Connect with us

Kerala

തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഇളമണ്ണൂര്‍ വാളിക്കല്‍ താഴെതില്‍ ബിജോ ജെ വര്‍ഗീസിന്റെ (33) മൃതദേഹമാണ് കണ്ടെത്തിയത്.

Published

|

Last Updated

പത്തനംതിട്ട | തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇളമണ്ണൂര്‍ വാളിക്കല്‍ താഴെതില്‍ ബിജോ ജെ വര്‍ഗീസിന്റെ (33) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി പത്തോടെ ഇളമണ്ണൂര്‍ മാതാവ് പള്ളിയുടെ പിറകിലായി തോട്ടില്‍ ചൂണ്ടയിടുന്നതിനിടെയാണ് ബിജോയെ കാണാതായത്.

രാത്രി വൈകിയും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയില്‍ ബിജോയുടെ ചെരുപ്പ്, ചൂണ്ട എന്നിവ തോടിന്റെ കരയില്‍ നിന്നും കണ്ടെടുത്തു. രാത്രിയിലെ ശക്തമായ മഴ കാരണം തോട്ടില്‍ നിറയെ വെള്ളമുണ്ടായിരുന്നു. രാവിലെ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചു. അടൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വീണ സ്ഥലത്തു നിന്നും മൂന്ന് കിലോമീറ്റര്‍ താഴെയായി ഇളമണ്ണൂര്‍ സി എച്ച് സി ജംഗ്ഷന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

ബിജോ വിദേശത്താണ് ജോലി ചെയ്യുന്നത്. ഒരാഴ്ചയായിട്ടേയുള്ളൂ അവധിക്ക് നാട്ടില്‍ വന്നിട്ട്. അനഘയാണ് ഭാര്യ.