Connect with us

Ongoing News

വിജയം തുടരാന്‍ ബെംഗളൂരുവിന് വേണ്ടത് 201 റണ്‍സ്

തീക്കാറ്റ് വിതച്ച് വനിന്ദു ഹസരങ്ക

Published

|

Last Updated

ബെംഗളൂരു | കഴിഞ്ഞ മത്സരത്തില്‍ ശക്തരായ രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി വിജയ വഴിയില്‍ തിരിച്ചെത്തിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കീഴടക്കാന്‍ വേണ്ടത് 201 റണ്‍സ്. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് കൊല്‍ക്കത്ത 200 റണ്‍സ് കടന്നത്.

ടോപ് സ്‌കോററായ ഓപണര്‍ ജാസണ്‍ റോയിയും നാരായണ്‍ ജഗദീഷനും ചേര്‍ന്ന് മികച്ച തുടക്കമാണ് കൊല്‍ക്കത്തക്ക് നല്‍കിയത്. 27 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നാരായണ്‍ ജഗദീഷന്‍ പുറത്തായപ്പോഴെത്തിയ വെങ്കിടേഷ് അയ്യരും നന്നായി കളിച്ചു. 31 റണ്‍സാണ് അയ്യര്‍ നേടിയത്.

അതേസമയം, 29 ബോളില്‍ 56 റൺസ് നേടിയ ജേസണ്‍ റോയ് മറുവശത്ത് കത്തിക്കയറുകയായിരുന്നു. ക്യാപ്റ്റന്‍ നിതീഷ് റാണയും നന്നായി കളിച്ചു. 21 പന്തില്‍ 48 റണ്‍സെടുത്ത റാണയെ രണ്ട് തവണയാണ് ബെംഗളൂരു താരങ്ങള്‍ വിട്ടുകളഞ്ഞത്. ഒടുവില്‍, അര്‍ധ സെഞ്ച്വറിയിലേക്ക് കുതിച്ചിരുന്ന റാണയെ വൈഷാഖ് വിജയ് കുമാര്‍ പറന്നുപിടിച്ചു. അതേ ഓവറില്‍ തന്നെ വെങ്കിടേഷ് അയ്യരെയും പുറത്താക്കിയ വനിന്ദു ഹസരങ്ക കൊല്‍ക്കത്തന്‍ ക്യാമ്പില്‍ തീ വിതച്ചു.

നാല് ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹസരങ്കെ ആണ് ബെംഗളൂരു ബോളിംഗില്‍ മിന്നിയത്. വൈഷാഖും രണ്ട് വിക്കറ്റ് വീഴ്ത്തി. എന്നാല്‍, നാല് ഓവറില്‍ 41 റണ്‍സാണ് വൈഷാഖ് വഴങ്ങിയത്. മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് നേടി.