National
ബിഹാർ തൂത്തുവാരിയതിന് പിന്നാലെ പാർട്ടിയിൽ അച്ചടക്ക നടപടിയുമായി ബിജെപി: മുൻ കേന്ദ്രമന്ത്രി ആർ കെ സിംഗിനെ പുറത്താക്കി
സിംഗിനൊപ്പം എം എൽ സി അശോക് കുമാർ അഗർവാളിനെയും കതിഹാർ മേയർ ഉഷാ അഗർവാളിനെയും സമാന കുറ്റങ്ങൾ ചുമത്തി സസ്പെൻഡ് ചെയ്തു.
പാറ്റ്ന | നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ പ്രകടനം കാഴ്ചവെച്ച് അധികാരത്തുടർച്ച നേടിയതിന് പിന്നാലെ പാർട്ടിയിൽ അച്ചടക്ക നടപടിയുമായി ബിജെപി. വിമതർക്കെതിരായ ശക്തമായ നടപടിയുടെ ഭാഗമായി മുൻ കേന്ദ്ര ഊർജ്ജ മന്ത്രിയും മുൻ അറ എം പിയുമായ ആർ കെ സിംഗിനെ പാർട്ടിയിൽ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ, സംഘടനാപരമായ അച്ചടക്കം ആവർത്തിച്ച് ലംഘിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നടപടി. സിംഗിനൊപ്പം എം എൽ സി അശോക് കുമാർ അഗർവാളിനെയും കതിഹാർ മേയർ ഉഷാ അഗർവാളിനെയും സമാന കുറ്റങ്ങൾ ചുമത്തി സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ഔദ്യോഗികമായി മറുപടി നൽകാൻ സിംഗിനോട് പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
പാർട്ടിക്ക് ദോഷകരമാകുന്ന രീതിയിലുള്ള പൊതു പ്രസ്താവനകളും പെരുമാറ്റങ്ങളും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബി ജെ പി ശക്തമായ ഭാഷയിൽ സിംഗിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. നോട്ടീസ് നൽകി മണിക്കൂറുകൾക്കകം അദ്ദേഹത്തെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി പാർട്ടി സ്ഥിരീകരിച്ചു. സമീപ വർഷങ്ങളിൽ ബി ജെ പി കൈക്കൊണ്ട ഏറ്റവും ശക്തമായ അച്ചടക്ക നടപടികളിലൊന്നാണിത്.
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വൻകിട ഊർജ്ജ പദ്ധതി അഴിമതിയെക്കുറിച്ച് സിംഗ് നടത്തിയ ആരോപണങ്ങളാണ് എൻ ഡി എ സഖ്യത്തിനുള്ളിൽ ആഴ്ചകളായി നിലനിന്നിരുന്ന സംഘർഷം വർദ്ധിപ്പിച്ചത്. 2017 മുതൽ 2024 വരെ കേന്ദ്ര ഊർജ്ജ മന്ത്രിയായിരുന്ന സിംഗ്, അദാനി പവർ ലിമിറ്റഡിന് 2,400 മെഗാവാട്ടിന്റെ ഭാഗൽപൂർ (പിർപൈന്തി) പദ്ധതി നൽകാനുള്ള ബിഹാർ സർക്കാരിന്റെ തീരുമാനത്തെ പരസ്യമായി ചോദ്യം ചെയ്തിരുന്നു. ഈ പദ്ധതി 60,000–62,000 കോടി രൂപയുടെ അഴിമതിയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഒരു യൂണിറ്റ് വൈദ്യുതിക്ക് 6 രൂപ എന്ന ഉയർന്ന നിരക്കിൽ വാങ്ങാൻ സർക്കാർ സമ്മതിച്ചെന്നും ഇത് പാവപ്പെട്ടവർക്കും സാധാരണക്കാർക്കും അധിക ഭാരമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഈ ആരോപണങ്ങൾ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തുകയും കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ളവർ എൻ ഡി എയെ ആക്രമിക്കാൻ ഇത് ഉദ്ധരിക്കുകയും ചെയ്തു. നിതീഷ് കുമാർ സർക്കാരിനെതിരെയുള്ള അഴിമതി ആരോപണം മുൻ കേന്ദ്രമന്ത്രി തന്നെ ഉന്നയിച്ചതായി സി പി ഐ (എം എൽ) നേതാവ് ദിപാങ്കർ ഭട്ടാചാര്യയും ചൂണ്ടിക്കാട്ടിയിരുന്നു.
തുടർച്ചയായ വിമർശനം പാർട്ടിയിലെ ഭിന്നത രൂക്ഷമാക്കി. എൻ ഡി എ സ്ഥാനാർത്ഥികൾ ഉൾപ്പെടെ ക്രിമിനൽ പശ്ചാത്തലമുള്ളവരെ വോട്ടർമാർ തള്ളിക്കളയണമെന്ന് സിംഗ് പരസ്യമായി ആവശ്യപ്പെടുകയും, നല്ല സ്ഥാനാർത്ഥികളില്ലെങ്കിൽ നോട്ടയ്ക്ക് വോട്ട് ചെയ്യണമെന്ന് ജനങ്ങളെ ഉപദേശിക്കുകയും ചെയ്തു. ഈ മാസം ആദ്യം, താൻ ആരോപിച്ച 62,000 കോടി രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട രേഖകൾ അദ്ദേഹം തന്റെ ഔദ്യോഗിക ‘എക്‌സ്’ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയും മോഡൽ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടുവെന്ന് വിമർശിക്കുകയും ചെയ്തു.
ബി ജെ പി നോമിനി താർ കിഷോർ പ്രസാദിനെതിരെ വി ഐ പി സ്ഥാനാർത്ഥിയായി മത്സരിച്ച മകൻ സൗരവ് അഗർവാളിന് വേണ്ടി പ്രചാരണം നടത്തിയതിനാണ് എം എൽ സി അശോക് കുമാർ അഗർവാളിനെ പാർട്ടി സസ്പെൻഡ് ചെയ്തത്. മകന്റെ പ്രചാരണത്തിലെ പങ്കാളിത്തം വ്യക്തമായ പാർട്ടി വിരുദ്ധ പ്രവർത്തനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
കതിഹാർ മേയർ ഉഷാ അഗർവാളിനെതിരെയും സമാനമായ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ചാണ് നടപടി. ഇതോടെ ഈ നടപടിയിൽ അച്ചടക്കം നേരിടുന്ന മൂന്നാമത്തെ നേതാവായി ഉഷാ അഗർവാൾ.




