Connect with us

National

സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധ വേണം; അല്ലെങ്കിൽ അനന്തരഫലം നേരിടേണ്ടി വരും: സുപ്രീം കോടതി

സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റുകൾ ഇടുന്നവരെ ശിക്ഷിക്കണമെന്ന് ജസ്റ്റിസ് ബിആർ ഗവായ്, ജസ്റ്റിസ് പ്രശാന്ത് കുമാർ എന്നിവരുടെ ബെഞ്ച് പ

Published

|

Last Updated

ന്യൂഡൽഹി | സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ജനങ്ങൾ വളരെയധികം ശ്രദ്ധിക്കണമെന്ന് സുപ്രീം കോടതി. സോഷ്യൽ മീഡിയ ഉപയോക്താക്കൾ അതിന്റെ സ്വാധീനവും വ്യാപനവും സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്നും കോടതി വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റുകൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.

സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റുകൾ ഇടുന്നവരെ ശിക്ഷിക്കണമെന്ന് ജസ്റ്റിസ് ബിആർ ഗവായ്, ജസ്റ്റിസ് പ്രശാന്ത് കുമാർ എന്നിവരുടെ ബെഞ്ച് പറഞ്ഞു. ഇത്തരക്കാർക്ക് മാപ്പ് പറഞ്ഞ് ക്രിമിനൽ നടപടികളിൽ നിന്ന് രക്ഷപ്പെടാനാകില്ല. അവരുടെ പ്രവൃത്തികളുടെ അനന്തരഫലങ്ങൾ അവർ അഭിമുഖീകരിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.

തമിഴ് നടനും മുൻ എംഎൽഎയുമായ എസ് വി ശേഖറിനെതിരെ 2018ൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ വിസമ്മതിച്ചാണ് കോടതി നടപടി. വനിതാ മാധ്യമപ്രവർത്തകർക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്നത്തെ തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിനെതിരെ ഒരു വനിതാ മാധ്യമപ്രവർത്തക ആരോപണമുന്നയിച്ചിരുന്നു. ഈ ആരോപണത്തിൽ ശേഖർ തന്റെ അഭിപ്രായം രേഖപ്പെടുത്തി ഇട്ട പോസ്റ്റാണ് കേസിനിടയാക്കിയത്.

പോസ്റ്റ് വിവാദമായതോടെ ഡിഎംകെ എംഎൽഎയുടെ രാജി ആവശ്യപ്പെട്ടു. ശേഖർ പിന്നീട് മാപ്പ് പറയുകയും പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തുവെങ്കിലും കേസ് നടപടികൾ മുന്നോട്ടുപോകുകയായിരുന്നു. എസ്.വി ശേഖറിനെതിരെ ചെന്നൈ, കരൂര്‍, തിരുനല്‍വേലി എന്നിവിടങ്ങളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശേഖര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

തന്റെ തെറ്റ് മനസ്സിലാക്കിയ ഉടൻ ശേഖർ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും നിരുപാധികം മാപ്പ് പറയുകയും ചെയ്തതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. മറ്റൊരാളുടെ പോസ്റ്റ് താരം ഷെയർ ചെയ്തിരുന്നു. ആ സമയം കണ്ണിൽ മരുന്ന് വെച്ചതിനാൽ കാഴ്ച മങ്ങിയിരുന്നു. ഇക്കാരണത്താൽ, പോസ്റ്റിൽ എഴുതിയത് അവർക്ക് കാണാൻ കഴിഞ്ഞില്ല. സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ ശേഖറിനെ പിന്തുടരുന്നു, ഇത് കാരണം അദ്ദേഹം പോസ്റ്റ് ഷെയർ ചെയ്തയുടനെ വൈറലായെന്നും അഭിഭാഷകൻ വാദിച്ചു.

ശേഖർ എങ്ങനെയാണ് ഉള്ളടക്കം വായിക്കാതെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് എന്നായിരുന്നു ഇതിന് ജസ്റ്റിസ് ബിആർ ഗവായ്, ജസ്റ്റിസ് പ്രശാന്ത് കുമാർ എന്നിവരുടെ മറുചോദ്യം. തുടർന്ന് ഹരജി പിൻവലിക്കാൻ കോടതി വിസമ്മതിക്കുകയും നിയമനടപടി നേരിടാൻ ആവശ്യപ്പെടുകയും ചെയ്തു.

Latest