Connect with us

National

ബിബിസി ഡോക്യുമെന്ററി പ്രദർശനം; ഡൽഹി യൂണിവേഴ്സിറ്റിയിൽ 24 വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു

കോൺഗ്രസ് വിദ്യാർഥി സംഘടനയായ നാഷണൽ സ്റ്റുഡൻസ് യൂണിയന്റെയും ഭീം ആർമി സ്റ്റുഡന്റ്സ് ഫെഡറേഷന്റെയും നേതൃത്വത്തിലാണ് ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ശ്രമം നടത്തിയത്.

Published

|

Last Updated

ന്യൂഡൽഹി | ഗുജറാത്ത് വംശഹത്യയെക്കുറിച്ച് നിർണായക വിവരങ്ങൾ അടങ്ങിയ ബി ബി സി ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ശ്രമിച്ചതിന് ഡൽഹി യൂണിവേഴ്സിറ്റിയിൽ 24 വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈകീട്ട് നാല് മണിക്ക് സർവകലാശാലയുടെ ആർട്സ് ഫാക്ക്വൽറ്റി ഗേറ്റിന് സമീപം ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ വിദ്യാർഥികൾ ശ്രമിച്ചെന്നും പിന്തിരിയാൻ ആവശ്യപ്പെട്ടപ്പോൾ പിന്തിരിഞ്ഞില്ലെന്നും തുടർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സാഗർ സിംഗ് കൽസി പറഞ്ഞു. കോൺഗ്രസ് വിദ്യാർഥി സംഘടനയായ നാഷണൽ സ്റ്റുഡൻസ് യൂണിയന്റെയും ഭീം ആർമി സ്റ്റുഡന്റ്സ് ഫെഡറേഷന്റെയും നേതൃത്വത്തിലാണ് ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ശ്രമം നടത്തിയത്.

വിദ്യാർഥികൾ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ പോകുന്ന വിവരം യൂനിവേഴ്സിറ്റി അധികൃതർ നേരത്തെ പോലീസിനെ അറിയിച്ചിരുന്നു. തുടർന്ന് യൂനിവേഴ്സിറ്റി ക്യാമ്പസിൽ കനത്ത പോലീസ് സുരക്ഷ ഒരുക്കിയിരുന്നു. കോളജിൽ ഡിസംബറിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഫെബ്രുവരി 28 വരെ ഇത് തുടരുമെന്നും പോലീസ് പറഞ്ഞു.

ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലും ജാമിഅ മില്ലിയ്യ യൂണിവേഴ്സിറ്റിയിലും ഡോക്യുമെന്ററി പ്രദർശനത്തിന്റെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാർഥികളെ കസ്റ്റഡിയിൽ എടുത്തിരുന്നു.

Latest