Connect with us

prathivaram cover story

തിരികെ മടങ്ങുക മണ്ണിലേക്ക്...കൃഷിയിലേക്ക്

അന്യംനിന്നു പോകുന്ന മനോഹരമായ ഗ്രാമീണ കാര്‍ഷിക സംസ്‌കാരത്തിന്റെ പുനര്‍വായനകളാണ് ഒരോ വിഷുക്കാലവും മലയാളികള്‍ക്ക് സമ്മാനിക്കുന്നത്.

Published

|

Last Updated

ഒരു കാര്‍ഷികോത്സവമായും വിഷു അറിയപ്പെടുന്നുണ്ട്. മലയാളക്കരയുടെ വിളവെടുപ്പ് ഉത്സവമാണിത്. പ്രകൃതിയും മനുഷ്യനും തമ്മില്‍ സഹജമായുള്ള കൂടിച്ചേരലിന്റെ മഹോത്സവങ്ങളിലൊന്നാണ്. കൃഷിയില്ലാതെ ഒരു കാലവും ഉത്സവങ്ങളുടെ ശോഭ ഉണ്ടാകാറില്ല. അതുകൊണ്ട് തന്നെ വിഷുവും കൃഷിയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. അന്യംനിന്നു പോകുന്ന മനോഹരമായ ഗ്രാമീണ കാര്‍ഷിക സംസ്‌കാരത്തിന്റെ പുനര്‍വായനകളാണ് ഒരോ വിഷുക്കാലവും മലയാളികള്‍ക്ക് സമ്മാനിക്കുന്നത്.

ഞാറ്റുവേല അഥവാ സൂര്യന്റെ നില അനുസരിച്ചാണ് ഉത്സവവും കൃഷിയും ഒക്കെ കൊണ്ടാടുന്നത്. കൃഷിക്ക് തുടക്കമിടുന്ന അശ്വതി ഞാറ്റുവേല വിഷു ദിനത്തിലാണ്. ആദ്യത്തെ ഞാറ്റുവേലയും അശ്വതി ഞാറ്റുവേലയാണ്. പുതുവര്‍ഷത്തിനായി കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ചടങ്ങുകള്‍ നടത്തുന്ന സമയമാണ് വിഷുക്കാലം. വിഷു വേനല്‍ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്.

മലയാളികള്‍ക്ക് ഉത്സവങ്ങളെല്ലാം കൃഷിയും വിളവെടുപ്പുമായി അഭേദ്യമായ ബന്ധമുള്ളതാണ്. കര്‍ക്കടകം കഴിഞ്ഞുവരുന്ന ഓണമായാലും മേടസംക്രാന്തിയിലെ വിഷുവായാലും കാര്‍ഷിക പ്രവര്‍ത്തനവും വിളവെടുപ്പുമായി ബന്ധപ്പെട്ടുള്ളതാണ്. രാവും പകലും തുല്യമായിവരുന്ന മേടത്തിലെ വര്‍ഷപ്പിറവി പുരാതന ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിലും ഉത്സവച്ഛായയില്‍ ആഘോഷിച്ചു വരുന്നു.

പച്ചക്കറികളും ഫലമൂലാദികളും വിളവെടുത്ത് താലങ്ങളും കുട്ടകളും വട്ടികളും നിറയ്ക്കുന്നതാണ് ഇതിന്റെ പ്രത്യേകത. കേരളത്തില്‍ കൊയ്ത്ത് കഴിഞ്ഞ് പാടങ്ങളില്‍ നിറയെ പച്ചക്കറി വിളയിക്കുന്ന കാലമാണ് വിഷുപ്പിറവിക്ക് തൊട്ടു മുന്പുള്ള മാസങ്ങള്‍.

കൊയ്ത്തുകഴിഞ്ഞ പാടങ്ങള്‍ ഒരു തരിമ്പും തരിശിടാതെ നിറയെ പയറും പാവലും പടവലവും സ്വര്‍ണനിറമാര്‍ന്ന വെള്ളരിയും എന്നുവേണ്ട മിക്കവാറും എല്ലാതരം പച്ചക്കറികളും വിളയിച്ച് അവ വിളവെടുക്കുന്ന കാലവുമാണ്.

കൃഷിയില്‍ തുടക്കം
വിഷുവിനോട് അനുബന്ധിച്ച് പലയിടങ്ങളിലും പല വിഭാഗം ജനതയിലും വ്യത്യസ്ത ആചാരങ്ങള്‍ കൃഷിയേ സംബന്ധിച്ച് നിലനില്‍ക്കുന്നുണ്ടത്രെ. ചാലിടീല്‍, കൈക്കോട്ടുചാല്‍, വിഷുക്കരിക്കല്‍, വിഷുവേല, വിഷുവെടുക്കല്‍ എന്നിങ്ങനെ പോകുന്നു വ്യത്യസ്ത ഇടങ്ങളില്‍ ഇതോടനുബന്ധിച്ച് നടക്കുന്ന ചില ആചാരങ്ങള്‍. അന്നേ ദിവസം ആദ്യമായി നിലം ഉഴുതുമറിച്ച് വിത്ത് ഇടുന്നതിന് ചാലിടീല്‍ എന്നു പറയുന്നു. ഇതോടൊപ്പം കന്നുകാലികളെ പൂട്ടി നിലം ഉഴുതുമറിക്കുന്നു.

പുതിയ കൈക്കോട്ടിനെ കഴുകി അലങ്കരിക്കുന്നു. അങ്ങനെ അണിയിച്ചൊരുക്കിയ കൈക്കോട്ട് വീടിന്റെ കിഴക്ക് പടിഞ്ഞാറു ഭാഗത്തു വെക്കുകയും അതിനുശേഷം കുറച്ചു സ്ഥലത്ത് കൊത്തി കിളയ്ക്കുകയും ചെയ്യുക എന്ന ആചാരം ചിലയിങ്ങളിലെ പ്രത്യേക വിഭാഗങ്ങള്‍ക്കിടയിലുണ്ട്. അങ്ങനെ കൊത്തിക്കിളച്ചതില്‍ കുഴിയെടുത്ത് അതില്‍ നവധാന്യങ്ങള്‍, പച്ചക്കറി വിത്തുകള്‍ എന്നിവ ഒരുമിച്ച് നടുന്നു. പാടങ്ങളില്‍ കൃഷി ഇറക്കിക്കഴിഞ്ഞ കര്‍ഷകര്‍ പറമ്പു കൃഷിയിലും തുടക്കമിടുന്നു എന്നു വരുത്തുന്നതിനാണ് ഈ ആചാരം നടത്തുന്നതത്രെ. കാര്‍ഷിക വിഭവങ്ങളുടെയും, മറ്റ് ഗ്രാമീണ ഉത്പന്നങ്ങളുടെയും വന്‍വിപണനം ഈ ദിനത്തില്‍ നടത്തപ്പെടുകയും ചെയ്യും.

പഴമയിലേക്കൊരു യാത്ര
വീട്ടുമുറ്റത്തും പറമ്പിലും പാടത്തുമൊക്കെ വിളയുന്ന പച്ചക്കറി ഇനങ്ങളും ഫലങ്ങളുമാണ് വിഷുവിനോടനുബന്ധിച്ചു ഹൈന്ദവ വിശ്വാസികള്‍ വീടുകളില്‍ കണിവസ്തുക്കളായി വെച്ചിരുന്നത്. നീണ്ട നെല്‍വയലുകളും തൊടികളും ഉണ്ടായിരുന്ന മനോഹര പ്രകൃതിസ്വത്വമായിരുന്നു ഗ്രാമങ്ങള്‍ക്കുണ്ടായിരുന്നത്. അതുകൊണ്ട് ഇങ്ങനെ വെക്കുന്ന വസ്തുക്കള്‍ പഴയ കാലത്ത് വീടിന് പരിസരത്തു നിന്നുതന്നെ ലഭിച്ചിരുന്നു.
കണിത്താലത്തില്‍ കണിയായൊരുങ്ങാന്‍ ചക്ക, മാങ്ങ എന്നിങ്ങനെയുള്ള സ്വന്തം കനികള്‍ തയ്യാറാവുന്നതും കിഴങ്ങുകളും മഞ്ഞള്‍, ഇഞ്ചി, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും വിളവെടുപ്പിന് പാകമാവുന്നതും ഇക്കാലത്താണ്. നമ്മുടെ നാട്ടില്‍ കിട്ടുന്നതായ എല്ലാവിധം പഴങ്ങളും പച്ചക്കറികളും ഇങ്ങനെ നിറയുന്നു. മേടസംക്രാന്തിയാവുമ്പോഴേക്കും പൂക്കുന്ന കണിക്കൊന്ന, നാളികേരം, ചക്ക, മാങ്ങ, വിവിധയിനം പഴങ്ങള്‍, പൂനെല്ല്, ചെറുനാരങ്ങ അങ്ങനെ നീളുന്നു ഇങ്ങനെ വെക്കുന്ന വിഭവങ്ങള്‍.

നമ്മുടെ സ്വന്തം ഫലമായ ചക്ക മുറിക്കുന്നത് പണ്ട് വിഷുവാഘോഷത്തിന്റെ ചിലയിടങ്ങളിലെ ഒരു ആചാരം തന്നെയായിരുന്നു. ചക്ക എരിശ്ശേരിയും ചക്ക വറുത്തതും ചക്കവരട്ടിയും ഇടിച്ചക്ക ഉപ്പേരിയും സദ്യയുടെ പ്രധാന വിഭവങ്ങളില്‍പ്പെടുന്നു. ചക്കയുടെ പുറത്തെ കരൂള്‍ മാത്രം ഒഴിവാക്കി കൊത്തിയരിഞ്ഞുണ്ടാക്കുന്ന പുഴുക്കും ഇപ്പോള്‍ ഗൃഹാതുരത്വം നല്‍കുന്ന വിഭവമാണ്. ഇന്ന് പോയ്‌പ്പോയ പഴയ വിഷുക്കാലം പഴമയുടെ ഓര്‍മകള്‍ മാത്രമായി മാറി. ഇന്ന് കണിവസ്തുക്കള്‍ തേടി ചുറ്റുവട്ടമാകെ പരതിനടക്കേണ്ടതില്ല. എല്ലാം റെഡിമെയ്ഡായി ലഭിക്കുന്ന ന്യൂജെന്‍ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. വീണ്ടുമൊരു വിഷുകൂടി എത്തുമ്പോള്‍ പ്രകൃതിയിലേക്കുള്ള തിരിഞ്ഞു നോട്ടത്തിന് പുതിയ തലമുറ തയ്യാറാകണം.

അതുപോലെതന്നെ ഇത്തവണത്തെ വിഷുക്കാലം പ്രകൃതിയെ വീക്ഷിക്കാനും സംരക്ഷിക്കാനുമുള്ള അവസരമാക്കി മാറ്റണം. മണ്ണിനെ മറക്കുന്ന ശരീരം അനങ്ങാത്ത വര്‍ത്തമാനകാല മലയാളിയുടെ മുന്നില്‍ നല്‍കുന്ന സന്ദേശം ‘ മണ്ണിലേക്ക്…..കൃഷിയിലേക്ക് തിരികെ മടങ്ങുക…’എന്നതുകൂടിയാണ്.

 

 

 

 

 

 

 

 

 

 

 

---- facebook comment plugin here -----

Latest