Connect with us

Kannur

ഗാനമേളയ്ക്കിടെ മര്‍ദനം:പ്രതിയെ പരിശോധിക്കാതെ വിട്ടയച്ചു, പോലീസിനെതിരെ കണ്ണൂര്‍ മേയര്‍

കസ്റ്റഡിയിലെടുത്ത പ്രതി ജബ്ബാറിനെ 20 മിനിറ്റിനുളളില്‍ പോലീസ് വിട്ടയച്ചുവെന്നും പിന്നീട് പ്രതി വീണ്ടും വേദിയിലെത്തി ഭീഷണിപ്പെടുത്തിയെന്നും മദ്യലഹരിയിലായിരുന്ന ഇയാളെ യാതൊരു പരിശോധനക്കും വിധേയമാക്കിയില്ലെന്നും മേയര്‍

Published

|

Last Updated

കണ്ണൂര്‍| കണ്ണൂരില്‍ ഗാനമേളക്കിടെ മേയറെ മര്‍ദിച്ച സംഭവത്തില്‍ പോലീസിനെതിരെ ആരോപണവുമായി കോര്‍പ്പറേഷന്‍ മേയര്‍. മേയറെ കയ്യേറ്റം ചെയ്ത പ്രതി മദ്യപിച്ചോ എന്നറിയാന്‍ പരിശോധന പോലും നടത്താതെയാണ് പോലീസ് വിട്ടയച്ചതെന്നാണ് കോര്‍പ്പറേഷന്റെ ആക്ഷേപം. പോലീസിനെതിരെ ആരോപണവുമായി കണ്ണൂര്‍ മേയര്‍ അഡ്വ. ടി.ഒ മോഹനന്‍ രംഗത്തെത്തി. കസ്റ്റഡിയിലെടുത്ത പ്രതി ജബ്ബാറിനെ 20 മിനിറ്റിനുളളില്‍ പോലീസ് വിട്ടയച്ചുവെന്നും പിന്നീട് പ്രതി വീണ്ടും വേദിയിലെത്തി ഭീഷണിപ്പെടുത്തിയെന്നും മദ്യലഹരിയിലായിരുന്ന ഇയാളെ യാതൊരു പരിശോധനക്കും വിധേയമാക്കിയില്ലെന്നും മേയര്‍ ടി.ഒ മോഹനന്‍ ആരോപിച്ചു.

മേയറെയും കൗണ്‍സിലര്‍മാരെയും കയ്യേറ്റം ചെയ്ത പ്രതിയെ മിനിറ്റുകള്‍ക്കുളളില്‍ വിട്ടയച്ചതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന ദസറ ആഘോഷത്തില്‍ കണ്ണൂര്‍ ഷെരീഫിന്റെയും സംഘത്തിന്റെയും ഗാനമേള നടക്കുന്നതിനിടെയാണ് അലവില്‍ സ്വദേശി ജബ്ബാര്‍ സ്റ്റേജില്‍ കയറി നൃത്തം ചെയ്തത്. ഗാനമേള സംഘം ഇയാളെ സ്റ്റേജില്‍ നിന്ന് മാറ്റണമെന്ന് വളണ്ടിയര്‍മാരോട് ആവശ്യപ്പെട്ടു. അനുനയിപ്പിച്ച് പുറത്താക്കിയെങ്കിലും വൈകാതെ ജബ്ബാര്‍ വീണ്ടും സ്‌റ്റേജില്‍ കയറുകയായിരുന്നു. പിടിച്ചുമാറ്റാനെത്തിയപ്പോഴാണ് ജബ്ബാര്‍ മേയറെയും മറ്റു കൗണ്‍സിലര്‍മാരെയും പിടിച്ചു തള്ളിയത്.

 

 

---- facebook comment plugin here -----

Latest