Connect with us

mission arikkomban

അരിക്കൊമ്പനെ പെരിയാർ കടുവാ സങ്കേതത്തിലെത്തിച്ചു

ഇവിടെ വെച്ച് പൂജ ചെയ്താണ് അരിക്കൊമ്പനെ വനത്തിലേക്ക് പ്രവേശിപ്പിച്ചത്.

Published

|

Last Updated

കുമളി|  ചിന്നക്കനാലില്‍ ദൗത്യ സംഘം തളച്ച അരിക്കൊമ്പനെ പെരിയാർ കടുവാ സങ്കേതത്തിലെത്തിച്ചു. രാത്രി പത്തോടെയാണ് കുമളിയിലെ കടുവാ സങ്കേതത്തിലെ ആദ്യ ഗേറ്റിലെത്തിച്ചത്. ഇവിടെ വെച്ച് പൂജ ചെയ്താണ് അരിക്കൊമ്പനെ വനത്തിലേക്ക് പ്രവേശിപ്പിച്ചത്. വനംവകുപ്പിൻ്റെ നിർദേശപ്രകാരമാണ് പൂജ ചെയ്തതെന്ന് പൂജാരി പറഞ്ഞു.

ഇനിയുള്ള കാലം അരിക്കൊമ്പന് സ്വസ്ഥമായി ജീവിക്കണമെന്നും എല്ലാ സൗഭാഗ്യവും കിട്ടണമെന്നുള്ള ലക്ഷ്യത്തോടെയാണ് പൂജ ചെയ്തതെന്നും പൂജാരി പറഞ്ഞു.  പെരിയാര്‍ കടുവാ സങ്കേതത്തിലെ മംഗളാദേവി ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലൂടെയാണ് അരിക്കൊമ്പനെ വഹിച്ചുള്ള വനം വകുപ്പിൻ്റെ ലോറി നീങ്ങിയത്. ഇവിടെ നിന്ന് ഒരു കി മീ കഴിഞ്ഞാല്‍ ആദ്യ ചെക്ക് പോസ്റ്റുണ്ട്. 20 കി മീറ്ററോളം ദൂരം പിന്നിട്ട് തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് സീനിയറോട വനമേഖലയിലാണ് അരിക്കൊമ്പനെ തുറന്നുവിടുക. ഇതിനായി ഉള്‍ക്കാട്ടിലേക്ക് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വഴി വെട്ടിയിരുന്നു.

ഇതിന്റെ ഭാഗമായി കുമളിയില്‍ ഇടുക്കി സബ് കലക്ടര്‍ നാളെ രാവിലെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത് വൈദ്യുതിബന്ധവും വിച്ഛേദിച്ചിരുന്നു. ചിന്നക്കനാലിൽ വെച്ച് മയക്കുവെടിവെച്ച് ആനിമല്‍ ആംബുലന്‍സില്‍ കയറ്റിയ ശേഷം അരിക്കൊമ്പന് റേഡിയോ കോളര്‍ ധരിപ്പിച്ചു. ആനയുടെ പുറത്തുകയറിയാണ് വനപാലകര്‍ റേഡിയോ കോളര്‍ പിടിപ്പിച്ചത്. ഇന്ന് 3.30തോടെയാണ് കുങ്കിനായനകളെ ഉപയോഗിച്ച് അരിക്കൊമ്പനെ വനംവകുപ്പിന്റെ വാഹനത്തില്‍ കയറ്റിയത്.