Business
ഇന്ത്യയില്‍ നിന്ന് ഇ-കൊമേഴ്‌സ് കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ ആമസോണും എഫ്‌ഐഇഒയും ധാരണയായി
2030ഓടെ ഇന്ത്യയില്‍ നിന്നും 80 ബില്യണ്‍ ഡോളറിന്റെ ഇ-കൊമേഴ്‌സ് കയറ്റുമതി ലക്ഷ്യം

കൊച്ചി | ഇന്ത്യയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ (എംഎസ്എംഇ) നിന്നുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനായി ആമസോണ്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷനുമായി(എഫ്‌ഐഇഒ) ധാരണാപത്രം ഒപ്പുവച്ചു. ഇന്ത്യയിലുടനീളമുള്ള എംഎസ്എംഇകള്‍ക്ക് വില്‍പ്പനശേഷി കൈവരിക്കുന്നതിനും ഇ-കൊമേഴ്‌സ് കയറ്റുമതി അവസരങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനുമായി ഇ-കൊമേഴ്‌സ് എക്‌സ്‌പോര്‍ട്ട് ടാസ്‌ക് ഫോഴ്‌സും സ്ഥാപിക്കും. രാജ്യത്തുടനീളമുള്ള ചെറുകിട ബിസിനസുകളുടെയും ഉല്‍പ്പാദകരുടേയും ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും.
ധാരണയുടെ ഭാഗമായി ഹോം ലിനന്‍ ആന്‍ഡ് ഡെക്കര്‍, ആരോഗ്യം, വ്യക്തിഗത പരിചരണം, വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയുടെ പ്രധാന കയറ്റുമതിക്കാര്‍ക്കായി ആമസോണും എഫ്‌ഐഇഒയും ചേര്‍ന്ന് വിവിധ സെഷനുകള്‍ നടത്തും. കയറ്റുമതിയില്‍ വില്‍പ്പനക്കാരെ പിന്തുണയ്ക്കുന്നതിനായി പ്രാദേശിക വ്യാപാരികളുടെ ശൃംഖലകള്‍ സൃഷ്ടിക്കും. കരകൗശല വസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, വെല്‍നസ് ഉല്‍പ്പന്നങ്ങള്‍, പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ തുടങ്ങി കയറ്റുമതിക്ക് അനുയോജ്യമായ വിഭാഗങ്ങളില്‍ നിന്നുള്ള മികച്ച വില്‍പ്പനക്കാരെയും നിര്‍മ്മാതാക്കളെയും എഫ്‌ഐഇഒ തെരഞ്ഞെടുക്കും. അന്താരാഷ്ട്ര വിപണികളിലെ പ്രവര്‍ത്തനങ്ങളില്‍ ആമസോണ്‍ ഈ ബിസിനസുകളെ സഹായിക്കും.
ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗിലും എംഎസ്എംഇകളെ ഉള്‍പ്പെടുത്തുമെന്നും അതിലൂടെ അവര്‍ക്ക് ആഗോളതലത്തില്‍ കോടിക്കണക്കിന് ആമസോണ്‍ ഉപഭോക്താക്കളിലേക്ക് എത്താന്‍ കഴിയുമെന്നും ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗ് ഇന്ത്യ മേധാവി ശ്രീനിധി കല്‍വപ്പുടി പറഞ്ഞു. എഫ്‌ഐഇഒയുടെ സ്ഥാപിത ശേഷിയും ആമസോണിന്റെ ആഗോള ശേഷിയും ചേരുമ്പോള്‍ തടസരഹിതമായി കയറ്റുമതി വര്‍ദ്ധിപ്പിക്കാനും എംഎസ്എംഇകള്‍ക്കും സംരംഭകര്‍ക്കും അന്താരാഷ്ട്ര വിപണി ലഭ്യമാക്കുന്നതിനും സാധിക്കും. 2030 ഓടെ ഇന്ത്യയില്‍ നിന്നും 80 ബില്യണ്‍ ഡോളറിന്റെ ഇ-കൊമേഴ്‌സ് കയറ്റുമതി സാധ്യമാക്കുക എന്ന ആമസോണിന്റെ ലക്ഷ്യം ഈ പങ്കാളിത്തം വഴി സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.