Connect with us

National

ഭാരത് സീരീസ്; സംസ്ഥാനം മാറിയാല്‍ വാഹനങ്ങള്‍ക്ക് റീ രജിസ്ട്രേഷന്‍ വേണ്ട

രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തിന് പുറത്ത് വാഹനം 12 മാസത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന പ്രതിസന്ധി വാഹന ഉടമകള്‍ക്ക് ഈ പരിഷ്‌കാരത്തോടെ ഒഴിവാക്കാന്‍ കഴിയും.

Published

|

Last Updated

ന്യൂഡല്‍ഹി| വാഹന രജിസ്‌ട്രേഷനില്‍ പരിഷ്‌കാരവുമായി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനാന്തര വാഹന റജിസ്‌ട്രേഷന്‍ ഒഴിവാക്കാന്‍ ‘ഭാരത് സീരീസ്’ എന്ന പേരില്‍ രാജ്യമാകെ ഏകീകൃത സംവിധാനമാണ് റോഡ് ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. ബിഎച്ച് രജിസ്ട്രേഷനുള്ള ഒരു വാഹനം ഒരു സംസ്ഥാനത്ത് നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറുമ്പോള്‍ റീ രജിസ്ട്രേഷന്‍ നടത്തേണ്ടതില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.

രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തിന് പുറത്ത് വാഹനം 12 മാസത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന പ്രതിസന്ധി വാഹന ഉടമകള്‍ക്ക് ഈ പരിഷ്‌കാരത്തോടെ ഒഴിവാക്കാന്‍ കഴിയും. നിലവിലെ സാഹചര്യത്തില്‍ ഒരു വാഹനം വാങ്ങിയാല്‍ ആ വാഹനം വാങ്ങിയ സംസ്ഥാനത്തിന് പുറത്ത് ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. ഏതു സംസ്ഥാനത്താണോ വാഹനം ആദ്യം റജിസ്റ്റര്‍ ചെയ്തത് അവിടെ നിന്നുള്ള എന്‍ഒസി സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ആദ്യം വാഹനം റജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്ത് നിന്ന് നികുതി റീഫണ്ട് ചെയ്യുകയും മറ്റു സ്ഥലത്ത് തിരിച്ചടയ്ക്കുകയും ചെയ്യണം.

ഇതിനു പകരമായാണ് ‘ഭാരത് സീരീസ്’ എന്ന പേരില്‍ പുതിയ വാഹന രജിസ്‌ട്രേഷന്‍ സംവിധാനം കൊണ്ടുവരുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, സൈനിക-സുരക്ഷ ഉദ്യോഗസ്ഥര്‍, നാലോ അതില്‍ കൂടുതലോ സംസ്ഥാനങ്ങളില്‍ ഓഫീസുകളുള്ളവര്‍, സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് ഭാരത് രജിസ്‌ട്രേഷനായി അപേക്ഷിക്കുന്നതിന് മുന്‍ഗണന ലഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സ്ഥലം മാറി പോകുന്ന ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നു നിലവിലെ രജിസ്ട്രേഷന്‍ സംവിധാനം.

ബിഎച്ച് രജിസ്ട്രേഷന്‍ നടപടികള്‍ ഓണ്‍ലൈനില്‍ ലഭ്യമാകും. വാഹന നികുതി രണ്ട് വര്‍ഷത്തേക്കോ രണ്ടിന്റെ മടങ്ങുകളോ ആയിട്ടായിരിക്കും ഈടാക്കുക. 14 വര്‍ഷം പൂര്‍ത്തിയാക്കിയ വാഹനത്തിനുള്ള നികുതി വര്‍ഷം തോറും മുമ്പ് ഈടാക്കിയിരുന്ന തുകയുടെ പകുതിയായിരിക്കും നല്‍കേണ്ടി വരിക.

 

 

Latest