Connect with us

ARGENTINA

ലോകകപ്പ് സന്നാഹം കെങ്കേമമാക്കി അര്‍ജന്റീന

ഏഞ്ചല്‍ ഡി മരിയ ഇരട്ട ഗോള്‍ നേടി.

Published

|

Last Updated

ദുബൈ | ഖത്വര്‍ ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ യു എ ഇയെ ഏകപക്ഷീയമായ അഞ്ച് ഗോളിന് തകര്‍ത്ത് അര്‍ജന്റീന. യു എ ഇയിലായിരുന്നു മത്സരം. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഒരു ഗോള്‍ നേടിയും അവസരമൊരുക്കിയും തിളങ്ങി. ഏഞ്ചല്‍ ഡി മരിയ ഇരട്ട ഗോള്‍ നേടി.

കളി തുടങ്ങി കാല്‍ മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും അര്‍ജന്റീന ആദ്യ ഗോള്‍ നേടി. 17ാം മിനുട്ടില്‍ മെസ്സിയുടെ അസിസ്റ്റില്‍ ജൂലിയന്‍ അല്‍വാരെസ് ആണ് ഉഗ്രന്‍ ഷോട്ടിലൂടെ യു എ ഇയുടെ വല ചലിപ്പിച്ചത്. 25ാം മിനുട്ടില്‍ മാര്‍കോസ് അകുനായുടെ അസിസ്റ്റില്‍ സൂപ്പര്‍ താരം ഏഞ്ചല്‍ ഡി മരിയ ഇടങ്കാലന്‍ ഷോട്ടിലൂടെ രണ്ടാം ഗോളും നേടി.

36ാം മിനുട്ടില്‍ അലെക്‌സിസ് മാക് അലിസ്റ്ററുടെ അസിസ്റ്റില്‍ ഡി മരിയ തന്നെ മൂന്നാം ഗോള്‍ നേടി. ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 44ാം മിനുട്ടില്‍ ഡി മരിയയുടെ അസിസ്റ്റില്‍ മെസ്സി ഉഗ്രനൊരു ഷോട്ടില്‍ നാലാം ഗോള്‍ നേടി. അറുപതാം മിനുട്ടിലായിരുന്നു അര്‍ജന്റീനയുടെ അഞ്ചാം ഗോള്‍. റോഡ്രിഗോ ഡി പോളിന്റെ അസിസ്റ്റില്‍ ജോക്വിന്‍ കൊരിയയാണ് അവസാന ഗോള്‍ നേടിയത്.