Kerala
കോടതിയുമായി നിസ്സഹകരണം പ്രഖ്യാപിച്ച് അരവിന്ദ് കേജ്രിവാള്‍
ഡല്‍ഹി എക്‌സൈസ് നയ കേസിന്റെ വാദം കേള്‍ക്കുന്നതിനായി നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ കോടതിയില്‍ ഹാജരാകാന്‍ വിസമ്മതം അറിയിച്ചുകൊണ്ട് ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ്മയ്ക്ക് കത്തെഴുതി
ന്യൂഡല്‍ഹി | കോടതിയുമായി നിസ്സഹകരണം പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. ഹൈക്കോടതി ജഡ്ജിയില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും അതിനാല്‍ മഹാത്മാഗാന്ധിയുടെ സത്യാഗ്രഹ പാത പിന്തുടരാന്‍ തീരുമാനിച്ചതായും ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ്മയ്ക്ക് അയച്ച കത്തില്‍ കെജ്രിവാള്‍ വ്യക്തമാക്കി.
ഡല്‍ഹി എക്‌സൈസ് നയ കേസിന്റെ വാദം കേള്‍ക്കുന്നതിനായി നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ കോടതിയില്‍ ഹാജരാകാന്‍ വിസമ്മതം അറിയിച്ചുകൊണ്ടാണ് കത്തെഴുതിയത്. ഹൈക്കോടതി ജഡ്ജിയില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും മഹാത്മാഗാന്ധിയുടെ സത്യാഗ്രഹ പാത പിന്തുടരാന്‍ തീരുമാനിച്ചതായും കത്തില്‍ കെജ്രിവാള്‍ വിശദമാക്കി. തന്റെ ഉള്‍വിളിയെ തുടര്‍ന്നാണ് തീരുമാനമെടുത്തതെന്നും സുപ്രീം കോടതിയില്‍ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനുള്ള അവകാശം വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്നെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു. തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ അന്യായമായി താഴെയിറക്കി എന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. ഞങ്ങളെ മാസങ്ങളോളം ജയിലിലടച്ചു. പക്ഷേ ഒടുവില്‍ സത്യം വിജയിച്ചു. ഫെബ്രുവരി 27 ന് കോടതി എന്നെ പൂര്‍ണമായി നിരപരാധിയായി പ്രഖ്യാപിച്ചു. കെജ്രിവാള്‍ നിരപരാധിയാണെന്നും ഒരു അഴിമതിയും ചെയ്തിട്ടില്ലെന്നും കോടതി പറഞ്ഞു. സി ബി ഐ അന്വേഷണത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുകയും അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ ഉത്തരവിടുകയും ചെയ്തു. സത്യത്തിന്റെ പാത ഒരിക്കലും എളുപ്പമല്ല. സി ബി ഐ ഉടന്‍ തന്നെ ഈ വിധിയെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു.
ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ്മയുടെ മുമ്പാകെയാണ് കേസ് എത്തിയത്. അവരുടെ ആര്‍ എസ് എസ് ബന്ധത്തില്‍ സംശയമുണ്ട്. അവരില്‍ നിന്ന് നീതി ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. എനിക്കെതിരെയുള്ള കേസ് സി ബി ഐയുമായി ബന്ധപ്പെട്ടതാണ്. ജസ്റ്റിസ് സ്വര്‍ണ് കാന്ത ശര്‍മ്മയുടെ രണ്ട് മക്കളും സര്‍ക്കാരിന്റെ അഭിഭാഷക പാനലിലുണ്ട്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ സ്വാധീനത്താല്‍ കേസ് അവര്‍ക്ക് അനുവദിച്ചത്. ജുഡീഷ്യറിയെ വെല്ലുവിളിക്കുകയോ അനാദരിക്കുകയോ അല്ല തന്റെ ഉദ്ദേശ്യം. നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുക എന്നതാണ് തന്റെ ഉദ്ദേശ്യമെന്നും കേജ്രിവാള്‍ വിശദമാക്കി.


