Connect with us

rahul gandhi against bjp

ബി ജെ പി ഇന്ത്യയെ ചവച്ചരക്കുന്നു: ഒരുമിച്ചുള്ള പോരാട്ടം പ്രതിപക്ഷ കടമ: രാഹുല്‍ ഗാന്ധി

ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ആര്‍ എസ് എസിന് സംവിധാനമുണ്ട്; കോണ്‍ഗ്രസിനും ഇതാവശ്യം

Published

|

Last Updated

ലണ്ടന്‍ | പാകിസ്ഥാനില്‍ നടന്നതു പോലെ സര്‍ക്കാര്‍ ഇന്ത്യയെ ചവച്ചരക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് പരാജയങ്ങള്‍, കൂറുമാറ്റങ്ങള്‍, ആഭ്യന്തര കലഹങ്ങള്‍ എന്നിവയുമായി തന്റെ പാര്‍ട്ടി പൊരുതുകയാണ്. ബി ജെ പിക്കെതിരെ എല്ലാവരേയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ലണ്ടനിലെ കാംബ്രിഡ്ജ് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ഐഡിയാസ് ഫോര്‍ ഇന്ത്യ കോണ്‍ഫറന്‍സില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍.

ഇന്ത്യയെന്നാല്‍ രാജ്യത്തെ ജനങ്ങളാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ആര്‍ എസ് എസും ബി ജെ പിയും ഭൂമി ശാസ്ത്രപരമായാണ് ഇന്ത്യയെ കാണുന്നത്. അതൊരിക്കലും ശുദ്ധമായ രാഷ്ട്രീയ പോരാട്ടമല്ല. മാധ്യമങ്ങള്‍ക്ക് മേല്‍ ബി ജെ പിക്ക് നൂറ് ശതമാനം നിയന്ത്രണമുണ്ട്. ജനങ്ങളിലേക്ക് ഇറങ്ങിചെല്ലാന്‍ ആര്‍ എസ് എസിന് സംവിധാനുമുണ്ട്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഇത്തരം സംവിധാനങ്ങള്‍ കോണ്‍ഗ്രസിനും ആവശ്യമാണ്. ഇന്ത്യയെ വീണ്ടെടുക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് പോരാട്ടം. അതൊരു പ്രത്യയ ശാസ്ത്രപരമായ പോരാട്ടമാണ്.

വ്യത്യസ്ത കാഴ്ചപ്പാടുകള്‍ നിലനില്‍ക്കാനും ചര്‍ച്ചകള്‍ നടത്താനും കഴിയുന്ന ഒരു ഇന്ത്യയാണ് നമുക്കുള്ളത്. ബി ജെ പിയെ പോലെ ഒരു കേഡറ്റ് വേണമെന്നാണ് ആളുകള്‍ പറയുന്നത്. കേഡറ്റുണ്ടെങ്കില്‍ ഞങ്ങള്‍ ബി ജെ പിയാവുമെന്നാണ് ഞങ്ങള്‍ പറയുന്നത്. ബി ജെ പി ശബ്ദങ്ങള്‍ അടിച്ചമര്‍ത്തുന്നു. ഞങ്ങള്‍ കേള്‍ക്കുന്നു. ജനങ്ങള്‍ പറയുന്നത് കേള്‍ക്കാനും അത് നടപ്പാക്കാനുമാണ് ഞങ്ങളുടെ ശ്രമം.
മനുസ്മൃതിക്കെതിരായ ഏറ്റവും വലിയ ആക്രമണം ഇന്ത്യന്‍ ഭരണഘടനയാണ്. കോണ്‍ഗ്രസ് തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ ഈ സാമൂഹിക സ്ഥിതിക്കെതിരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ മനുഷ്യര്‍ക്കും തുല്യ അവകാശങ്ങളും അവസരങ്ങളും ലഭിക്കണമെന്നാണ് ഞങ്ങള്‍ കരുതുന്നത്. അങ്ങനെയെങ്കില്‍ ഇന്ത്യ അതിജീവിക്കും. അല്ലെങ്കില്‍ തകരും.

ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെ അമേരിക്ക ചൂണ്ടിക്കാണിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനും രാഹുല്‍ മറുപടി നല്‍കി. ഇന്ത്യയില്‍ ധ്രുവീകരണമുണ്ടെന്ന് യു എസ് ഞങ്ങള്‍ക്ക് പറഞ്ഞ് തരേണ്ട ആവശ്യമില്ല. കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ധ്രുവീകരണത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
രാഹുലിനെ കൂടാതെ സീതാറാം യെച്ചൂരി, സല്‍മാന്‍ ഖുര്‍ഷിദ്, തേജ്വസി യാദവ്, മഹുവ മൊയ്ത്ര, മനോജ് ഝാ തുടങ്ങിയ പ്രതിപക്ഷ നേതാക്കളും കോണ്‍ഫറന്‍സില്‍ പങ്കേടുത്തു.