Bahrain
പര്‍ദ്ദ ധരിച്ചെത്തിയ സ്ത്രീക്ക് വിലക്ക്; ബഹറൈനില്‍ ഇന്ത്യന്‍ റെസ്റ്റോറന്റ് അടച്ചുപൂട്ടി
പര്‍ദ്ദ ധരിച്ച സ്ത്രീയെ റസ്റ്റോറന്റ് ജീവനക്കാരന്‍ തടയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായിരുന്നു

മനാമ | പര്‍ദ്ദ ധരിച്ചെത്തിയ സ്ത്രീക്ക് ഇന്ത്യന്‍ റസ്റ്റോറന്റില്‍ പ്രവേശന വിലക്ക്. സംഭവം വിവാദമായതോടെ ബഹ്‌റൈന്‍ അധികൃതര്‍ ഹോട്ടല്‍ അടച്ചുപൂട്ടി. അദ്ലിയയിലെ പ്രമുഖ ഇന്ത്യന്‍ റസ്റ്റോറന്റിലാണ് സംഭവം. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് റെസ്റ്റോറന്റ് മാനേജ്‌മെന്റ് സോഷ്യല്‍ മീഡിയയില്‍ ക്ഷമാപണം നടത്തുകയും, ഡ്യൂട്ടി മാനേജരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.ഡ്യൂട്ടി മാനേജര്‍ ഇന്ത്യക്കാരനാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
പര്‍ദ്ദ ധരിച്ച സ്ത്രീയെ റസ്റ്റോറന്റ് ജീവനക്കാരന്‍ തടയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായതോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്ന് ബഹ്റൈന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്സിബിഷന്‍ അതോറിറ്റി അന്വേഷണം ആരംഭിക്കുകയും രാജ്യത്തിന്റെ നിയമങ്ങള്‍ ലംഘിക്കുന്ന നയങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ ടൂറിസം ഔട്ട്ലെറ്റുകളോടും ആവശ്യപ്പെടുകയും ചെയ്തു.
1986 ലെ നിയമപ്രകാരമാണ് റസ്റ്റോറന്റ് അടച്ചുപൂട്ടുന്നതെന്ന് മന്ത്രാലയം പറഞ്ഞു. ഗള്‍ഫ് രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമായാണ് പ്രാദേശിക മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തത്.
ഇത്തരം പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ദേശീയ ഉപഭോക്തൃ സംരക്ഷണ കേന്ദ്രത്തെ 17007003 എന്ന നമ്പറില്‍ അറിയിക്കണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു