Connect with us

Health

കുട്ടികളിലെ ആസ്തമ: യാഥാര്‍ത്ഥ്യവും തെറ്റിദ്ധാരണകളും

ഏറ്റവും പ്രധാനമായി കാലാവസ്ഥയിലുണ്ടാകുന്ന മാറ്റമാണ് ആസ്തമയ്ക്ക് കാരണം.

Published

|

Last Updated

കുട്ടികളിലെ ആസ്തമ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു രോഗമാണ്. കുട്ടികളില്‍ ഇടയ്ക്കിടെ വരുന്ന ചുമയുടെ പ്രധാന കാരണം ആസ്തമയാണ്. രാത്രികാലങ്ങളിലും രാവിലെയുമുള്ള വിട്ടുമാറാത്ത ഇടയ്ക്കിടെയുള്ള ചുമകള്‍, പൊടികൊണ്ടുള്ള തുമ്മല്‍ ഇതൊക്കെ അലര്‍ജിയെ കൊണ്ടുണ്ടാകുന്ന ആസ്തമയുടെ ലക്ഷണങ്ങളാണ്.

എന്തുകൊണ്ടാണ് ആസ്തമ വരുന്നത്

കുട്ടികള്‍ക്ക് ആസ്തമ വരാന്‍ പാരമ്പര്യം പ്രധാനഘടകമാണ്. കുട്ടിയുടെ മാതാപിതാക്കള്‍ക്കോ അടുത്ത കുടുംബാംഗങ്ങള്‍ക്കോ ആസ്തമയുണ്ടെങ്കില്‍ കുഞ്ഞിന് ആസ്തമ വരാന്‍ എണ്‍പത് ശതമാനം സാധ്യതയുണ്ട്. സാധാരണയായി കുട്ടികളിലെയും മുതിര്‍ന്നവരുടെയും ആസ്തമ വളരെയധികം വ്യത്യാസമുണ്ട്. കുട്ടികള്‍ക്കുണ്ടാകുന്ന ആസ്തമ സാധാരണ ഏഴോ എട്ടോ വര്‍ഷം നീണ്ടു നില്‍ക്കുന്നതായിരിക്കും. അതുകഴിഞ്ഞാല്‍ സാവധാനം അസുഖം കുറയുന്നതായിരിക്കും.

ചികിത്സ

ആസ്തമ ചികിത്സിച്ചു മാറ്റാന്‍ പറ്റുന്ന ഒരു തരം ചികിത്സാരീതിയും ലോകത്തെവിടെയും കണ്ടുപിടിച്ചിട്ടില്ല. ആസ്തമ കുറേക്കാലം നീണ്ടുനില്‍ക്കുന്ന നീര്‍ക്കെട്ട് രോഗമാണ്. ഏറ്റവും പ്രധാനമായി കാലാവസ്ഥയിലുണ്ടാകുന്ന മാറ്റമാണ് ആസ്തമയ്ക്ക് കാരണം. അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍, പുക, പഴകിയ വസ്തുക്കളിലെ പൊടി, പൗഡര്‍, സ്‌പ്രേ ഇതൊക്കെ ആസ്തമ കൂട്ടുന്ന കാര്യങ്ങളാണ്.

ആസ്തമ ഉണ്ടെന്ന കാരണത്താല്‍ കുട്ടികളെ കളിക്കാന്‍ വിടാതിരിക്കേണ്ട ആവശ്യമില്ല. ആസ്തമയ്ക്കുള്ള ഫലപ്രദമായ ചികിത്സ നല്‍കി കുഞ്ഞിനെ ഉല്ലാസങ്ങള്‍ക്കായി പറഞ്ഞയക്കാം. കുഞ്ഞിന് നല്‍കുന്ന ഭക്ഷണങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ല. മുന്തിരി, ഫ്രിഡ്ജില്‍ സൂക്ഷിച്ച തണുത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവ ഒഴിവാക്കേണ്ടതാണ്. ഫാസ്റ്റ് ഫുഡുകള്‍ പരമാവധി കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാതെ വീട്ടില്‍ പാകം ചെയ്തതുമാത്രം നല്‍കുക.

ആസ്തമയ്ക്ക് ഇന്ന് ലോകത്ത് ലഭ്യമായ ഏറ്റവും വലിയ ആന്റി ഇന്‍ഫ്‌ളമേറ്ററി മെഡിസിനാണ് സ്റ്റിറോയ്ഡ്. സ്റ്റിറോയ്ഡ് വളരെ അപകടം പിടിച്ച മരുന്നാണെന്ന ധാരണ എല്ലാവര്‍ക്കുമിടയിലുണ്ട്. അത് സത്യമാണ്. കുറേകാലം വായിലൂടെ ഗുളിക രൂപത്തില്‍ സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നത് അപകടം തന്നെയാണ്. എന്നാല്‍ കുട്ടികള്‍ക്ക് ഇന്‍ഹെയ്‌ലറായിട്ടാണ് നമ്മള്‍ ആസ്തമയ്ക്ക് നല്‍കുക. ഇതിന്റെ ഗുണം മൈക്രോ ഗ്രാമിലാണ് മരുന്ന് കൊടുക്കുന്നത് എന്നതാണ്. ഇന്‍ഹെയ്‌ലര്‍ വഴി നേരിട്ട് മരുന്ന് ശ്വാസകോശത്തിലേക്ക് എത്തും. സ്റ്റിറോയ്ഡ് ആസ്തമ തടയാനുള്ള തെറാപ്പി കൂടിയാണ്. ശ്വാസംമുട്ടല്‍ കൂടുതലുള്ള സമയത്തോ ഒാക്‌സിജന്‍ ഇല്ലാതെയോ നെബുലൈസര്‍ വീട്ടില്‍ ഉപയോഗിച്ചാല്‍ ഗുണത്തേക്കാളേറെ ദോഷമാണ്. ഓക്‌സിജന്റെ സഹായത്തോടെ ആശുപത്രിയില്‍ നിന്ന് മാത്രമേ നെബുലൈസേഷന്‍ കൊടുക്കാവൂ. ചികിത്സയിലൂടെ ആസ്തമ കുറയ്ക്കാമെന്നല്ലാതെ പൂര്‍ണ്ണമായി മാറ്റാന്‍ സാധിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

 

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. എം.കെ നന്ദകുമാര്‍
സീനിയര്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യന്‍
ആസ്റ്റര്‍ മിംസ്, കണ്ണൂര്‍

സബ് എഡിറ്റർ, സിറാജ്‍ ലെെവ്

Latest