ഫീച്ചർ
മട്ടുപ്പാവിൽ പൂത്ത പച്ചപ്പിൻ പെരുമ
പത്ത് ഗ്രോബാഗുകളിൽ തുടങ്ങിയ പച്ചക്കറികൃഷി ഇന്ന് ആയിരത്തിലധികം ബാഗുകളിലായി വീടിനു മുകളിൽ വിളയിച്ചു കേരള സംസ്ഥാന കാർഷിക ക്ഷേമവകുപ്പിന്റെ മികച്ച മട്ടുപ്പാവ് കൃഷിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ബി എസ്‌സി, ബി എഡ് ബിരുദധാരിയായ അനിതാകാസിമിന്റെ കഥ പ്രചോദനാത്മകമാണ്. സ്വപ്രയത്നത്താൽ ആർജിച്ചെടുത്ത വിജയത്തിന്റെ മികച്ച അധ്യായമാണ് അവർ രചിക്കുന്നത്.
നിശ്ചയദാർഢ്യത്താൽ കേവലം പത്ത് ഗ്രോബാഗുകളിൽ തുടങ്ങിയ പച്ചക്കറികൃഷി ഇന്ന് ആയിരത്തിലധികം ബാഗുകളിലായി വീടിനു മുകളിൽ വിളയിച്ചു കേരള സംസ്ഥാന കാർഷിക ക്ഷേമവകുപ്പിന്റെ മികച്ച മട്ടുപ്പാവുകൃഷിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ബി എസ്‌സി, ബി എഡ് ബിരുദധാരിയായ വീട്ടമ്മ ചങ്ങനാശ്ശേരി ഫാത്തിമാപുരം അനിതാമൻസിലിൽ കോവൂർമലയിൽ അനിതാകാസിമിന്റെ കഥ വ്യത്യസ്തമാണ്. പത്ത് വർഷം മുമ്പാണ്, വീടിനു ചുറ്റും ചെടികൾ നട്ടുവളർത്തി ഭംഗിയാക്കി തികഞ്ഞ വീട്ടമ്മയായി കഴിയവെ ഒരിക്കൽ ചന്തയിൽ നിന്നും വാങ്ങിയ പച്ചക്കറിയിൽ എന്തോ ഒരു അതൃപ്തിതോന്നി. പഴയതാണോ അതോ, മായം ചേർത്തതാണോ എന്ന ഒരു സംശയം.
എന്തായാലും അതു കറിവെക്കാനെടുക്കാതെ ഉള്ള കറികൾ കൊണ്ടു ഭക്ഷണം കഴിച്ചെങ്കിലും അന്നു ഒരു തീരുമാനമെടുത്തു. സ്വന്തമായി പച്ചക്കറി കൃഷി ചെയ്യുക. എന്തു വില കൊടുത്തും അതു വിജയത്തിലെത്തിക്കണം. പിന്നെ എവിടെ കൃഷി ചെയ്യും എന്ന ചിന്തയായി. ചെറിയ വിസ്തൃതി മാത്രമുള്ള സ്ഥലത്തു വീട് നിൽക്കുന്നു. കൃഷിചെയ്യാനാവശ്യമായ സ്ഥലം വേറെയില്ല, അപ്പോഴാണ് 1200 സ്‌ക്വ. മീറ്റർ വിസ്തീർണമുള്ള വീടിന്റെ ടെറസിനു മുകളിൽ കൃഷിചെയ്യാമെന്ന ആശയം മനസ്സിലുണർന്നത്. അതിനായി ഇലക്ട്രോണിക്‌സ് എൻജിനീയറായ ഭർത്താവ് ഡോ. കെ ടി ഷാനവാസ് ഒപ്പം ചേർന്നു വേണ്ട സഹായങ്ങളും ചെയ്തു. അന്ന് പത്ത് ഗ്രോ ബാഗ് കടയിൽനിന്നും വാങ്ങി ഏതാനും പച്ചക്കറി തൈകളും നട്ടുവളർത്തി. അതിൽ നിന്നും വിളവ് ലഭിച്ചതോടെ ഏറെ ആവേശവും ആത്മധൈര്യവുമായി. തുടർന്നായിരുന്നു ഇന്നത്തെ നിലയിൽ ആയിരത്തിലധികം ബാഗുകളിലായി പച്ചക്കറി കൃഷി വിജയത്തിലെത്തിക്കാനായതും ഒടുവിൽ അത് അവാർഡിൽ എത്തിച്ചതും. അനിതാ കാസിം ഇതു പറയുമ്പോൾ മുഖത്ത് ആത്മനിർവൃതി.
പിന്നീടങ്ങോട്ട് ജൈത്രയാത്രയായിരുന്നു. നാട്ടിലും പുറത്തുമുള്ള ഒട്ടനേകം വ്യത്യസ്തമായ പച്ചക്കറികൾ ആ രണ്ടാംനിലയുടെ മുകളിൽ പടർന്നു പന്തലിച്ചു. ചേനയും ചേമ്പും കപ്പയും കൂർക്കയും തുടങ്ങി പതിനഞ്ച് ഇനം കിഴങ്ങുവർഗങ്ങളും വിവിധയിനം തക്കാളികളും മാത്രമല്ല, വ്യത്യസ്തയിനങ്ങളിലായി ഒട്ടനവധി പാവലും പടവലവും വഴുതനയും വെണ്ടയും അമ്പതോളം പയറുവർഗങ്ങളും ക്യാരറ്റും അവിടെ വിളയുന്നു. പ്രിയങ്ക, പ്രീതി തുടങ്ങിയ പ്രധാനയിനങ്ങളും അപൂർവയിനങ്ങളും അക്കൂട്ടത്തിലുണ്ട്. വിദേശരാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന കെയിൽ, ലെറ്റിയൂസ്, ബ്രോക്കോയ് എന്നിവയും മട്ടുപ്പാവിലുണ്ട്. സീതപ്പഴം, റംബുട്ടാൻ, വിവിധയിനം ചാമ്പക്ക, എട്ട് ഇനം മാവുകൾ , കാബേജ്, മധുരക്കിഴങ്ങ് എന്നിവയും അവിടെ നട്ടു വളർത്തുന്നു. മല്ലി, പൊതീന, ഇഞ്ചി, വിയറ്റ്നാം ഏർലി തുടങ്ങിയവയും അവിടെ കാണാം. പ്ലാസ്റ്റിക് ഡ്രമ്മിൽ ക്രൂണിംഗ് ചെയ്താണ് ഫലവൃക്ഷ തൈകൾ നടുന്നത്.
ഇതിനെല്ലാം ചാണകപ്പൊടി, കോഴിക്കാഷ്ഠം എന്നിവ ചേർത്തുള്ള ജൈവവളമാണ് ഉപയോഗിക്കുക. രാസവളം ഉപയോഗിക്കാറില്ല. കൂടാതെ വീടിനുമുകളിൽ അന്പതിനത്തിലധികമുള്ള മത്സ്യങ്ങളേയും വളർത്തുന്നുണ്ട്. നിരവധി ചെറുതേൻ- വൻതേൻ തേനീച്ചക്കൂടുകളും അവിടെയുണ്ട്. വീട്ടിലേക്കാവശ്യമായ തേൻ ലഭിക്കുന്നു എന്നു മാത്രമല്ല, അധികമുള്ളതു വിൽക്കാനും കഴിയുന്നു. അതിൽനിന്നും വ്യത്യസ്തങ്ങളായ ഉത്പന്നങ്ങളും നിർമിച്ച് വിപണിയിൽ എത്തിക്കുന്നുമുണ്ട്. ഇരുപതിലധികം ചീരകളും ഒട്ടനവധി നാരകങ്ങളും ഈ തോട്ടത്തിലെ പ്രത്യേകതയാണ്. വീടിന്റെ സിറ്റൗട്ട് നിറയെ മുന്നൂറിലധികം കൂണുകളും ഉണ്ട്.
പിന്നെയുമുണ്ട് വിശേഷം. വ്യത്യസ്തയിനം പഴങ്ങളും അവിടെ നിറഞ്ഞുനിൽക്കുന്നത് കാണാം. നാട്ടിൻപുറങ്ങളിൽ സാധാരണ കാണുന്ന ഡ്രാഗൺഫ്രൂട്ടിനെക്കൂടാതെ തുർക്കിഷ് അത്തിപ്പഴവും ബെർആപ്പിൾ, അബിയു, മുന്തിരി, സപ്പോട്ട , ഫാഷൻഫ്രൂട്ട് തുടങ്ങിയവ വിവിധ നിറത്തിലുള്ളതും അവിടെയുണ്ട്. വിദേശ നാടുകളിൽ മാത്രം കണ്ടു വന്നിരുന്ന കുക്കമ്പർ മാത്രമല്ലാ, സാനിയ,സ്‌നോവൈറ്റ്, ബ്രൗൺ, സാദാ ഇനങ്ങളും ടെറസിനു മുകളിൽ ഒരുക്കിയിട്ടുണ്ട്. മൂന്ന് നിറങ്ങളിലുള്ള മഞ്ഞൾ ഈ മട്ടുപ്പാവ് തോട്ടത്തിലെ പ്രത്യേകതയാണ്. അതിന്റെ പൊടിക്ക് ധാരാളം ആവശ്യക്കാരും എത്താറുണ്ട്. പ്രതിഭ, നാടൻ, എന്നിവ കൂടാതെ കസ്തൂരി മഞ്ഞളും അക്കൂട്ടത്തിൽപ്പെടും. വിൽപ്പനക്കായി സ്വന്തമായി നിർമിക്കുന്ന സോപ്പിനു ഈ കസ്തൂരി മഞ്ഞളാണ് ഉപയോഗിക്കുന്നത്. വ്യത്യസ്തയിനം തക്കാളികൃഷി ഇവിടുത്തെ ആകർഷണീയതാണ്. അതിനാവശ്യമായ വളം വീട്ടിൽ തന്നെയാണ് ഉത്പാദിപ്പിക്കുന്നത്.
പഴത്തൊലി, ശർക്കര, തേങ്ങാവെള്ളം എന്നിവയുടെ മിശ്രിതമാണ് അതിന്റെ പ്രധാന വളം. അതുകൊണ്ട് നല്ല നിലയിൽ കായഫലം തരുന്നുണ്ട്. ഇതു കൂടുതൽ പെൺപൂക്കൾ ഉണ്ടാകാനും സഹായിക്കുന്നതായി അവർ പറയുന്നു. ചെറുപ്രാണികളുടെ ശല്യം പച്ചക്കറികൾക്കെല്ലാം ഉണ്ടാകാറുണ്ടെങ്കിലും പൂക്കൾ വരുന്ന ആദ്യഘട്ടത്തിൽ തന്നെ പേപ്പർ കവറുകൾ കൊണ്ടു മറയ്ക്കുന്നതുകാരണം പ്രാണികളുടെ ശല്യത്തിൽ നിന്നും രക്ഷ നേടാനാകുന്നുണ്ട്. എന്നാൽ പ്രാണികളെ പ്രതിരോധിക്കാനായി വിഷം തളിക്കാറുമില്ല. മീൻ ഇനങ്ങളിൽ തിലാപ്പി മീൻ നല്ല നിലയിൽ വിളയിക്കാനാകുന്നു.
അതിന്റെ വിസർജ്യം ചെടികൾക്കു വളമായും ഉപയോഗിക്കുകയാണ് പതിവ്. ഇവക്കെല്ലാം പുറമെ ആയുർവേദ ഓൗഷധ പച്ചമരുന്നുകളുടെ വലിയ ശേഖരം തന്നെ ഇവർ മട്ടുപ്പാവിൽ നട്ട് വളർത്തിയിട്ടുണ്ട്. കറ്റാർവാഴയും ശംഖുപുഷ്പം ബ്രഹ്മിയും, പനിക്കൂർക്ക, കയ്യോന്നി തുടങ്ങിവയും അതിൽപ്പെടും. നിരവധിയിനം കുരുമുളകും മട്ടുപ്പാവുകൃഷിയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. അടുക്കള മാലിന്യങ്ങൾ പച്ചക്കറിക്ക് വളമായി ഉപയോഗിക്കുമ്പോൾ പച്ചക്കറി മാലിന്യങ്ങൾ കോഴികൾക്ക് തീറ്റയായും ഉപയോഗിക്കാറുണ്ട്. ബി വി-380 ഇനത്തിൽപ്പെട്ട നിരവധി മുട്ടക്കോഴികളെ പ്രത്യേകം സജ്ജമാക്കിയ ഹൈടെക് കൂട്ടിലാണ് വളർത്തുന്നത്.
മട്ടുപ്പാവിൽ കൃഷി ആരംഭിച്ചതോടെ വീടിന് ള്ളിൽ എപ്പോഴും നല്ല തണുപ്പ് അനുഭവപ്പെടാറുണ്ടത്രെ. പ്ലാസ്റ്റിക് ഷീറ്റുകൾ പാകി അതിനുമുകളിൽ ഗ്രോബാഗുകൾ െവച്ചിരിക്കുന്നതുകാരണം വെള്ളം വാർന്നൊഴുകി മട്ടുപ്പാവിനു കേടുപാടുകളും സംഭവിക്കാതെ സുരക്ഷിതമാക്കാനും കഴിഞ്ഞിട്ടുണ്ട്. കൂടാതെ ഗ്രോബാഗുകൾ വെക്കാനായി പ്രത്യേകം സ്റ്റാൻഡുകളും സ്ഥാപിച്ചിട്ടുണ്ട്. ചെടികൾക്കാവശ്യമായ ജലസേചനത്തിനായി പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. മട്ടുപ്പാവ് കൃഷി എങ്ങനെ ലാഭകരമാക്കാം എന്നതിനെക്കുറിച്ചു പഠിക്കാൻ അനിതാകാസിം ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ട്. കൃഷിവിദഗ്ധർ സംഘടിപ്പിച്ചിട്ടുള്ള നിരവധി സെമിനാറുകളിലും പങ്കെടുത്തു.
കൃഷികളെക്കുറിച്ചു കൂടുതൽ പഠിക്കാൻ വാട്‌സാപ്പ്- ഫെയ്‌സ്ബുക്ക് കൂട്ടായ്മകളും ഏറെ സഹായകമായി. പുതിയ കൃഷിരീതികളെക്കുറിച്ചുള്ള പഠനാർഹമായ പല സോഷ്യൽ മീഡിയകളും നിരന്തരം ശ്രദ്ധിക്കാറുണ്ട്. അതിൽ നിന്നെല്ലാം കൃഷി സംബന്ധിച്ചു കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളതായി അനിത പറയുന്നു. കാർഷിക ഗവേഷണകേന്ദ്രം ഉൾപ്പെടെയുള്ളവർ നടത്തിയിട്ടുള്ള ഒട്ടനവധി ക്ലാസ്സുകളിൽ പങ്കടുക്കാനായത് ആധുനിക കൃഷിരീതികളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാനും പങ്കുവക്കാനും കഴിഞ്ഞിട്ടുണ്ട്. അതിലേറെയും സംയോജിത കൃഷിരീതികളെക്കുറിച്ചുള്ള ക്ലാസ്സുകളായിരുന്നു.
നിരവധി വിദ്യാർഥികളും ഗവേഷകരും നിരന്തരം സന്ദർശിച്ചു കാര്യങ്ങൾ കണ്ടും കേട്ടും മനസ്സിലാക്കാനെത്താറുണ്ടെന്ന് അവർ പറഞ്ഞു, ഏറെ താത്പര്യത്തോടെയാണ് അവർ ഇതെല്ലാം വിശദികരിച്ചുകൊടുക്കുന്നത്. ഈ മേഖലയിലേക്ക് കൂടുതൽ ആളുകൾ എത്തുകയും നാട്ടിൽ വിഷമില്ലാത്ത ഉത്പന്നങ്ങൾ ലഭ്യമാകുകയും ചെയ്യുന്നത് സമൂഹത്തിന്റെ ആരോഗ്യരംഗം മികച്ചതാക്കും. ആ ഉദ്ദേശ്യവുമായി എത്തുന്നവർക്ക് കൃഷിവിവരങ്ങൾ അവർ സന്തോഷപൂർവം കൈമാറി തന്റെ ജൈത്രയാത്ര തുടരുന്നു.
Content Highlights:
Anitha Kasim from Changanassery transformed her rooftop into a thriving organic haven with over 1,000 grow bags, earning Kerala’s best rooftop farmer award. Her integrated setup features diverse vegetables, fruits, medicinal plants, fish farming, and apiculture without chemical fertilizers. She actively inspires students and visitors by sharing sustainable, healthy, and profitable farming methods.

