Connect with us

Kerala

ബി ജെ പി കൗണ്‍സിലര്‍ സുഗതനെതിരെ ഒരു കേസ് കൂടി; പോലീസ് മര്‍ദിച്ചുവെന്ന് ഭാര്യ

പോലീസ് തന്നെ മര്‍ദിച്ചുവെന്നും ഇതിനിടയില്‍ തന്റെ താലിമാല പൊട്ടിച്ചെടുത്തുവെന്നും സുഗതന്റെ ഭാര്യ അശ്വതി. പോലീസ് സംഘത്തില്‍ ഒരു വനിതാ പോലീസുകാരി പോലും ഉണ്ടായിരുന്നില്ല.

Published

|

Last Updated

തിരുവനന്തപുരം | കാപ്പാ കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം വാഴോട്ടുകോണം വാര്‍ഡ് ബി ജെ പി കൗണ്‍സിലര്‍ സുഗതനെതിരെ ഒരു കേസ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തു. പോലീസുകാരെ ആക്രമിച്ചതിനാണ് പുതിയ കേസ്.

വധശ്രമക്കേസില്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരിക്കെ ഒളിവില്‍ പോയ സുഗതനെ അറസ്റ്റിനായി പോലീസ് സുഗതന്റെ വീട്ടില്‍ എത്തിയപ്പോള്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പോലീസിനെ സുഗതനുമായി ബന്ധപ്പെട്ടവര്‍ വളഞ്ഞതിനെ തുടര്‍ന്ന് എസ് എച്ച് ഒ ആകാശത്തേക്ക് വെടിയുതിര്‍ത്തു. സുഗതന്റെ അനുയായികളുടെ ആക്രമണത്തില്‍ വട്ടിയൂര്‍ക്കാവ് സി ഐ. വിപിന്‍, എസ് ഐ. അഭിജിത്ത് എന്നിവര്‍ക്ക് പരുക്കേറ്റു. സുഗതനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അടച്ചിട്ടുണ്ട്. സുഗതന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അതിനിടെ, പോലീസ് വീട്ടില്‍ കയറി അതിക്രമം നടത്തി എന്ന് ആരോപിച്ച് സുഗതന്റെ ഭാര്യ അശ്വതി രംഗത്തെത്തി. പോലീസ് തന്നെ മര്‍ദിച്ചുവെന്നും ഇതിനിടയില്‍ തന്റെ താലിമാല പൊട്ടിച്ചെടുത്തുവെന്നും അശ്വതി ആരോപിച്ചു. രാത്രി ഒമ്പതോടെ എത്തിയ പോലീസ് സംഘത്തില്‍ ഒരു വനിതാ പോലീസുകാരി പോലും ഉണ്ടായിരുന്നില്ല.

സുഗതന്‍ ഒളിവിലല്ലായിരുന്നുവെന്നും ചിക്കന്‍പോക്സ് ചികിത്സയിലായിരുന്നുവെന്നും അശ്വതി മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് തന്റെ മുഖത്തടിക്കുകയും നടുവിന് ചവിട്ടുകയും ചെയ്തു. താലിമാല പൊട്ടിച്ചെടുത്തു. കുട്ടികളെ ഭയപ്പെടുത്തുന്ന രീതിയില്‍ വെടിയുതിര്‍ത്തുവെന്നും എട്ട് വയസുള്ള കുഞ്ഞ് കരഞ്ഞപ്പോള്‍ പിടിച്ചുതള്ളിയെന്നും അശ്വതി പരാതിപ്പെട്ടു.

Latest