാഭകരമായ ടിക്കറ്റ് നിരക്കുകൾ ലഭ്യമാക്കാൻ സഹായകമാകും.

പഴയ തലമുറയിലെ വിമാനങ്ങളെ അപേക്ഷിച്ച് 20 ശതമാനത്തോളം കുറവ് ഇന്ധനം മാത്രമേ ഇവ ഉപയോഗിക്കുകയുള്ളൂ എന്നതിനാൽ കാർബൺ പുറന്തള്ളൽ ഗണ്യമായി കുറയ്ക്കുകയും പരിസ്ഥിതി സൗഹൃദപരമായ യാത്ര ഉറപ്പാക്കുകയും ചെയ്യും. ഗൾഫ് റൂട്ടുകളിലെയും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെയും ഉയർന്ന യാത്രാത്തിരക്ക് പരിഹരിക്കുന്നതിനായി ഈ പുതിയ വിമാനങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ്സിന് വലിയൊരു ആയുധമായിരിക്കും.

യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ സുരക്ഷാ സർട്ടിഫിക്കേഷൻ ലഭിച്ചതോടെ വിതരണ നടപടികൾക്ക് വ്യക്തത വന്നിരിക്കുകയാണ്. വരും മാസങ്ങളിൽ ഡെലിവറി ഒരുക്കങ്ങളും ഇന്ത്യയിലെ ഡി.ജി.സി.എ (DGCA) ഉൾപ്പെടെയുള്ള പ്രാദേശിക വ്യോമയാന നിയന്ത്രണ ഏജൻസികളുടെ അനുമതികളും പൂർത്തിയാക്കി 2027-ന്റെ തുടക്കത്തോടെ ഈ വലിയ മാക്സ് 10 വിമാനങ്ങൾ പൂർണ്ണമായും എയർ ഇന്ത്യ എക്സ്പ്രസ്സ് നിരയുടെ ഭാഗമായി സർവീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ 50-ലധികം മാക്സ് 8 വിമാനങ്ങൾ സർവീസ് നടത്തുന്ന എയർലൈനിന്റെ ശേഷി ഇതോടെ ഇരട്ടിയാകും. എയർ ഇന്ത്യ എക്സ്പ്രസ്സിന് പുറമെ, ബോയിങ് 737 മാക്സ് വിമാനങ്ങളെ അടിസ്ഥാനമാക്കി പുതിയ സർവീസ് തന്ത്രങ്ങൾ രൂപീകരിച്ചിട്ടുള്ള ഇന്ത്യയിലെ ആകാശ എയറിനും ഈ അനുമതി വലിയ വാണിജ്യ നേട്ടമാണ് സമ്മാനിക്കുന്നത്.

Content Highlights: Boeing 737 MAX 10 has received official FAA safety certification after extensive testing. Air India Express is set to integrate these fuel-efficient planes into its fleet. This development will boost regional and international services while reducing operational costs.

സിറാജ് പ്രതിനിധി, ദമാം

---- facebook comment plugin here -----

Latest