Connect with us

Kerala

അര്‍ജുനായുള്ള രക്ഷാദൗത്യം നാളെ പൂര്‍ണമാകും; ആക്ഷന്‍ പ്ലാനൊരുക്കി നാവിക സേനയും കര സേനയും

അര്‍ജുന്റെ ലോറി ഗംഗാവലി നദിയില്‍ കണ്ടെത്തിയെങ്കിലും കനത്ത മഴയെ തുടര്‍ന്ന് ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു.

Published

|

Last Updated

ബെംഗളൂരു |  ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി നദിയില്‍ കണ്ടെത്തിയെങ്കിലും കനത്ത മഴയെ തുടര്‍ന്ന് ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. പേമാരിയെ വകവെക്കാതെ നാവിക സേന സംഘം നദിയിലേക്ക് പോയെങ്കിലും തിരച്ചില്‍ നടത്താന്‍ കഴിയാതെ മടങ്ങുകയായിരുന്നു. മൂന്നു ബോട്ടുകളിലായി 18 പേരാണ് ആദ്യം ലോറിക്കരികിലേക്ക് പോയത്. കരയില്‍ നിന്നും 20മീറ്റര്‍ അകലെയാണ് ട്രക്ക് കണ്ടെത്തിയത്.

അതേ സമയം ദൗത്യം നാളെ പൂര്‍ത്തിയാകുമെന്ന് എംഎല്‍എ സതീഷ് കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. അതുവരെ മാധ്യമങ്ങള്‍ തടസ്സപ്പെടുത്തരുതെന്നും ഒരോ മണിക്കൂറിലും വിവരം മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ടെത്തിയത് അര്‍ജുന്റെ ലോറി തന്നെയാണ്. അര്‍ജുനെ നാളെ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കനത്ത മഴയില്‍ ഗംഗാവലിയില്‍ ജലനിരപ്പ് കുത്തനെ ഉയര്‍ന്നു.

ലോറി പുറത്തെത്തിക്കുന്നതിനായി കൃത്യമായ ആക്ഷന്‍ പ്ലാനാണ് നാവികസേനയും കരസേനയും തയ്യാറാക്കിയിരിക്കുന്നത്. അര്‍ജുന്‍ ക്യാബനില്‍ ഉണ്ടെന്നാണ് കരുതുന്നത്. അതിനായി മുങ്ങല്‍ വിദഗ്ധര്‍ പരിശോധന നടത്തും. അതിനുശേഷമായിരിക്കും ട്രക്ക് പുറത്തെടുക്കുക. ഡ്രോണ്‍ ഉള്‍പ്പടെയുള്ള കൂടുതല്‍ ഉപകരണങ്ങള്‍ നാളെ എത്തും.എത്രത്തോളം മണ്ണ് നദിയില്‍ ട്രക്കിനു മുകളിലുണ്ടെന്നതില്‍ വ്യക്തതയില്ല.ശാസ്ത്രീയമായ തിരച്ചിനൊടുവിലാണ് ലോറിയുടെ സാന്നിധ്യം കണ്ടെത്തിയത്. 16ന് രാവിലെയാണ് ഷിരൂരില്‍ കുന്നിടിഞ്ഞ് റോഡിലേക്കും ഗംഗാവലിപ്പുഴയിലേക്കുമായി വീണത്.

 

---- facebook comment plugin here -----

Latest