Connect with us

Kerala

തൃശൂരില്‍ ബി ജെ പി ആഭുമുഖ്യം ഇടിയുന്നു; സുരേഷ് ഗോപിക്ക് ഒരു പദ്ധതിയും കൊണ്ടുവരാനായില്ല

തൃശൂരില്‍ പത്മജ വേണുഗോപാലിന് 28,662 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ

Published

|

Last Updated

കൊച്ചി | കേരളത്തില്‍ ആദ്യമായി ഒരു പാര്‍ലിമെന്റ് മണ്ഡലത്തില്‍ ബി ജെ പി ക്ക് വിജയം നല്‍കിയ തൃശൂരില്‍ ബി ജെ പിയോടുള്ള ജനങ്ങളുടെ ആഭിമുഖ്യം നിരാശക്കു വഴിമാറുന്നതായി വിലയിരുത്തല്‍. കേന്ദ്രമന്ത്രിയായിട്ടും തന്റെ മണ്ഡലത്തില്‍ ഒരു പദ്ധതിയും കൊണ്ടുവരാന്‍ കഴിയാത്ത സുരേഷ് ഗോപിയുടെ പരാജയമാണ് ബി ജെ പിക്ക് തിരിച്ചടിയാവുന്നതെന്നാണ് ഒരു വിഭാഗം ബി ജെ പി അനകൂലികളുടെ ആക്ഷേപം. പദവി ലഭിച്ചതിനു ശേഷം സുരേഷ് ഗോപിയുടെ പെരുമാറ്റ രീതികളും ബി ജെ പിക്കുള്ള പിന്തുണ ഇടിയാന്‍ കാരണമായതായി അവര്‍ പറയുന്നു.
നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള അസംബ്ലി മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ട് വിഹിതത്തിലുണ്ടായ കുറവ് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ സുരേഷ് ഗോപിക്കെതിരെ തിരിയുന്നത്.

തൃശ്ശൂര്‍ നിയമസഭ മണ്ഡലത്തിലെ വോട്ട് വിഹിതത്തിലുണ്ടായ വന്‍ ഇടിവ് അമ്പരപ്പിക്കുന്നതാണ്. മണലൂര്‍, നാട്ടിക എന്നീ മണ്ഡലങ്ങളില്‍ 2021-നെ അപേക്ഷിച്ച് വോട്ട് വിഹിതത്തില്‍ വര്‍ധനവുണ്ടായി. ബാക്കിയുള്ള അഞ്ച് മണ്ഡലങ്ങളില്‍ വന്‍ ഇടിവുണ്ടായി. എയിംസ് , സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് റിസര്‍ച്ച് ലാബ് എന്നിവ കൊണ്ടുവരുമെന്ന് ഉറപ്പുകള്‍ നല്‍കിയിരുന്നെങ്കിലും അവയൊന്നും യാഥാര്‍ത്ഥ്യമായിട്ടില്ല. ഇതെല്ലാം വോട്ടര്‍ മാരില്‍ കടുത്ത നിരാശയുണ്ടാക്കി.

തൃശ്ശൂര്‍ അസംബ്ലി മണ്ഡലത്തിലെ ബൂത്ത് തല വിലയിരുത്തല്‍ അനുസരിച്ച്, പത്മജ വേണുഗോപാലിന് 37,000 പാര്‍ട്ടി വോട്ടുകളും വ്യക്തിഗത വോട്ടുകളും ഉള്‍പ്പെടെ 43,000 വോട്ടുകള്‍ ലഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ പത്മജയ്ക്ക് 28,662 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ, ഇത് പ്രതീക്ഷിച്ചതിനേക്കാള്‍ 15,000 വോട്ടുകള്‍ കുറവാണ്. ഒല്ലൂര്‍, ഇരിഞ്ഞാലക്കുട, പുതുക്കാട് എന്നീ മണ്ഡലങ്ങളിലും സമാനമായ രീതിയില്‍ വോട്ട് വിഹിതത്തില്‍ കുറവുണ്ടായി.
തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് പത്മജ വേണുഗോപാല്‍ പ്രതികരിച്ചത്. പാര്‍ട്ടി നേതൃത്വം പ്രകടനം വിലയിരുത്തുകയും ഇതിനുള്ള കാരണങ്ങള്‍ കണ്ടെത്തുകയും ചെയ്യുമെന്നും അവര്‍ പറഞ്ഞു.

 

Latest