Connect with us

Bahrain

ബഹ്റൈനില്‍ അപായ മുന്നറിയിപ്പ്; പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അടിയന്തര നിര്‍ദേശം

ഇന്ന് രാവിലെ 5:32-ന് ആദ്യ മുന്നറിയിപ്പ് നല്‍കിയതിന് തൊട്ട് പിറകേ 7:50-ഓടെ മന്ത്രാലയം വീണ്ടും ജാഗ്രതാ നിര്‍ദേശം ആവര്‍ത്തിച്ചു.

Published

|

Last Updated

മനാമ | മേഖലയിലെ നിലവിലുള്ള സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ബഹ്റൈനില്‍ ആഭ്യന്തര മന്ത്രാലയം അടിയന്തര അപകടസാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്ന് രാവിലെ 5:32-ന് ആദ്യ മുന്നറിയിപ്പ് നല്‍കിയതിന് തൊട്ട് പിറകേ 7:50-ഓടെ മന്ത്രാലയം വീണ്ടും ജാഗ്രതാ നിര്‍ദേശം ആവര്‍ത്തിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപായ സൈറണുകള്‍ മുഴങ്ങിയതോടെ പൊതുജനങ്ങള്‍ ശാന്തത പാലിക്കണമെന്നും ഉടന്‍ തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

ഭീഷണിയുടെ കൃത്യമായ സ്വഭാവം അധികൃതര്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. പുറത്തുള്ളവര്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് മാറണമെന്നും, വീടുകളിലുള്ളവര്‍ ജനാലകള്‍, ബാല്‍ക്കണികള്‍, മേല്‍ക്കൂരകള്‍ എന്നിവയില്‍ നിന്ന് അകന്നുനില്‍ക്കണമെന്നും നിര്‍ദേശമുണ്ട്. സൈറണ്‍ കേള്‍ക്കുമ്പോള്‍ വാഹനമോടിക്കുന്നവര്‍ പരിഭ്രാന്തരാകാതെ വേഗത കുറയ്ക്കുകയും, ആംബുലന്‍സുകള്‍ക്കും സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ റോഡിന്റെ ഇടതുവശം ഒഴിഞ്ഞുകൊടുക്കുകയും വേണം.

അതേസമയം, ഔദ്യോഗിക സര്‍ക്കാര്‍ അറിയിപ്പുകളും മാധ്യമങ്ങളും നല്‍കുന്ന വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും വ്യാജവാര്‍ത്തകളോ കിംവദന്തികളോ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങളോ അപകടസ്ഥലങ്ങളോ മൊബൈലില്‍ പകര്‍ത്തുന്നതും സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുന്നതും കര്‍ശന നിയമനടപടികള്‍ക്ക് കാരണമാകും. അടിയന്തര സഹായങ്ങള്‍ക്കായി 999 എന്ന ദേശീയ എമര്‍ജന്‍സി നമ്പറിലോ, 17572222/17077077 എന്നീ കോള്‍ സെന്റര്‍ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Content Highlights: Bahrain’s Ministry of Interior has issued an urgent warning amid heightened security concerns. Authorities have instructed all citizens and residents to immediately move to safe locations. The emergency directive aims to ensure public safety during the ongoing situation.

 

Latest