Connect with us

ASHA WORKERS

ഓണറേറിയവും ഇൻസെന്റീവും മുടങ്ങി ആശാ വർക്കർമാർ

മിനിമം വേതനം നൽകണമെന്ന് ഇവരുടെ വർഷങ്ങളായുള്ള ആവശ്യം സർക്കാർ ഇതു വരെ പരിഗണിച്ചിട്ടുമില്ല

Published

|

Last Updated

കണ്ണൂർ | ഓണറേറിയവും ഇൻസെന്റീവും ലഭിക്കാതെ കൊവിഡ് മുന്നണി പോരാളികളായ ആശാ വർക്കർമാർ. മൂന്ന് മാസത്തെ ഓണറേറിയവും ഇൻസെന്റീവും കുടിശ്ശികയായിരിക്കുകയാണ്.
സർക്കാറിന്റെ ആരോഗ്യ സംവിധാനത്തിലെ ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ എന്നിവരും പൊതുജനങ്ങളും തമ്മിലുള്ള കണ്ണിയാവുക എന്നതാണ് ആശാവർക്കർ എന്ന പദവിയുടെ സ്ഥാപിത ലക്ഷ്യം. അതിനായി നിയമിക്കപ്പെടുന്ന സ്ത്രീകൾക്ക് മുഖ്യമായും എട്ട് ചുമതലകളാണുള്ളത്. അവ എല്ലാ മാസവും കൃത്യമായി നിറവേറ്റിയിട്ടും സർക്കാർ വാഗ്ദാനം ചെയ്തിട്ടുള്ള പ്രതിമാസ ഓണറേറിയമായ 4,500 രൂപ ഇവർക്ക് ലഭിച്ചിട്ടില്ല. ഇൻസെന്റീവും കൂടിയാമ്പോൾ 6,500 രൂപ വരെയാണ് ലഭിക്കുന്നത്.

മിനിമം വേതനം നൽകണമെന്ന് ഇവരുടെ വർഷങ്ങളായുള്ള ആവശ്യം സർക്കാർ ഇതു വരെ പരിഗണിച്ചിട്ടുമില്ല. 2008 മുതൽ രംഗത്തുള്ള ആശാ വർക്കർമാർ 2020 ആദ്യം മുതൽ കൊവിഡ് പോരാളികളായി പ്രവർത്തിക്കുന്നുണ്ട്. കൊവിഡ് രോഗികളെ വീട്ടിൽ പോയികാണുന്നതും മരുന്നുകളെത്തിച്ചിരുന്നതുമെല്ലാം ഇവരാണ്. രോഗ ലക്ഷണങ്ങൾക്ക് അനുസരിച്ച് മരുന്ന് എത്തിക്കേണ്ടതിനാൽ ഒരേ വീട്ടിൽ തന്നെ പലതവണ പോകേണ്ടി വരാറുമുണ്ട്. റിസ്‌ക് അലവൻസ് ആയി 1,000 രൂപ മാത്രമാണ് ഇവർക്ക് ലഭിച്ചിരുന്നത്. മഴ കനത്തതോടെ സാംക്രമിക രോഗങ്ങൾ വർധിക്കുന്നതും ശുചീകരണ പ്രവർത്തനങ്ങളിൽ ജനങ്ങളെ ബോധവാന്മാരാക്കാനുള്ള ചുമതലയും കൂടി ആയപ്പോൾ ജോലിഭാരം ഇരട്ടിയായി. കുടിശ്ശിക തീർത്തു നൽകണമെന്നാവശ്യപ്പെട്ട് കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസ്സോസിയേഷൻ ആരോഗ്യ മന്ത്രിക്ക് നിവേദനം നൽകി.

ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് അസ്സോസിയേഷന്റെ നീക്കം. കേരളത്തിൽ 26,700 ആശാ വർക്കർമാരാണ് കൊവിഡ് മുന്നണി പോരാളികളായുള്ളത്. സന്പർക്ക വിലക്കിൽ കഴിയുന്നവരുടെ വിവരശേഖരണം, ഗർഭിണികളുടെ കുത്തിവെപ്പ്, കിടപ്പുരോഗികൾക്കുള്ള പാലിയേറ്റീവ് പ്രവർത്തനം, കൊതുകു നിർമാർജന പ്രവർത്തനം തുടങ്ങിയവയെല്ലാം ഇവരുടെ ചുമതലയിൽ ഉൾപ്പെടുന്നതാണ്. സ്ഥിരം ജീവനക്കാരായി അംഗീകരിച്ച് മാസ ശമ്പളം 21,000 ആക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

ഇ എസ്‌ ഐ, ഇൻഷ്വറൻസ് പരിരക്ഷ അനുവദിക്കുക, കൃത്യമായി ഓണറേറിയം ലഭ്യമാക്കുക, കൊവിഡ് ബാധിച്ച ആശാപ്രവർത്തകർക്കും മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളും ഇവർ
ഉന്നയിക്കുന്നുണ്ട്.