Connect with us

Kerala

പി കെ ഫിറോസിനെതിരെ വികാര നിര്‍ഭരമായ കുറിപ്പുമായി ബിനീഷ് കോടിയേരി

തന്നെ വ്യാജ മയക്കുമരുന്നു കേസില്‍ കുടുക്കി ജയില്‍ അടച്ചതും തന്റെ പിതാവ് കോടിയേരി ബാലകൃഷ്ണന്റെ രോഗാവസ്ഥ ദയനീയമാക്കുന്ന സാഹചര്യം സൃഷ്ടിച്ചതും പി കെ ഫിറോസ് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ നീക്കങ്ങളാണെന്നു തുറന്നു കാട്ടുന്നതാണ് കുറിപ്പ്

Published

|

Last Updated

കോഴിക്കോട് | യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ സഹോദരന്‍ പി കെ ജുബൈര്‍ മയക്കുമരുന്നു കേസില്‍ പിടിയിലായ പശ്ചാത്തലത്തില്‍ വികാര നിര്‍ഭരമായ കുറിപ്പുകമായി ബിനീഷ് കോടിയേരി.

തന്നെ വ്യാജ മയക്കുമരുന്നു കേസില്‍ കുടുക്കി ജയില്‍ അടച്ചതും തന്റെ പിതാവ് കോടിയേരി ബാലകൃഷ്ണന്റെ രോഗാവസ്ഥ ദയനീയമാക്കുന്ന സാഹചര്യം സൃഷ്ടിച്ചതും പി കെ ഫിറോസ് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ നീക്കങ്ങളാണെന്നു തുറന്നു കാട്ടുന്നതാണ് കുറിപ്പ്.

ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
അച്ഛനെ പറ്റിയാണ് ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത്അച്ഛനെ പറ്റി മാത്രം …മയക്കുമരുന്ന് കച്ചവടക്കാരന്റെ അച്ഛന്‍ ആ വിളി എന്റെ അച്ഛന് ചാര്‍ത്തി തന്നത് യൂത്ത് ലീഗ് നേതാവ് ശ്രീ പി കെ ഫിറോസ് അടുങ്ങുന്ന കൂട്ടമാണ്. ആദ്യമായി എന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടി ഫിറോസ് വാര്‍ത്താ സമ്മേളനം നടത്തിയ ദിവസം എനിക്ക് ഇന്നും ഓര്‍മ്മയുണ്ട്. ആരോപണം വന്ന ദിവസം അമ്പരപ്പ് അല്ല , സത്യത്തില്‍ ചിരിയാണ് എനിക്ക് വന്നത്.

ഫിറോസിന്റെ ഒരു തമാശ അത്രയേ ഞാന്‍ കരുതിയുള്ളു. ‘ഗുഡ്‌നൈറ്റ് ‘ എന്ന വാചകം എഴുതി ഞാന്‍ ഒരു മറുപടി ഇട്ടു …അസ്വസ്ഥതയുടെ നേരിയ ലാശ്ചന പോലും ഇല്ലാതെ അന്ന് ഞാന്‍ കിടന്നുറങ്ങി. ഉറക്കമില്ലാത്ത ഒരു പാട് വരുംകാല രാത്രികള്‍ അന്നത്തെ എന്റെ ഉറക്കത്തിന് കാവല്‍ നിന്നു. അണിയറയില്‍ എന്റെ വിധി നിങ്ങള്‍ എഴുതി അവസാനിപ്പിച്ചു എന്ന് അറിയാതെ സ്വാസ്ഥ്യത്തോടെഞാന്‍ ഉറങ്ങി. ഉറക്കത്തില്‍ നിന്ന് ഞാന്‍ ഉണര്‍ന്ന് എണീറ്റത് ഒരു വലിയ പേകിനാവിലേക്കാണ്അവിടെയും ഫിറോസ് നിങ്ങള്‍ ഉണ്ടായിരുന്നു.ആ ദുസ്വപ്‌നത്തിനിടയില്‍ എവിടെയോ വെച്ച്‌നമ്മള്‍ പരസ്പരം കണ്ടുമുട്ടിയിരുന്നല്ലോ. ഒന്നല്ല ഏഴ് വാര്‍ത്താ സമ്മേളനങ്ങള്‍ തുടരെ തുടരെ …എന്റെ ജീവിതത്തിന്റെ തലക്കുറി മാറ്റിയ മണിക്കൂറുകള്‍ ദിവസങ്ങള്‍.

അന്നുമിന്നും നിങ്ങളുടെ രാഷ്ട്രീയ ചൂതാട്ട പലകയിലെ ഒരു കരു മാത്രമാണ് ഞാന്‍ എന്നെനിക്ക് അറിയാം. നിങ്ങള്‍ക്ക് എം എല്‍ എ യോ മന്ത്രിയോ ആവാന്‍ നിസാരനായ എന്നെ എന്തിന് കരുവാക്കി എന്ന ചോദ്യംഎന്നെങ്കിലും നിങ്ങളോട് ചോദിക്കണമെന്ന് ഉണ്ടായിരുന്നു. ആ ദിവസം വന്നു എന്നാണ് അറിയുന്നത്. പക്ഷെ ഈ ദിവസം ഞാന്‍ അത് ചോദിക്കുന്നില്ല. പകരം ഞാന്‍ എന്റെ അച്ഛനെ കുറിച്ച് മാത്രം ഓര്‍ക്കുന്നു.

ഒരു വര്‍ഷവും ഒരു ദിവസവും ചെയ്യാത്ത കുറ്റത്തിന് ഞാന്‍ ജയിലില്‍ കിടന്നു. ആയുസിന്റെ കണക്ക് പുസ്തകത്തില്‍ നിന്ന് നിങ്ങള്‍ ഉള്‍പ്പെടെ ഉള്ളവര്‍ മുന്‍കൈ എടുത്ത് വെട്ടിമാറ്റിയ എന്റെ 366 ദിവസങ്ങള്‍ !പോട്ടെ നിങ്ങളെ എത്ര പരുഷമായികുറ്റം പറഞ്ഞാലും ശാപം കൊണ്ട് മൂടിയാലും എന്റെ ജീവിതത്തിന്റെ കലണ്ടറില്‍ നിന്നു വെട്ടിമാറ്റപ്പെട്ട ആ ദിനരാത്രങ്ങള്‍ എനിക്ക് പകരം ലഭിക്കില്ല . ഞാന്‍ അത് മറക്കാന്‍ ശ്രമിക്കുകയാണ്. പക്ഷെ ഒരു മകന്‍ എന്ന നിലയില്‍ ഞാന്‍ മറക്കാന്‍ പാടില്ലാത്ത ചിലത് ഉണ്ടല്ലോ. എന്റെ അച്ഛന് ക്യാന്‍സര്‍ ആയിരുന്നു. അത് നിങ്ങള്‍ക്കും അറിയാമായിരുന്നിരിക്കണം. രക്ഷപ്പെടാന്‍ ആയിരത്തില്‍ ഒരംശം സാധ്യത പോലും ഇല്ലാത്ത ഗുരുതര രോഗം. ലോകത്തിലെ ഏത് കൊടും കുറ്റകൃത്യവും ചെയ്ത ആളാവട്ടെ , അത്തരം ഒരു രോഗാവസ്ഥയില്‍ അച്ഛനെ പരിചരിക്കാന്‍ ഏത് മകനും ആഗ്രഹിക്കും എന്ന് ഫിറോസ് നിങ്ങള്‍ക്കും അറിയാമല്ലോ.

ആ സൗഭാഗ്യമാണ് നിങ്ങള്‍ എനിക്ക് ഇല്ലാതാക്കിയത്. പറയു ഞാന്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് മാപ്പ് തരേണ്ടത് ??. ഞാന്‍ ജയിലില്‍ പോകുന്നതിന് മുന്‍പ് ആരോഗ്യം വീണ്ടെടുത്ത് നിന്ന ആ മനുഷ്യന്‍ എങ്ങനെഇങ്ങനെയായി എന്ന് ഫിറോസ് നിങ്ങള്‍ക്ക് അറിയാത്ത കാര്യം ആണോ ? എന്റെ കെട്ടകാലത്തിന്റെ കാരണക്കാരന്‍ ആയ നിങ്ങളെ ഞാന്‍ മറക്കാന്‍ ശ്രമിക്കുന്നുണ്ട്. മറക്കാന്‍ ശ്രമിക്കുമ്പോള്‍ ഒക്കെ അച്ഛന്റെ മുഖം ഓര്‍മ്മയില്‍ വരുന്നുണ്ട്. ഓര്‍മ്മകള്‍ ഭ്രാന്തമായി ചൂളം കുത്തി വിളിക്കുന്നുണ്ട്. ഫിറോസ് നിങ്ങളെ ഞാന്‍ മറക്കണോ.

അനൂപ് മുഹമ്മദ് എന്ന വ്യക്തിയെ ലഹരി ഇടപാടില്‍ നക്കോര്‍ട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു എന്നതാണല്ലോ എനിക്കെതിരായ വേട്ടയുടെ തുടക്കം. ഞാനും അയാളും തമ്മിലുള്ള ബന്ധം നിങ്ങളുടെ ആരോപണ ദിവസം തന്നെ ഞാന്‍ വ്യക്തമാക്കിയതാണല്ലോ . ഞാനും അയാളും തമ്മില്‍ റസ്റ്റോറന്റ് കച്ചവടത്തിലെ ബന്ധം അല്ലാതെ മറ്റൊന്നും ഇല്ല എന്ന് നിങ്ങളുടെ പാര്‍ട്ടിയില്‍ തന്നെ പലരും നിങ്ങളോട് സൂചിപ്പിച്ച് കാണുമല്ലോ ? എന്നിട്ടും നിങ്ങള്‍ എന്നെ എന്തിന് വേട്ടയാടി ?പല ഘട്ടങ്ങളിലായി നിക്ഷേപം എന്ന രീതിയില്‍ ബാങ്ക് വഴി അനൂപ് മുഹമ്മദിന് ഞാന്‍ നല്‍കി എന്നത് സത്യം .ഹോട്ടലിന്റെ വാടക ,ജീവനക്കാരുടെ ശമ്പളം എന്നീ ഇനങ്ങളില്‍ ആണ് അതെന്നും ഈ തുക എനിക്ക് ഇതുവരെ മടക്കി കിട്ടിയിട്ടില്ല എന്നും വ്യക്തമായിബോധ്യം ഉണ്ടായിരിക്കുമല്ലോ. താങ്കളുടെ സഹോദരന്‍ ഉള്‍പ്പെട്ട കേസിന്റെ വിശദീകരണം എന്നോണം താങ്കള്‍ പറയുന്ന ബൈറ്റ് ഞാന്‍ കാണാനിടയായി. താങ്കളും സഹോദരനും രണ്ട് വ്യക്തികള്‍ ആണെന്ന്. എന്തേ ഈ ന്യായം എന്റെ കാര്യത്തില്‍ ഉണ്ടായില്ലാ ???.

ഞാന്‍ 2015 മുതല്‍ റസ്റ്റോറന്റ് ബിസിനസിന് വേണ്ടി കടമായി കൊടുത്ത പണം 2020 ല്‍ ലഹരി ഇടപാടിന് ഉപയോഗിച്ചു എന്നാണല്ലോ ഇഡി യുടെ കേസ് .അനൂപിന്റെ ബാങ്ക് ട്രാന്‍സാക്ഷാന്‍സ് നോക്കിയപ്പോള്‍ നിരവധി പേരുടെ കൂട്ടത്തില്‍ എന്റെ പേരും ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സദ്ദുദേശത്തോടെ കടം കൊടുത്ത പണം വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരാള്‍ നിയമവിരുദ്ധമായി ഇടപാടിന് ഉപയോഗിക്കും എന്നറിയാന്‍ എനിക്ക് ജ്ഞാനദൃഷ്ടി ഇല്ലായിരുന്നു. ( അത് ഇതുവരെ തെളിഞ്ഞില്ല എങ്കില്‍ പോലും).

ഞാന്‍ മയക്കുമരുന്ന് ഏതെങ്കിലും കാലത്ത് ഉപയോഗിച്ചോ എന്നറിയാന്‍ എന്റെ രക്തം , നഖം, മുടി ഇതെല്ലാം ശേഖരിച്ച് പരിശോധിച്ചു. ശ്രീ പിണറായി വിജയന്റെ പോലീസ് അല്ല പരിശോധിച്ചത്. രാജ്യത്തെ പ്രീമിയര്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി രാജ്യത്തെ ഏറ്റവും ഉന്നതമായ ലാബില്‍ കൊണ്ട് പോയി പരിശോധിച്ചു. ബിനീഷ് മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല എന്ന്!. എന്നിട്ടും എന്നെ ഏട്ട് മാസം പിന്നെയും ജയിലില്‍ കിടത്തി. മയക്കുമരുന്ന് കേസില്‍ ഞാന്‍ പ്രതിയല്ല. അതേ ഞാന്‍ ആ കുറ്റക്യത്യത്തിന് വേണ്ടി കള്ളപ്പണം ശേഖരിച്ച കേസില്‍ എങ്ങനെ പ്രതിയാവും ??. പ്രിഡിക്കേറ്റ് ഒഫന്‍സില്‍ പ്രതിയല്ലാത്ത എന്റെ പേരില്‍ ചാര്‍ജ്ജ് നില്‍ക്കില്ല എന്ന് സംഘപരിവാറിനാല്‍ നയിക്കപ്പെടുന്ന ഇ ഡി ക്ക് അറിയാം. എന്നിട്ടും എന്നെ കേസില്‍ കുടുക്കാന്‍ ഇഡി നടത്തിയ ശ്രമം ഓര്‍മ്മയില്ലേ ??. ഉന്നതതല സമ്മര്‍ദ്ദം ഉണ്ടായിട്ടും എന്നെ ആദ്യം അറസ്റ്റ് ചെയ്യാന്‍ കൂട്ടാക്കാതിരുന്ന ഉദ്യോഗസ്ഥനെ മാറ്റി മറ്റൊരു ജോയിന്‍ ഡയറക്ടറെ നിയോഗിച്ചു. ചാര്‍ജ്ജ് എടുക്കുന്ന അന്നേ ദിവസം തന്നെ എന്നെ അറസ്റ്റ് ചെയ്തു. പണം കൈമാറ്റം ചെയ്തതിന് രേഖയില്ലെന്ന് വ്യക്തമായതോടെ കൃതൃമ തെളിവ് ഉണ്ടാക്കാനായിരുന്നു ഇഡിയുടെ അടുത്ത ശ്രമം.

മരുതംകുഴിയിലെ എന്റെ വീട്ടില്‍ അനുപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് ഇഡി ഉദ്യോഗസ്ഥര്‍ കൊണ്ട് വെച്ചു. ഇവര്‍ കാര്‍ഡ് കൊണ്ട് വെയ്ക്കുന്നത് എന്റെ ഭാര്യ കണ്ട് ബഹളം വെച്ചതോടെ ആ നീക്കം പൊളിഞ്ഞു. വീട്ടില്‍ നിന്ന് അത് കണ്ടെടുത്തു എന്ന രേഖയില്‍ ഒപ്പിട്ട് നല്‍കാന്‍ ഭാര്യ വിസമ്മതിച്ചതോടെ എന്റെ ഭാര്യയേയും ഭാര്യാ മാതാവിനേയും അറസ്റ്റ് ചെയ്ത് കൂട്ടുപ്രതിയാക്കും എന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി. എന്റെ കുട്ടികള്‍ വാവിട്ട് നിലവിളിച്ച് കരഞ്ഞ് പുറത്തേക്കോടി മാധ്യമങ്ങളോട് കാര്യം പറഞ്ഞു. ഇഡി യുടെ നീക്കം പൊളിഞ്ഞു. എന്റെ അച്ഛന്റെ മാത്രമല്ല നിരപരാധിയായ ഭാര്യയുടെയും എന്റെ കുഞ്ഞുങ്ങളുടെയും മുഖം എനിക്ക് ഓര്‍മ്മ വരുന്നു. പ്രിയ ഫിറോസേ ഞാന്‍ താങ്കളെ മറക്കണോ ??. താങ്കള്‍ പറയു. തെളിവ് ഇല്ലാതായപ്പോള്‍ കൃത്യമ തെളിവ് ഉണ്ടാക്കാന്‍ നോക്കി അതും പൊളിഞ്ഞപ്പോള്‍ എനിക്ക് ജാമ്യം ലഭിക്കുമെന്ന ഘട്ടമെത്തിയതോടെ നിയമത്തിന്റെ സാങ്കേതിക പഴുതുകള്‍ ഉപയോഗിച്ച് ജാമ്യം നിഷേധിക്കാനായി അടുത്ത ശ്രമം.

ബെംഗലരുവിലെ ഇ ഡി അഭിഭാഷകന് പകരം കേസ് വാദിക്കാന്‍ നേരിട്ടെത്തിയത് രാജ്യത്തിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവും അമന്‍ ലേഖിയും. അഡിഷണല്‍ സോളിസിറ്റര്‍ ജനറലാകും മുന്‍പ് അമിത് ഷായുടെ സ്വകാര്യ അഭിഭാഷകനായിരുന്നു എസ് വി രാജുവെങ്കില്‍, ബി ജെ പി നേതാവും കേന്ദ്ര മന്ത്രിയുമായ മീനാക്ഷി ലേഖിയുടെ ഭര്‍ത്താവാണ് അമന്‍ ലേഖി. കേന്ദ്ര സര്‍ക്കാര്‍ എത്രമാത്രം ഈ കേസില്‍ ശ്രദ്ധിച്ചിരുന്നുവെന്നത് ഇതില്‍ നിന്ന് തന്നെ വ്യക്തം. വാദം പറയാതെ കേസ് നീട്ടാനും അവധിക്ക് വെപ്പിച്ചും ജാമ്യം പരമാവധി അവര്‍ നീട്ടികൊണ്ട് പോയി. ഇങ്ങനെ 50 ലധികം തവണ എന്റെ കേസ് ജാമ്യത്തിനായി മാറ്റി. ഒരു ജഡ്ജിക്ക് മുന്‍പില്‍ വാദം പറയുക , അത് പരമാവധി നീട്ടി അദ്ദേഹത്തിന്റെ റെട്ടേഷന്‍ അവസാനിക്കും വരെ നീട്ടി കൊണ്ട് പോകുക എന്നതായിരുന്നു ഇ ഡിയുടെ അടുത്ത തന്ത്രം.

കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജിമാരായ കെ നടരാജ്, എസ് ആര്‍ കൃഷ്ണകുമാര്‍, മുഹമ്മദ് നവാസ്, ബജേദ്രി, ഉമ എന്നീങ്ങനെ അഞ്ചോളം ജഡ്ജിമാരാണ് കേസ് പരിഗണിച്ചത്. വാദം എഴുതി നല്‍കാതെ ഇഡി കളളകളി തുടര്‍ന്നതോടെ ജസ്റ്റിസ് ഉമ കാര്‍ക്കശ സ്വരത്തില്‍ ഇഡിക്ക് താക്കീത് നല്‍ക. അവസാനം നിവര്‍ത്തി കെട്ട് വാദം എഴുതി നല്‍കി. ആ വാദം തള്ളിയാണ് എന്നെ കുറ്റ വിമുക്തന്‍ ആക്കിയത്.

2500 അധികം പേജുകള്‍ ഉള്ള ഇഡി കുറ്റപത്രത്തില്‍ ജാമ്യം നല്‍കാതിരിക്കാന്‍ തക്ക വിധത്തിലുള്ള തെളിവുകള്‍ ഇല്ലെന്നും കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഉമ ഉത്തരവിലൂടെ അന്ന് വ്യക്തമാക്കി. പ്രതിയായി പിടികൂടിയ ശേഷം വിവരണാതീതമായ മാനസിക പീഡനം ആണ് എനിക്ക് നേരെ ഉണ്ടായത്. അതിനെ പറ്റി ഞാന്‍ പിന്നൊരവസരത്തില്‍ എഴുതാം. എന്റെ ജീവിതത്തില്‍ നിന്ന് 366 ദിവസങ്ങള്‍വെട്ടിമാറ്റപ്പെട്ടു . ഒരു തെറ്റും ചെയ്യാത്ത എന്നെ ഒരു കൊല്ലം ജയിലില്‍ ഇട്ടു. അവസാനം എന്നെ കുറ്റവിമുക്തനാക്കി. എല്ലാം ഞാന്‍ മറക്കാന്‍ ശ്രമിക്കുകയാണ് ഫിറോസേ. പക്ഷെ, അസുഖം മൂര്‍ച്ഛിച്ച് പല തവണ അച്ഛന്റെ ആരോഗ്യ നില വഷളായി. ഒരു മകന്‍ എന്ന നിലയില്‍ അച്ഛന് വേണ്ടി ആ ഘട്ടത്തില്‍ എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ആ കുറ്റബോധം അന്നും ഇന്നും എനിക്കുണ്ട്. ഒരു കാര്യത്തില്‍ ഞാന്‍ ഭാഗ്യവാനാണ് .ഞാന്‍ ജയിലില്‍ കിടക്കുമ്പോള്‍ ഒരു ദിവസം പോലും എന്റെ അച്ഛന്‍ എന്നെ കാണാന്‍ ജയിലില്‍ വന്നില്ല. അഴിക്ക് അകത്ത് നിന്ന് അച്ഛനെ കാണാന്‍ ഉള്ള ദുരോഗ്യം എനിക്ക് ഉണ്ടായില്ല.

പക്ഷെ കുറ്റവിമുക്തനായി പുറത്തെത്തിയപ്പോള്‍ എന്നെ സ്വീകരിക്കാന്‍ എന്റെ വീടിന്റെ പൂമുഖത്ത് അച്ഛന്‍ ഉണ്ടായിരുന്നു. അച്ഛനറിയാം ഞാന്‍ മയക്കു മരുന്ന് കച്ചവടം ചെയ്യില്ലെന്ന് . എന്റെ അച്ഛന്റെ മുന്നിലും എന്റെ ജീവനായ പാര്‍ട്ടിയുടെ മുന്നിലും അതു വഴി ജനങ്ങളുടെ മുന്നിലും അപകീര്‍ത്തിപെടുത്താന്‍ ആണ് നിങ്ങള്‍ ഈ കള്ളകഥ ചമച്ചത് എന്നറിയാം. പക്ഷെ, മിസ്റ്റര്‍ പി കെ ഫിറോസ് നിങ്ങള്‍ ദയനീയമായി തോറ്റുപോയിരിക്കുന്നു. ഞാന്‍ ആര്‍ക്ക് നേരെ വിരല്‍ ചൂണ്ടണം ? ആരാണ് എന്റെ ജീവിതം ഇങ്ങനെയാക്കിയത് ? എന്റെ ജീവിതം തകര്‍ത്തിട്ട് നിങ്ങള്‍ എന്ത് നേടി ? ഉത്തരം ഉണ്ടോ പ്രിയ ഫിറോസ് നിങ്ങള്‍ക്ക് ?? ജീവിതത്തില്‍ ഒരു കാലിച്ചായ പോലും അനധികൃതമായി കോടിയേരി ബാലകൃഷ്ണന്‍ വാങ്ങി കുടിച്ചു എന്ന് പഴയ മുസ്ലിം ലീഗ് നേതാക്കള്‍ ആക്ഷേപിക്കില്ല. എന്നിട്ടും നിങ്ങള്‍ അയാളെ ലഹരി കച്ചവടക്കാരന്റെ പിതാവ് ആക്കി.

കള്ളപ്പണക്കാരന്റെ അച്ഛനാക്കി. ഒരു ജീവിതം മുഴുവന്‍ അയാള്‍ നേടിയെടുത്ത പേരും പെരുമയും തച്ച് തകര്‍ക്കാന്‍ നോക്കി. എന്നെ ഇല്ലാതാക്കാന്‍ നോക്കി. എന്റെ ഭാര്യയെ കൂട്ടുപ്രതിയാക്കാന്‍ നോക്കി. എന്റെ അമ്മയുടെ കണ്ണീര് വീഴ്ത്തി. എന്റെ അച്ഛന്റെ രോഗം മൂര്‍ച്ഛിപ്പിച്ചു. എന്നെ ചൂണ്ടി കാട്ടി എന്റെ പാര്‍ട്ടിയെ അപഹസിച്ചു. എന്നോട് ചേര്‍ന്നു നിന്ന പ്രിയ സഖാക്കളെ അപഹസിച്ചു. ആര്‍ത്തു ചിരിച്ചു നിങ്ങള്‍ ….എല്ലാത്തിനും തുടക്കം ഇട്ടത് നിങ്ങള്‍ ആണ് ശ്രീ ഫിറോസ് . നിങ്ങള്‍ മാത്രം. ഞാന്‍ എന്ന നിരപരാധിയുടെ ചോര വീഴ്ത്തിയിട്ടും നിങ്ങള്‍ക്ക് ഒന്നും ആവാന്‍ കഴിഞ്ഞില്ല.

പക്ഷെ ഞാന്‍ എണ്ണീറ്റ് നിന്നു. ഇല്ല ഫിറോസ്, ഈ ദിവസത്തില്‍ ഞാന്‍ നിങ്ങളെ ഒന്നും പറയില്ല ….പക്ഷെ ഒരു ബൈബിള്‍ വചനം മാത്രം ഓര്‍മ്മിപ്പിക്കാം. ‘കുഴികുഴിക്കുന്നവന്‍ അതില്‍ വീഴും. കല്ലുരുട്ടുന്നവന്റെ മേല്‍ അത് തിരിഞ്ഞുരുളും'(സദൃശ്യവാക്യങ്ങള്‍ 26:27). അച്ഛന്‍ പണ്ടൊരു സന്ദര്‍ഭത്തില്‍ പറഞ്ഞ ഒരു വാചകം മാത്രം പറഞ്ഞ് കൊണ്ട് അവസാനിപ്പിക്കാം.
‘എല്ലാവരും മനുഷ്യരാണല്ലോ. ഞങ്ങള്‍ ഇതൊക്കെ താങ്ങും, പക്ഷേ നിങ്ങള്‍ താങ്ങില്ല’

 

---- facebook comment plugin here -----

Latest