Malappuram
ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ ജീവചരിത്രം പ്രകാശനം ചെയ്തു
കേരളത്തെ വിദ്യയുടെ വിളക്കത്തിരുത്തിയ സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ മലബാറിൽ നിന്ന് വിജ്ഞാനം തേടി വ്യത്യസ്‌ത ഭൂഖണ്ഡങ്ങൾ സന്ദർശിക്കുകയും അറിവിന്റെ ലോക ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സൽമാൻ സഖാഫി ഐക്കരപ്പടിയുടെ പുസ്തകം റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ, പൊന്നാനി മഖ്ദൂമിന് നൽകി പ്രകാശനം ചെയ്യുന്നു.
പൊന്നാനി|പതിനാറാം നൂറ്റാണ്ടിലെ നവോത്ഥാന നായകനും മുസ്‌ലിം കേരളത്തിന്റെ നേതൃത്വവുമായിരുന്ന ശൈഖ് സൈനുദ്ദീൻ മഖ്ദൂം (റ) ഒന്നാമന്റെ ജീവചരിത്ര ഗ്രന്ഥം പ്രകാശിതമായി. കേരളത്തെ വിദ്യയുടെ വിളക്കത്തിരുത്തിയ സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ മലബാറിൽ നിന്ന് വിജ്ഞാനം തേടി വ്യത്യസ്‌ത ഭൂഖണ്ഡങ്ങൾ സന്ദർശിക്കുകയും അറിവിന്റെ ലോക ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജ്ഞാന പ്രചരണത്തിനോടൊപ്പം പ്രഥമ അധിനിവേശ ശക്തികളായ പോർച്ചുഗീസിനെതിരായ സമരങ്ങളിൽ അന്നത്തെ സാമൂതിരിമാർക്കൊപ്പം നേതൃത്വം നൽകിയ പണ്ഡിത വര്യനാണ് അദ്ദേഹം. ഇന്ത്യയിൽ കൊളോണിയലിസത്തിനെതിരെ രചിക്കപ്പെട്ട പ്രഥമ ഗ്രന്ഥമായ “തഹ്‌രീള്” ന്റെ കർത്താവാണ്.
ഇന്ത്യയിൽ നിന്നുള്ള പ്രഥമ വിദേശ ബിരുദധാരിയാണ് (അസ്ഹരി). അദ്ദേഹത്തിന്റെ പഠനം, ജീവിതം, കുടുംബം , സാമൂഹികം, രചനാലോകം എന്നിവയെ ആധികാരികമായി പരാമർശിക്കുന്ന ചരിത്രകൃതിയാണിത്. പൊന്നാനി മഖ്ദൂമിയ്യ ദർസ് പൂർവ്വ വിദ്യാർത്ഥി സൽമാൻ സഖാഫി ഐക്കരപ്പടിയാണ് രചയിതാവ്. പ്രമുഖ ചരിത്രകാരൻ ഡോ. ഹുസൈൻ രണ്ടത്താണിയാണ് പുസ്തകത്തിന് അവതാരിക എഴുതിയത്. പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ നടന്ന ചടങ്ങിൽ സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ, പൊന്നാനി മഖ്ദൂം എം പി മുത്തുക്കോയ തങ്ങൾക്ക് നൽകി പ്രകാശനം ചെയ്തു. പൊന്നാനി മുദരിസ് സയ്യിദ് ഹബീബ് തുറാബ് തങ്ങൾ, അബ്ദുല്ല അഹ്സനി ചെങ്ങാനി, സയ്യിദ് സീതിക്കോയ തങ്ങൾ, ഹംസ അഹ്സനി സുൽത്താൻ ബത്തേരി, അബ്ദുസ്സമദ് അഹ്സനി വെളിമുക്ക്, ഉമർ ശാമിൽ ഇർഫാനി ചേലേമ്പ്ര , ഉവൈസ് അദനി വിളയൂർ, സയ്യിദ് ഫസൽ തുറാബ് ചെറുവണ്ണൂർ തുടങ്ങിയ പ്രമുഖരും സംബന്ധിച്ചു.


